നടുക്കുന്ന ദൃശ്യങ്ങൾ! മത്സരത്തിനിടെ മിന്നലേറ്റു; ഫുട്‌ബാൾ താരത്തിന് ദാരുണാന്ത്യം, 12 പേർക്ക് പരിക്ക്

ബാങ്കോക്ക്: തായ്‌ലൻഡിൽ പ്രാദേശിക ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം. സൊഫ്‌വാൻ അവെയ്‌ എന്ന കളിക്കാരനാണ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. മൈതാനത്തുണ്ടായിരുന്ന മറ്റ് 12 കളിക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഫുട്‌ബാൾ ഗ്രൗണ്ടിലേക്ക് മിന്നലിടിക്കുന്നതിന്റെയും പുക ഉയരുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നരതിവാത് പ്രവിശ്യയിലെ സുംഗൈ ഗൊലോക് ടൗണിലുള്ള ശാന്തിഫാപ് സ്റ്റേഡിയത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അബു നോങ് സിറിനും സാംകോൾട്ടും തമ്മിലുള്ള ഗൊലോക് എഫ്.എ കപ്പ് ടൂർണമെന്റിനിടെ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മൈതാനത്തേക്ക് വലിയ വെളിച്ചത്തോടെ മിന്നൽ പതിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ ഗ്രൗണ്ടിൽ നിന്ന് പുക ഉയരുന്നതും ഒരു ചെറിയ സ്‌ഫോടനം പോലെയുണ്ടാകുന്നതും വൈറലായ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മിന്നലേറ്റയുടൻ തന്നെ സൊഫ്‌വാൻ ഗ്രൗണ്ടിൽ വീഴുകയായിരുന്നു.

തായ്‌ലൻഡ് ലീഗ് 3 ടീമായ എഫ്.സി യാലയുടെ പുതിയ താരമായിരുന്നു സൊഫ്‌വാൻ അവെയ്‌. മിന്നലേറ്റയുടൻ തന്നെ സഹതാരങ്ങളും കാണികളും മെഡിക്കൽ സംഘവും ഓടിയെത്തി പ്രഥമശുശ്രൂഷ നൽകി സൊഫ്‌വാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ 12 പേരിൽ 22-കാരനായ മലേഷ്യൻ ഫുട്‌ബോൾ താരം അലിഫ് എസ്സഹാൻ സുൽകിഫ്ലിയും ഉൾപ്പെടുന്നു.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ഉണ്ടായിട്ടും മത്സരം നിർത്തിവെക്കാതിരുന്ന സംഘാടകരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് ഫുട്‌ബോൾ ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

സംഭവത്തിൽ തായ്‌ലൻഡ് ഫുട്‌ബാൾ അസോസിയേഷനും എഫ്.സി യാല ക്ലബ്ബും അനുശോചനം രേഖപ്പെടുത്തി. "ഈ ദുഃഖം മറികടക്കാൻ കുടുംബത്തിനും ബന്ധുക്കൾക്കും സാധിക്കട്ടെ" എന്ന് അസോസിയേഷൻ വ്യക്തമാക്കി. തായ്‌ലൻഡിൽ ഇടിമിന്നലേറ്റ് മരിക്കുന്നത് സാധാരണമാണ്. ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം 2020-നും 2024-നും ഇടയിൽ 283 പേർക്കാണ് രാജ്യത്ത് ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

Tags:    
News Summary - Football Player Killed by Lightning Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.