തെൽഅവീവ്: ഇറാന്‍റെ പ്രത്യാക്രമണം ഭയന്ന് ‘ജൂത ഒളിമ്പിക്സ്’ എന്നറിയപ്പെടുന്ന മക്കാബി ഗെയിംസ് ഇസ്രായേൽ മാറ്റി. ഈ വർഷം വേനൽകാലത്ത് ജൂലൈ എട്ട് മുതൽ നടക്കേണ്ടിയിരുന്ന ‘ജൂത ഒളിമ്പിക്സ്’ ആണ് അടുത്ത വർഷം ജൂലൈയിലേക്ക് മാറ്റിയത്. മക്കാബി വോൾഡ് യൂനിയന്‍റെ യോഗമാണ് ‘ജൂത ഒളിമ്പിക്സ്’ അടുത്ത വർഷത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.
ജൂലൈ എട്ട് മുതൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഗെയിംസിൽ 55 രാജ്യങ്ങളിൽ നിന്നുള്ള 8,000 കായിക താരങ്ങളാണ് പങ്കെടുക്കേണ്ടിരുന്നത്. ജറുസലേമിലാണ് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. വിദേശത്ത് നിന്നുള്ള 80 ശതമാനം കായിക താരങ്ങൾ ഇസ്രായേൽ ചുറ്റി സഞ്ചരിക്കാനും പരിശീലനത്തിനുമായി ഗെയിംസിന് ഒരാഴ്ച മുമ്പാണ് തെൽഅവീവിൽ എത്തുക.
കായികതാരങ്ങളുടെയും വളന്‍റീയർമാരുടെയും കാണികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഒളിമ്പിക്സ് മാറ്റാൻ തീരുമാനിച്ചതെന്ന് മക്കാബി വോൾഡ് യൂനിയന്‍ സി.ഇ.ഒ അമിർ ഗിസ്സിൻ വ്യക്തമാക്കി. ഒളിമ്പിക്സ് മാറ്റിവെച്ചതിൽ നിരാശയുണ്ട്. ഗെയിംസിൽ പങ്കെടുക്കാൻ കഠിന പരിശീലനമാണ് കായിക താരങ്ങൾ നടത്തി വന്നതെന്നും എന്നാൽ, ഉത്തരവാദിത്വതോടെയുള്ള തീരുമാനമാണ് എടുത്തതെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടി.
ഇസ്രായേലിൽ ഒരു രാജ്യാന്തര ജൂത കായിക മത്സരം നടത്തുക എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചത് 1920കളിൽ സയണിസ്റ്റും കായിക പ്രേമിയുമായ യോസെഫ് യെകുറ്റിയേലിയാണ്. ബ്രിട്ടീഷുകാരുടെ എതിർപ്പ് മറികടന്ന് 1932 മാർച്ചിൽ തെൽഅവീവിൽ ആദ്യ മക്കാബിയ ഗെയിംസ് സംഘടിപ്പിച്ചു.
1938ൽ നടക്കേണ്ടിയിരുന്ന മൂന്നാമത്തെ മക്കാബിയ ഗെയിംസ് ഹോളോകോസ്റ്റിനെ തുടർന്ന് 1950ലാണ് നടന്നത്. 2021ലെ ഗെയിംസ് ഒഴികെ, 1957 മുതൽ നാലു വർഷം കൂടുമ്പോളാണ് ഗെയിംസ് നടക്കുന്നത്. കൊറോണ കാരണം 2022ലെ ഗെയിംസ് വൈകി. 2022ൽ 42 കായികയിനങ്ങളിലായി 10,000 കായികതാരങ്ങളാണ് ഗെയിംസിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.