സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല സ്വർണക്കപ്പുമായി ആഹ്ലാദം പങ്കിടുന്നു
മൽപ്പൊർതേര്; പൊന്നണിഞ്ഞ് തുടക്കം; അവസാന ഇനത്തിലും സ്വർണത്തോടെ മലപ്പുറത്തിന് കിരീടം
കോഴിക്കോട്: ട്രാക്കുണർന്നപ്പോൾ ആദ്യ പോരാട്ടമായ സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ സ്വർണം ഓടിയെടുത്ത് പ്രതീക്ഷയുടെ വിത്തുപാകിയ തുടക്കം. ഒടുവിൽ കായികമേളയുടെ കൊട്ടിക്കലാശമായ സീനിയർ ആൺകുട്ടികളുടെ 4X400 മീറ്റർ റിലേയിലും എതിരാളികളെ പിന്നിലാക്കി പൊന്നണിഞ്ഞ് ചാമ്പ്യന്മാരുടെ ഗാംഭീര്യത്തോടെ പട്ടാഭിഷേകം. പോരാട്ടവീര്യത്തിന്റെ നേർക്കാഴ്ചയായ സംസ്ഥാന സ്കൂൾ കായികമേളയിൽ എതിരാളികൾക്ക് ഒരു അവസരവും നൽകാതെ തുടർച്ചയായ മൂന്നാം തവണയും മലപ്പുറം വിജയത്തുരുത്ത് തൊട്ടു.
കോഴിക്കോട് അഞ്ചുനാൾ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ, ട്രാക്കിലും ഫീൽഡിലും ഒരുപോലെ ആധിപത്യം ഉറപ്പിച്ച് മലപ്പുറത്തിന്റെ കൗമാര കായികക്കരുത്ത് വീണ്ടും കിരീടം വാനോളമുയർത്തി. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവുമടക്കം 204.3 പോയന്റാണ് ചാമ്പ്യന്മാരുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 161.5 പോയന്റാണുള്ളത്.
ശനിയാഴ്ച നടന്ന 4x400 മീറ്റർ റിലേയിൽ പാലക്കാടിന് 22 പോയന്റും മലപ്പുറത്തിന് 18 പോയന്റും ലഭിച്ചു. പാലക്കാട് ഏറെ പ്രതീക്ഷ വെച്ചിരുന്ന 200 മീറ്റർ ഓട്ടത്തിൽ ആലപ്പുഴ മെഡൽ വാരിക്കൂട്ടിയത് മലപ്പുറത്തിന് ഗുണകരമായി. പോൾവാൾട്ട്, ഹർഡിൽസ്, ഹൈജംപ്, ട്രിപ്പിൾ ജംപ്, ഡിസ്കസ് ത്രോ എന്നിവയിലായിരുന്നു മലപ്പുറത്തിന്റെ മിന്നുന്ന പ്രകടനം. കഴിഞ്ഞ വർഷം 22 സ്വർണവും 29 വെള്ളിയും 24 വെങ്കലവുമടക്കം 247 പോയന്റായിരുന്നു മലപ്പുറത്തിന്.
കരുത്തേകി ആലത്തിയൂരും
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയ തിരുന്നാവായ നാവാമുകുന്ദ എച്ച്.എസ്.എസിന്റെ അഭാവം സൃഷ്ടിച്ച ആശങ്കയോടെയാണ് മലപ്പുറം ടീം കോഴിക്കോട്ടെത്തിയത്. എന്നാൽ, കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസും നടത്തിയ ഉജ്ജ്വല പ്രകടനത്തോടെ കിരീടം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് മലപ്പുറം പ്രഖ്യാപിച്ചു. ജില്ലക്കായി ആകെ 14 സ്കൂളുകളാണ് മെഡലുകൾ നേടിയത്. എട്ട് സ്വർണവും 10 വെള്ളിയും ആറ് വെങ്കലവുമടക്കം 75.3 പോയന്റ് നേടിയ ഐഡിയൽ തുടർച്ചയായ അഞ്ചാം വർഷവും മികച്ച സ്കൂളുകളിൽ ഒന്നാമതായി. നാലുവീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം 34 പോയന്റ് നേടിയ ആലത്തിയൂർ കെ.എച്ച്.എം എച്ച്.എസ്.എസ്, പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസ്.എസുമായി രണ്ടാം സ്ഥാനം പങ്കിട്ടു. കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്നു ആലത്തിയൂർ. പൂക്കളത്തൂർ സി.എച്ച്.എം എച്ച്.എസ് രണ്ട് സ്വർണവും ഒരു വെള്ളിയും (11 പോയന്റ്), കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം എച്ച്.എസ്.എസ്, എടവണ്ണ ഐ.ഒ.എച്ച്.എസ് എന്നിവ ഓരോ സ്വർണവും വെള്ളിയും (8 പോയന്റ് വീതം) നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.