ബംഗളൂരു: നീരജ് ചോപ്ര ക്ലാസിക് അന്താരാഷ്ട്ര ജാവലിൻ മത്സരത്തിൽ സ്വർണമണിഞ്ഞ് നീരജ്. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ മത്സരത്തിൽ ആദ്യ ചുവട് പിഴച്ചെങ്കിലും മൂന്നാം ശ്രമത്തിൽ 86.18 മീറ്റർ എറിഞ്ഞാണ് നീരജിന്‍റെ നേട്ടം.
കെനിയയുടെ ജൂലിയസ് യെഗോ (84.51 മീ.) വെള്ളിയും ശ്രീലങ്കയുടെ റുമേഷ് പതിരങ്കെ (84.34 മീ.) വെങ്കലവും നേടി. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ബ്രസീലിന്‍റെ ലൂയിസ് മൗറീഷ്യോ ഡിസിൽവ നിരാശപ്പെടുത്തി. ആദ്യ റൗണ്ടിൽ ആദ്യ ശ്രമത്തിൽതന്നെ നീരജ് മികച്ച ഏറ് കണ്ടെത്തിയെങ്കിലും ഫൗളായി. രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമങ്ങളിൽ ഗംഭീരമായി തിരിച്ചുവന്നു. രണ്ടാം ശ്രമത്തിൽ 82.99ഉം മൂന്നാം ശ്രമത്തിൽ 86.18ഉം മീറ്റർ താണ്ടി താരം ലീഡിലായി.
മൂന്നാം ശ്രമത്തിൽ സ്വർണത്തിലേക്കുള്ള ദൂരവും കണ്ടെത്തി. തുടക്കത്തിൽ മികച്ച ഏറ് കണ്ടെത്താൻ വിഷമിച്ച കെനിയൻ താരം ജൂലിയസ് യോഗോ നാലാം ശ്രമത്തിൽ 84.51 മീറ്റർ എറിഞ്ഞിട്ട് വെള്ളി നേടി. ആദ്യ റൗണ്ടിൽ സ്ഥിരതയോടെ എറിഞ്ഞ ശ്രീലങ്കൻ താരം റുമേഷായിരുന്നു അപ്രതീക്ഷിത കുതിപ്പ് നടത്തിയത്. രണ്ടും മൂന്നും ശ്രമത്തിൽ രണ്ടാം സ്ഥാനത്തെത്തിയ താരം മൂന്നാം ഏറിൽ വെങ്കലദൂരം കുറിച്ചു. ഇന്ത്യയുടെ സച്ചിൻ യാദവും യശ്വീറും ഫൈനൽ റൗണ്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.