തേഞ്ഞിപ്പലം: സംസ്ഥാന ഇന്റർ ക്ലബ് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ തുടക്കം. ആദ്യദിനം 145 പോയന്റുമായി എറണാകുളം കോതമംഗലം എം.എ സ്പോർട്സ് അക്കാദമിയാണ് മുന്നിൽ.
കോട്ടയം അൽഫോൻസ അക്കാദമി 81 പോയന്റ് നേടി രണ്ടാം സ്ഥാനത്തും കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി 44 പോയന്റ് നേടി മൂന്നാം സ്ഥാനത്തുമുണ്ട്. സിന്തറ്റിക് ട്രാക്കിൽ ആരംഭിച്ച ചാമ്പ്യൻ ഷിപ്പിന്റെ ഒന്നാംദിനം വിവിധ ഇനങ്ങളിലായി 10 മീറ്റ് റെക്കോഡ് പിറന്നു.
അണ്ടർ 18 വനിത വിഭാഗത്തിൽ കാസർകോട് കെ.സി. ത്രോസ്, ചെറുവത്തൂരിലെ അഖില രാജു, വി.എസ്. അനുപ്രിയ, വനിത വിഭാഗം 100 മീറ്ററിൽ തിരുവനന്തപുരം മമ്മൂട് ബ്രദേഴ്‌സ് ക്ലബിലെ എ.പി. ഷീൽഡ, വനിതവിഭാഗം ഡിസ്കസ് ത്രോയിൽ കാസർകോട്ടെ കെ.സി. ത്രോസ് ചെറുവത്തൂരിലെ സി.പി. തൗഫീറ, പുരുഷ വിഭാഗം അണ്ടർ 18 നൂറ് മീറ്ററിൽ ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമിയിലെ ആഷ്‌ലിൻ അലക്സാണ്ടർ, പുരുഷ വിഭാഗം അണ്ടർ 20 വിഭാഗം ലോങ് ജംപിൽ തിരുവനന്തപുരം സായിയിലെ കെ. മുഹമ്മദ് ആസിഫ്, ഇടുക്കി എസ്.എൻ.വി.എച്ച്.എസ്.എസിലെ ടി.ജെ. ജോസഫ്, പോൾ വാൾട്ടിൽ കണ്ണൂർ അമിഗോസ് പരപ്പോയിലെ ആനന്ദ് മനോജ്, ജാവലിൻ ത്രോയിൽ എറണാകുളം കോതമംഗലം എം.എ സ്പോർട്‌സ് അക്കാദമിയിലെ ജിബിൻ തോമസ് എന്നിവരാണ് ആദ്യദിനം റെക്കോഡ് നേട്ടത്തിന് അർഹരായത്. 194 ക്ലബുകളിൽനിന്നുള്ള താരങ്ങളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 19ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.