ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ; മെഡലുറപ്പിച്ച് പുരുഷ ടീം; വനിതകൾ പുറത്ത്
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യക്ക് സമ്മിശ്രദിനം. വനിത ടീം ക്വാർട്ടർ ഫൈനലിൽ പുറത്തായപ്പോൾ പുരുഷന്മാർ സെമിഫൈനലിൽ കടന്ന് മെഡലുറപ്പിച്ചു. ആതിഥേയരായ ജപ്പാനോടായിരുന്നു ഇന്ത്യയുടെ ജയവും തോൽവിയും. ജപ്പാനെ 3-0ത്തിനാണ് പുരുഷന്മാർ തകർത്തത്. ബുധനാഴ്ചത്തെ സെമിയിൽ ചൈനയാണ് എതിരാളികൾ.
ക്വാർട്ടറിലെ ആദ്യ സിംഗ്ൾസ് മത്സരത്തിൽ ലോക ഏഴാം നമ്പർ താരം കൊദായ് നരോക്കയെ ലക്ഷ്യ സെൻ മൂന്ന് ഗെയിമുകൾ നീണ്ട കടുത്ത പോരാട്ടത്തിൽ പരാജയപ്പെടുത്തി (11-21, 21-5, 21-19) ഇന്ത്യക്ക് ലീഡ് നൽകി. തുടർന്ന് ഡബ്ൾസിൽ സാത്വിക്സായിരാജ് രംഗിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം 21-18, 24-22ന് മുൻ ലോക ചാമ്പ്യന്മാരായ തകുറോ ഹോക്കി - യുഗോ കൊബയാഷി ജോടിയെയും വീഴ്ത്തി. മൂന്നാം മത്സരത്തിൽ കൊകി വതനാബെയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-10, 21-19) പരാജയപ്പെടുത്തി ആയുഷ് ഷെട്ടി സെമിഫൈനൽ പ്രവേശനവും മെഡലും ഉറപ്പാക്കി.
അതേസമയം, വനിതകൾ ജപ്പാനോട് 1-3നാണ് മുട്ടുമടക്കിയത്. ആദ്യ സിംഗ്ൾസിൽ മുൻ ലോക ചാമ്പ്യൻ അകാനെ യമാഗുച്ചിയോട് കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുകയായിരുന്നു ഒളിമ്പ്യൻ പി.വി. സിന്ധു. സ്കോർ: സ്കോർ: 23-21, 18-21, 11-21. തുടർന്ന്, ലോക മൂന്നാം നമ്പർ യുകി ഫുകുഷിമ - മായു മാറ്റ്സുമോട്ടോ ജോടിയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-16, 21-17) അട്ടിമറിച്ച് മലയാളി ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നൽകി. തുടർന്ന് നടന്ന സിംഗ്ൾസ് മത്സരങ്ങളിൽ പക്ഷേ, കൗമാര താരങ്ങളായ ഉന്നതി ഹൂഡയും തൻവി ശർമയും പരാജയപ്പെട്ടതോടെ ടീം ടൂർണമെന്റിൽ നിന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.