1. അവിനാഷ് സാബ്ലെ (3000 മീറ്റർ സ്റ്റീപ്പിൾ ചേസ്), 2. ആർ. അനു (400 മീറ്റർ ഹർഡിൽസ്)

രണ്ടാമത് ഇന്ത്യന്‍ ഗ്രാന്‍പ്രീ: അനുവിനും എല്‍ദോസ് പോളിനും സുവർണനേട്ടം

തിരുവനന്തപുരം: രണ്ടാമത് ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ കേരളത്തിന്‍റെ ആർ. അനുവിനും എല്‍ദോസ് പോളിനും സുവര്‍ണനേട്ടം. രണ്ട് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി കേരളത്തിന്‍റെ താരങ്ങൾ മികച്ച പ്രകടനമാണ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ കാഴ്ചവെച്ചത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് 58.53 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കേരളത്തിന്‍റെ ആര്‍. അനു സ്വര്‍ണത്തിന് അവകാശിയായത്.

മലയാളി താരങ്ങൾ തമ്മിലുള്ള വാശിയേറിയ പോരാട്ടം കണ്ട പുരുഷവിഭാഗം ട്രിപ്പിൾ ജംപിൽ 16.95 മീറ്റര്‍ ചാടി എല്‍ദോസ് പോള്‍ സ്വര്‍ണം നേടി. 16.70 മീറ്റര്‍ പിന്നിട്ട് അബ്ദുല്ല അബൂബക്കര്‍ വെള്ളിനേട്ടം കേരളത്തിനായി കൈവരിച്ചപ്പോൾ തമിഴ്‌നാടിന്‍റെ ഗെയ്‌ലി വിനിസ്റ്റര്‍ 16.09 മീറ്റര്‍ ചാടി വെങ്കലത്തിന് ഉടമയായി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിൾ ചേസില്‍ ദേശീയ റെക്കോഡോടെ സ്വർണം നേടിയ മഹാരാഷ്ട്രയുടെ അവിനാശ് സാബ്‌ലേയുടെ പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് മെഡൽ പ്രതീക്ഷയുള്ള അവിനാശ് കഴിഞ്ഞ ഒളിമ്പിക്‌സില്‍ സ്ഥാപിച്ച ദേശീയ റെക്കോഡാണ് (8:18.12 മിനിറ്റ്) തിരുത്തിയത് (8:16.21 മിനിറ്റ്). പുരുഷവിഭാഗം 400 മീറ്ററില്‍ കേരളത്തിനുവേണ്ടി നോഹാ നിര്‍മല്‍ ടോം (46.19) വെള്ളിയും വി. മുഹമ്മദ് (46.29) വെങ്കലവും നേടി. തമിഴ്‌നാടിന്‍റെ രാജേഷ് രമേഷിനാണ് (46.09) സ്വര്‍ണം.

പുരുഷവിഭാഗം 100 മീറ്റർ ഓട്ടത്തിൽ കേരളത്തിന്‍റെ കെ.പി. അശ്വിന്‍ 10.70 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേട്ടത്തിന് അർഹനായി. തമിഴ്‌നാടിന്‍റെ തമിഴ് അരശുവിനാണ് (10.66) ഈയിനത്തില്‍ സ്വര്‍ണം. 800 മീറ്ററില്‍ പി. മുഹമ്മദ് അഫ്‌സല്‍ 1:48.65 മിനിറ്റിൽ ഓടിയെത്തി വെള്ളി സ്വന്തമാക്കിയപ്പോള്‍ ഹിമാചല്‍ പ്രദേശിന്‍റെ അന്‍കേഷ് ചൗധരിക്കാണ് (1:48.27) സ്വര്‍ണം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിര്‍ (50.40) വെള്ളിക്ക് ഉടമയായി. തമിഴ്‌നാടിന്‍റെ ടി. സന്തോഷ് കുമാറിനാണ് (50.15) സ്വര്‍ണം.

വനിതകളുടെ 100 മീറ്ററില്‍ കേരള താരങ്ങളുടെ പ്രകടനം മങ്ങി. മലയാളി താരം പി.ഡി. അഞ്ജലിക്ക് 11.87 സെക്കൻഡിൽ ഓടിയെത്തി വെങ്കലം നേടാനേ സാധിച്ചുള്ളൂ. കര്‍ണാടക താരങ്ങളായ എന്‍.എസ്. സിമി (11.79) സ്വര്‍ണവും എ.ടി. ധനേശ്വരി (11.83) വെള്ളിയും നേടി. വനിതകളുടെ 400 മീറ്ററില്‍ ഏറെ പ്രതീക്ഷയോടെ ട്രാക്കിലിറങ്ങിയ ജിസ്‌ന മാത്യുവിന് (53.40) മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈയിനത്തില്‍ കര്‍ണാടക താരങ്ങളായ പ്രിയ മോഹന്‍ (52.37) സ്വര്‍ണവും പൂവമ്മ രാജു (52.44) വെള്ളിയും നേടി.

800 മീറ്ററില്‍ പ്രിസ്‌കില്ല ഡാനിയേല്‍ (2:12.47) വെള്ളി നേടിയപ്പോള്‍ സ്‌റ്റെഫി സാറാ കോശി (2:13.49) വെങ്കലവും കേരളത്തിനുവേണ്ടി സ്വന്തമാക്കി. കര്‍ണാടകയുടെ ഇ.ബി. അര്‍പ്പിതക്കാണ് ഈയിനത്തിൽ സ്വര്‍ണം. മീറ്റില്‍ കര്‍ണാടക നാല് സ്വര്‍ണം നേടിയപ്പോള്‍ മൂന്ന് സ്വർണനേട്ടമാണ് തമിഴ്നാടിന്. കായികമന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. ഏപ്രിലിൽ തേഞ്ഞിപ്പലത്ത് നടക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിന്‍റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.

Tags:    
News Summary - Second Indian Grand Prix: Anu and Eldos Paul win gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT