പി.ആർ. ശ്രീജേഷ്
ന്യൂഡൽഹി : അടുത്ത മാസം നെതർലൻഡ്‌സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനാവശ്യമായ ജഴ്സി വിവാദങ്ങൾ ഒഴിവാക്കാനും മുൻ ഇന്ത്യൻ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്. 50 വർഷമായി ലോകകപ്പിൽ ഇന്ത്യ നേരിടുന്ന മെഡൽ വരൾച്ച അവസാനിപ്പിക്കാനാണ് കളിക്കാർ ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും, മൈതാനത്തിന് പുറത്തെ കോലാഹലങ്ങൾ ടീമിനെ ബാധിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് 15-ന് ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ തങ്ങളുടെ പരമ്പരാഗത നീല നിറത്തിന് പകരം കാവി നിറത്തിലുള്ള ജഴ്സിയാകും പ്രാഥമിക കിറ്റായി ഉപയോഗിക്കുക. മുൻ ക്യാപ്റ്റന്മാരായ വീരേൻ റസ്കിൻഹ, ധൻരാജ് പിള്ള, അജിത് പാൽ സിംഗ്, വാസുദേവൻ ഭാസ്കരൻ, പർഗത് സിംഗ് തുടങ്ങിയ നിരവധി പ്രമുഖർ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നതോടെയാണ് വിഷയം വലിയ വിവാദമായത്.
എന്നാൽ ജഴ്സിയുടെ നിറം മാറ്റുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നാണ് രണ്ട് തവണ ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ ശ്രീജേഷ് പറയുന്നത്. "2014, 2018 ലോകകപ്പുകളിലും നമ്മൾ ജഴ്സിയുടെ നിറം മാറ്റിയിരുന്നു. അന്ന് മഞ്ഞയും ഇളം നീലയും നിറങ്ങളിലുള്ള ജഴ്സികളാണ് ടീം ധരിച്ചത്. മുൻപ് പരിശീലനത്തിനുള്ള കിറ്റുകളിൽ ഒന്ന് ഓറഞ്ച് നിറത്തിലായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഇത്തവണ ലോകകപ്പിന് മുൻപ് ഇത്രയധികം ചർച്ചകൾ നടക്കുന്നത്? കാവി നിറം ആയതുകൊണ്ടാണോ അതോ വെറുതെ നിറം മാറ്റിയതുകൊണ്ടാണോ ഈ പ്രശ്നങ്ങൾ?" വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കവേ ശ്രീജേഷ് ചോദിച്ചു.
നീല ടർഫിൽ നീല ജഴ്സി ദൃശ്യമാകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വാദത്തെയും ശ്രീജേഷ് ചോദ്യം ചെയ്തു. ഒരേ നിറം കാഴ്ചയ്ക്ക് ചെറിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നത് ശരിയാണെങ്കിലും, ഈ കാരണം പറഞ്ഞാണ് നിറം മാറ്റുന്നതെങ്കിൽ ഇനി ഒരിക്കലും ഇന്ത്യൻ ടീം നീല ജഴ്സി ധരിക്കാൻ പാടില്ലല്ലോ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2012 ലെ ലണ്ടൻ ഒളിമ്പിക്സ് മുതൽ നീല ടർഫ് ഉപയോഗിക്കുന്നുണ്ടെന്നും ടോക്കിയോ, പാരീസ് ഒളിമ്പിക്സുകളിൽ ഉൾപ്പെടെ ഇന്ത്യ നീല ജഴ്സിയിലാണ് കളിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കളിക്കാർക്ക് പുതിയ ജഴ്സി അംഗീകരിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെ ഈ വിവാദം അവിടെ അവസാനിക്കണം. കായികരംഗത്തുനിന്ന് രാഷ്ട്രീയം പൂർണ്ണമായും ഒഴിവാക്കണമെന്നും, പുറത്തുനിൽക്കുന്നവരല്ല മറിച്ച് കളിക്കാർക്കാണ് ഇവിടെ ഏറ്റവും വലിയ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതിയ നിറത്തിലേക്ക് മാറുമ്പോൾ കളിക്കാർക്ക് അതിനോട് ഇണങ്ങാൻ അൽപ്പം കൂടി സമയം നൽകേണ്ടതായിരുന്നുവെന്നും ശ്രീജേഷ് അഭിപ്രായപ്പെട്ടു. "കളിക്കിടെ മൈതാനത്ത് ഹർമൻപ്രീത് എവിടെയാണെന്ന് ഞാൻ തിരയുന്നത് നീല ജഴ്സിയിലാകും, കാരണം എപ്പോഴും ആ നിറത്തിലാണ് അവനെ ഞാൻ കണ്ടിട്ടുള്ളത്. അതിനാൽ കുറച്ചുകൂടി നേരത്തെ ഈ മാറ്റം വരുത്താമായിരുന്നു," അദ്ദേഹം വ്യക്തമാക്കി. നെതർലൻഡ്‌സിന്റെ ജഴ്സിയും ഓറഞ്ച് നിറത്തിലായതിനാൽ അവർക്കെതിരെ കളിക്കുമ്പോൾ ഇന്ത്യക്ക് വൈറ്റ് ജഴ്സി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിലെ ഇന്ത്യൻ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ട് മാത്രമാണ് ഇന്ത്യക്ക് വെല്ലുവിളിയാകുന്ന ടീം. ഗ്രൂപ്പിൽ ഒന്നാമതെത്തിയാൽ ക്വാർട്ടറിൽ അർജന്റീനയെ നേരിടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സെമിഫൈനലിലേക്കുള്ള വഴി എളുപ്പമാകും. മികച്ച ഹോക്കി കളിച്ച് 50 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇത്തവണ ടീം പോഡിയത്തിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.