സ്പോർട്സ് കൗൺസിൽ വനിത ഫുട്ബാൾ ഹോസ്റ്റൽ ഒഴിപ്പിച്ചതിനെത്തുടർന്ന് കട്ടിൽ ഉൾപ്പെടെ ബോയ്സ് ഹോസ്റ്റലിൽ കൂട്ടിയിട്ടിരിക്കുന്നു
കൊച്ചി: ‘സ്കൂൾ തുറന്നിട്ട് ഇത്രയും ദിവസമായി, ഇതുവരെ വേറൊരു ഹോസ്റ്റൽ കണ്ടെത്താനുള്ള തീരുമാനം ആയിട്ടില്ല. ഞങ്ങളുടെ മക്കളുടെ പഠനവും ഫുട്ബാൾ പരിശീലനവും എല്ലാം താളംതെറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ല. എങ്ങനെയാണ് കാസർകോടും വയനാടും ആലപ്പുഴയിലും ഒക്കെയുള്ള കുട്ടികൾ നിത്യേന എറണാകുളത്തെ സ്കൂളിൽ പോയി പഠിക്കുന്നത്? ചോദിക്കുന്നത് സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനുകീഴിൽ കൊച്ചിയിൽ ആരംഭിച്ച വനിത ഫുട്ബാൾ അക്കാദമിയുടെ ഭാഗമായ ഹോസ്റ്റൽ പൂട്ടിയതിനെത്തുടർന്ന് വീട്ടിലിരിക്കേണ്ടിവന്ന വിദ്യാർഥികളിലൊരാളുടെ പിതാവാണ്.
ആലപ്പുഴ ചെങ്ങന്നൂരിലെ ഫുട്ബാൾ കോച്ച് കൂടിയായ എബി ഐസക് എന്ന ഈ പിതാവ് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയായില്ല. സ്കൂൾ തുറന്ന് ദിവസങ്ങൾ പിന്നിട്ടതോടെ വിദ്യാർഥികളുടെ ഏറെ പ്രധാനപ്പെട്ട പഠനകാലയളവാണ് അധികൃതരുടെ അനാസ്ഥമൂലം നഷ്ടപ്പെടുന്നത്. വിവിധ കായികമത്സരങ്ങളുടെ പരിശീലനം ഇതിനകം തുടങ്ങേണ്ടതാണ്. എന്നാൽ, ഹോസ്റ്റൽ ഇല്ലാത്തതിനെത്തുടർന്ന് വിവിധ ജില്ലകളിൽ സ്വന്തം വീട്ടിലിരിക്കുന്ന തങ്ങൾ എവിടെപ്പോയി പരിശീലിക്കാനാണെന്ന് കായികതാരങ്ങളും ചോദിക്കുന്നു. ‘ക്ലാസിനെത്താൻ ആവശ്യപ്പെട്ടുള്ള അധ്യാപകരുടെ ഫോൺവിളികളും സമ്മർദവും ഒരുവശത്ത്, പരിശീലനം മുടങ്ങിപ്പോയ ആശങ്ക മറുവശത്ത്. ഉടൻതന്നെ ഹോസ്റ്റൽ ശരിയായില്ലെങ്കിൽ ഭാവിതന്നെ ഇല്ലാതാകും’ പത്താം ക്ലാസ് വിദ്യാർഥിനി പറയുന്നു.
സ്പോർട്സ് കൗൺസിലിനെ സമീപിക്കുമ്പോൾ നിരുത്തരവാദ മറുപടിയാണ് ലഭിക്കുന്നതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. 2022ലാണ് എറണാകുളം പനമ്പിള്ളിനഗർ കേന്ദ്രീകരിച്ച് അണ്ടർ14 വനിത ഫുട്ബാൾ അക്കാദമി ആരംഭിച്ചത്. സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലാണ് പരിശീലനം. ദേശീയമത്സരങ്ങളിൽ കേരളത്തിനായി കളത്തിലിറങ്ങുന്നവർവരെ കൂട്ടത്തിലുണ്ട്.
അധ്യയനവർഷം തുടങ്ങി ഏതാനും ആഴ്ചകളിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ട താരങ്ങൾക്ക് കൃത്യസമയത്ത് പരിശീലനം ലഭിക്കാത്തതിനാൽ പ്രകടനങ്ങളെതന്നെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. കടവന്ത്രയിൽ സ്വകാര്യ കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റലിൽ വാടക കൂട്ടിച്ചോദിച്ചെങ്കിലും അധികൃതർ തയാറാവാത്തതിനെത്തുടർന്ന് ഒഴിപ്പിക്കുകയായിരുന്നു. ഇവരുടെ കട്ടിലും മേശയുമുൾപ്പെടെ സാധനസാമഗ്രികൾ ബോയ്സ് ഹോസ്റ്റലിലെ മെസ്സിൽ കൂട്ടിയിട്ടിരിക്കുന്നതു കാരണം, ഇവിടെയും പ്രവർത്തനം പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.