ദേശീയ സ്കൂൾ അത്‍ലറ്റിക്സ്: പരിശീലകരെ തെരഞ്ഞെടുത്തതിൽ വിവേചനമെന്ന് കായികാധ്യാപകർ

പാലക്കാട്: ദേശീയ സ്കൂൾ അത്‍ലറ്റിക് മീറ്റിലേക്കുള്ള പരിശീലകരായ അധ്യാപകരെ തെരഞ്ഞെടുത്തതിൽ വിവേചനമെന്ന് ആരോപണം. യോഗ്യത പോലും നോക്കാതെ അധികൃതരുടെ ഇഷ്ടക്കാരെ സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നെന്ന് കായികാധ്യാപകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിശീലകരെയും ടീം മാനേജർമാരെയും നിയമിക്കുമ്പോൾ സംസ്ഥാനതലത്തിൽ മികവ് പുലർത്തിയ ടീമുകളുടെ പരിശീലകരെ തെരഞ്ഞെടുക്കുന്നതാണ് കീഴ്വഴക്കം.

എന്നാൽ, ഇത്തവണ അതെല്ലാം അട്ടിമറിച്ച് സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഇഷ്ടക്കാരെ നിയോഗിച്ചെന്ന് കോതമംഗലം മാർബേസിൽ സ്കൂൾ കോച്ച് ഷിബി മാത്യു, പറളി എച്ച്.എസ്.എസ് കോച്ച് പി.ജി. മനോജ്, കല്ലടി എച്ച്‌.എസ്‌.എസ്‌ കോച്ച് ജാഫർ ബാബു, മുണ്ടൂർ എച്ച്.എസ്.എസ് കോച്ച് എൻ.എസ്‌. സിജിൻ എന്നിവർ പറഞ്ഞു. അൺ എയ്ഡഡ്‌ സ്കൂളുകളിലെ പരിശീലകരെയും അടുത്തദിവസം വിരമിക്കുന്നയാളെയുമടക്കം സംഘത്തിൽ ഉൾപ്പെടുത്തി.

തിരുവനന്തപുരത്ത്‌ ക്യാമ്പിൽ കഴിയുന്ന തങ്ങളുടെ വിദ്യാർഥികൾക്ക്‌ മതിയായ പരിശീലനം പോലും കിട്ടാത്ത സ്ഥിതിയാണ്. കായികവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ സർക്കാർ കോടികൾ ചെലവാക്കുമ്പോൾ ഉദ്യോഗസ്ഥർ അത് അട്ടിമറിക്കുകയാണ്. വിദ്യാർഥികളുടെ വിവരങ്ങൾ അന്വേഷിക്കാൻ പോലും ഓർഗനൈസർ തയാറായിട്ടില്ലെന്നും അധ്യാപകർ ആരോപിച്ചു.

‘ആരോപണം അടിസ്ഥാനരഹിതം’

പാലക്കാട്: ഒരു വിഭാഗം കായികാധ്യാപകരുടെ ആരോപണങ്ങൾ വസ്തുത മനസ്സിലാക്കാതെയാണെന്ന് സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ. മേയ് 10നാണ് 21 ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കാനുള്ള തീരുമാനം സ്കൂൾ അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചത്. സീനിയർ കാറ്റഗറിയിൽ മാത്രമാണ് മത്സരങ്ങൾ നടക്കുന്നത്. പങ്കെടുക്കേണ്ട പ്ലസ് ടു വിദ്യാർഥികളിൽ പലരും ടി.സി വാങ്ങുകയോ സ്കൂൾ വിട്ട് പോവുകയോ ചെയ്തിട്ടുണ്ട്. പലരും മത്സരത്തിനില്ലാത്ത സാഹചര്യവുമാണ്.

നിലവിൽ 71 അംഗ ടീമാണ് അത്‍ലറ്റിക്സിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് പോകുന്നത്. എല്ലാ സ്കൂളുകളും പ്രാതിനിധ്യമാവശ്യപ്പെട്ടാൽ നൽകാനാവില്ല. കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി ഗ്രൗണ്ടിലെ പരിശീലന ക്യാമ്പിലേക്ക് വിളിച്ചിട്ടും പറളിയടക്കമുള്ളവർ പങ്കെടുത്തില്ല. വിദ്യാർഥികൾക്ക് പരിശീലനം നൽകി പരിചയമുള്ള അധ്യാപകരെയാണ് സംസ്ഥാന ടീമിനൊപ്പം അയക്കുന്നതെന്നും വ്യക്തിപരമായി ആരോടും മമതയില്ലെന്നും ഹരിഷ് പറഞ്ഞു.

Tags:    
News Summary - National school athletics: Sports teachers allege discrimination in selection of coaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT