മഡ്ഗാവ്: ഇന്ത്യ ആതിഥ്യമരുളുന്ന ഫിഡെ ചെസ് ലോകകപ്പ് 11ാം പതിപ്പിന് വെള്ളിയാഴ്ച തുടക്കം. ശനിയാഴ്ച മുതലാണ് ഒന്നാം റൗണ്ട് മത്സരങ്ങൾ. വടക്കൻ ഗോവയിലെ റയോ റിസോർട്ടിൽ നടക്കുന്ന പോരാട്ടങ്ങളിൽ 206 താരങ്ങൾ പങ്കെടുക്കും. ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യമാണ് ഇക്കുറിയുള്ളത്. ലോക ചെസ് ചാമ്പ്യൻഷിപ് ജേതാവ് ഡി. ഗുകേഷടക്കം 24 പേർ ആതിഥേയ രാജ്യത്തിനായി കരുക്കൾ നീക്കും. ഇന്ത്യയുടെ ദിവ്യ ദേശ്മുഖാണ് കൂട്ടത്തിലെ ഏക വനിത. രണ്ട് ചൈനീസ് വനിതാ താരങ്ങൾ കൂടി പങ്കെടുക്കേണ്ടിയിരുന്നെങ്കിലും ഇവർ പിന്മാറിയതോടെ ദിവ്യയിലൊതുങ്ങി. വനിതാ ലോക ചാമ്പ്യൻഷിപ് ജേത്രി കൂടിയായ ദിവ്യ പുരുഷ താരങ്ങൾക്കൊപ്പം ഓപൺ വിഭാഗത്തിൽ മത്സരിക്കാനിറങ്ങും.
ഗുകേഷാണ് ടോപ് സീഡ്. മലയാളി സാന്നിധ്യമായി തൃശൂർക്കാരൻ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനുണ്ട്. ആർ. പ്രഗ്നാനന്ദ, അർജുൻ എറിഗെയ്സി, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, എസ്.എൽ. നാരായണൻ തുടങ്ങിയ പ്രമുഖരടങ്ങുന്നതാണ് ഇന്ത്യൻ നിര. ആദ്യ നാല് റൗണ്ടുകൾക്ക് ശേഷം പ്രീക്വാർട്ടറും ക്വാർട്ടർ ഫൈനലും സെമി ഫൈനലും ഫൈനലും നടക്കും. 2023ൽ പ്രഗ്നാനന്ദയെ തോൽപിച്ച് നോർവീജിയൻ സൂപ്പർ താരം മാഗ്നസ് കാൾസനാണ് ജേതാവായത്. ഇത്തവണ കാൾസൻ, ഡിങ് ലിറെൻ, ഫാബിയാനോ കരുവാന, ഹികാറു നകാമുറ, അലിറെസ ഫിറൂജ തുടങ്ങിയ വമ്പന്മാർ കളത്തിലില്ല. ആദ്യ മൂന്ന് സ്ഥാനക്കാർ 2026ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യത നേടും. കാൻഡിഡേറ്റ്സ് ടൂർണമെന്റ് ചാമ്പ്യനാണ് അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് എതിരാളിയായെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.