കോഴിക്കോട്: ദേശീയ ഗെയിംസ് ജിംനാസ്റ്റിക്സിൽ മെഡൽക്കൊയ്ത്തിനൊരുങ്ങി കേരളം. കഴിഞ്ഞ തവണ ഗോവയിൽ ഓരോ സ്വർണവും വെള്ളിയും വെങ്കലവുമാണ് നേടിയതെങ്കിൽ ഇക്കുറി നില മെച്ചപ്പെടുത്തി അഞ്ചിലധികം മെഡലുകൾ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി കഠിന പരിശീലനത്തിലാണ് താരങ്ങൾ. 26 പേരാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് ജിംനാസ്റ്റിക്സിലെ വിവിധ ഇനങ്ങളിൽ ഇറങ്ങുന്നത്. ഇത്രയുംപേർ പങ്കെടുക്കുന്നത് ഇതാദ്യം. ഫെബ്രുവരി ഏഴ് മുതൽ 14 വരെയാണ് മത്സരങ്ങൾ. ഈയിടെ ഗുജറാത്തിലെ സൂറത്തിൽ ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളം മെഡൽവേട്ട നടത്തിയിരുന്നു. മൂന്ന് സ്വർണവും നാല് വെള്ളിയും എട്ട് വെങ്കലവുമായി കൈക്കലാക്കിയത് 15 മെഡലുകൾ. ഈ ആത്മവിശ്വാസമാണ് ആവേശം കൂട്ടുന്നത്.
ആർട്ടിസ്റ്റിക്, റിഥമിക്, ട്രംപോളിൻ, അക്രോബാറ്റിക് ഇനങ്ങളിലെല്ലാം കേരളം ദേശീയ ഗെയിംസിൽ മത്സരിക്കുന്നുണ്ട്. ഗോവ ഗെയിംസിൽ പുരുഷ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ സ്റ്റിൽ റിങ്സിൽ സ്വർണം നേടിയ കെ.പി സ്വാതിഷ്, വനിത ട്രംപോളിൻ വെങ്കല ജേതാവ് അൻവിത സചിൻ തുടങ്ങിയവർ ഇപ്രാവശ്യവും മെഡൽ പ്രതീക്ഷയിലാണ്. ഇരുവരും ഇക്കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡലുകളുമായി തിളങ്ങിയിരുന്നു.
ഈ ചാമ്പ്യൻഷിപ്പിലെ പുരുഷ പൊമ്മൽ ഹോർസിൽ കേരളത്തിനായി സ്വർണം നേടിയ ഹരികൃഷ്ണൻ ദേശീയ ഗെയിംസിൽ പക്ഷേ, സർവിസസിന് വേണ്ടിയാണ് ഇറങ്ങുക. ദേശീയ ചാമ്പ്യൻഷിപ് സീനിയർ വനിത ആർട്ടിസ്റ്റിക്സിൽ ഓൾ റൗണ്ട് വെള്ളി കരസ്ഥമാക്കിയ അമാനി ദിൽഷാദ്, ഗോവ ദേശീയ ഗെയിംസ് ആർട്ടിസ്റ്റിക്സ് ഫൈനൽ വരെയെത്തിയ മെഹ്റിൻ എസ്. സാജ് തുടങ്ങിയവർ കേരള നിരയിലുണ്ട്.
14 വനിതകളും 12 പുരുഷ താരങ്ങളും അടങ്ങിയതാണ് സംഘം. ഇവർ ടീമായും വ്യക്തിഗത ഇനങ്ങളിലും മത്സരിക്കും. ദേശീയ ഗെയിംസ് ജിംനാസ്റ്റിക്സ് മഹാരാഷ്ട്രയുടെ കുത്തകയാണ്. ഗോവയിൽ 20ലധികം മെഡലുകളാണ് മറാത്ത ടീം നേടിയത്. കേരളത്തിൽ പ്രതിഭാസമ്പന്നരായ താരങ്ങളുണ്ടെന്നും കൃത്യമായ പരിശീലനം ലഭിച്ചാൽ അത്ഭുതകരമായ നേട്ടങ്ങളുണ്ടാക്കാൻ കഴിയുമെന്ന് ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി ജിത്തു വി.എസ് പറഞ്ഞു. അക്രോബാറ്റിക്കിൽ മത്സരിക്കുന്ന എട്ട് താരങ്ങളുടെ ക്യാമ്പ് കോഴിക്കോട് വി.കെ. കൃഷ്ണ മേനോൻ സ്റ്റേഡിയത്തിലാണ്.
മറ്റ് ഇനങ്ങളിലെ 18 പേർ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിലും പരിശീലനം തുടരുന്നു. ജിത്തു വി.എസ്, രാജറോയ്, അരുൺ കുമാർ ജയൻ, ജയകുമാർ, ജംഷീർ എന്നിവർ പരിശീലകരും കെ. അശോകനും സി. ബിന്ദ്യയും മാനേജർമാരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.