ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്; ഇന്ത്യക്ക് നിരാശത്തുടക്കം

ബുഡപെസ്റ്റ് (ഹംഗറി): ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഒന്നാം ദിനം ഇന്ത്യൻ താരങ്ങൾ പങ്കെടുത്ത ആദ്യ മൂന്ന് ഇനങ്ങളിലും നിരാശ. പുരുഷന്മാരുടെ 20 കി.മീ. നടത്തത്തിൽ ഇന്ത്യയുടെ വികാസ് സിങ് 28ഉം പരംജീത് സിങ് ബിഷ്ത് 35ഉം അക്ഷദീപ് സിങ് 47ഉം സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. പുരുഷ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ അവിനാശ് സാബ് ലേക്കും വനിത ലോങ്ജംപിൽ ശൈലി സിങ്ങിനും ഫൈനലിലേക്ക് യോഗ്യത നേടാനാ‍യില്ല.

മോശം കാലാവസ്ഥ കാരണം വൈകിയാണ് ലോക മീറ്റിലെ ആദ്യ ഇനമായ പുരുഷന്മാരുടെ 20 കി.മീ. നടത്തമത്സരം തുടങ്ങിയത്. ഒരു മണിക്കൂർ 17:32 മിനിറ്റിൽ പൂർത്തിയാക്കി സ്പെയിനിന്റെ അൽവാരോ മാർട്ടിൻ സ്വർണ ജേതാവായി. സ്വീഡന്റെ പെർസിയൂസ് കാൾസ്ട്രോം വെള്ളിയും (1:17.39) ബ്രസീലിന്റെ കായോ ബോൺഫിം (1:17.47) വെങ്കലവും നേടി. വികാസ് ഒരു മണിക്കൂർ 21 മിനിറ്റ് 58 സെക്കൻഡിലും പരംജീത് 1:24:02ലും അക്ഷദീപ് 1:31:12ലും നടന്നെത്തി‍യാണ് യഥാക്രമം 28ഉം 35ഉം 47ഉം സ്ഥാനങ്ങൾ നേടിയത്. 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ സാബ് ലേ എട്ടു മിനിറ്റ് 22:24 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 12 പേർ അണിനിരന്ന ഹീറ്റ്സിൽ ഏഴാമനാ‍യി. മൂന്ന് ഹീറ്റ്സിൽ നിന്നുമായി ഏറ്റവും മികച്ച അഞ്ചു സമയക്കാർക്കാണ് ഫൈനൽ പ്രവേശനം.

36 താരങ്ങൾ പങ്കെടുത്ത വനിത ലോങ്ജംപിൽ ശൈലി 6.40 മീറ്റർ ചാടി 24ാം സ്ഥാനത്താണെത്തിയത്. മികച്ച 12 ദൂരക്കാർക്കാണ് മെഡൽ മത്സര യോഗ്യത. രണ്ടാം ദിനം നടക്കുന്ന പുരുഷ ഹൈജംപ് യോഗ്യത മത്സരത്തിൽ സർവേശ് അനിൽ കുഷാരെയും 400 മീറ്റർ ഹർഡ്ൽസ് ഹീറ്റ്സിൽ സന്തോഷ് കുമാർ തമിഴരശനും ഇന്ത്യയെ പ്രതിനിധാനം ചെയ്യും.

Tags:    
News Summary - World Athletics Championships; Disappointment for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT