ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്: ആദ്യ ദിനം നിരാശയിൽ ഓടിനടന്ന് ഇന്ത്യ

ടോക്യോ: ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ടോക്യോയിൽ തുടക്കമായപ്പോൾ ആദ്യ ദിനം ഇന്ത്യക്ക് നിരാശ. നടത്ത മത്സരങ്ങൾ ആദ്യ 20ൽപോലും ഇടംപിടിക്കാനായില്ല. വനിത 1500 മീറ്ററിൽ പൂജ ഹീറ്റ്സിലും പുറത്തായി. പുരുഷന്മാരുടെ 35 കി.മീ. നടത്തത്തിൽ സന്ദീപ് കുമാർ രണ്ട് മണിക്കൂർ 39 മിനിറ്റ് 15 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 24ാം സ്ഥാനത്തെത്തി.

ഈ ഇനത്തിൽ മത്സരിച്ച റാം ബാബു നാലാം ചുവപ്പ് കാർഡും കണ്ട് അയോഗ്യനായി. കാനഡ‍യുടെ ഇവാൻ ഡൺഫിക്കാണ് (2:28.22) സ്വർണം. വനിത 35 കി.മീ. നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി മൂന്ന് മണിക്കൂർ 05.58 സെക്കൻഡിൽ 24ാം സ്ഥാനത്ത് പൂർത്തിയാക്കി. സ്പെയിനിന്റെ മരിയ പെരെസ് (2:39.01) സ്വർണം നേടി. 1500 മീറ്റർ ഹീറ്റ്സിൽ നാല് മിനിറ്റ് 13.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 11ാം സ്ഥാനത്തായ പൂജക്ക് സെമി ഫൈനലിൽ കടക്കാനായില്ല.

ഇന്ത്യ നാളെ

3.10pm പുരുഷ ഹൈജംപ് യോഗ്യത -സർവേശ് കുശാരെ

6.00pm പുരുഷ 10,000 മീ. ഫൈനൽ -ഗുൽവീർ സിങ്

ഷൂട്ടിങ് ലോകകപ്പ്: ഇഷക്ക് സ്വർണം

നാൻജിങ് (ചൈന): ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ മെഡൽ വരൾച്ചക്ക് അന്ത്യമിട്ട് ഇഷ സിങ്. വനിത 10 മീറ്റർ എയർ പിസ്റ്റളിൽ ഇഷ സ്വർണം നേടി. വാശിയേറിയ ഫൈനലിൽ ആതിഥേ‍യ പ്രതീക്ഷ യാവോ ക്വിയാൻസുനിനെ 0.1 പോയന്റ് വ്യത്യാസത്തിലാണ് ഇഷ (242.6) മറികടന്നത്. ഒളിമ്പിക് ചാമ്പ്യൻ ദക്ഷിണ കൊറിയയുടെ ഓ യെജിൻ വെങ്കലത്തിലൊതുങ്ങി.

ഹോങ്കോങ് ഓപൺ: സാത്വിക്-ചിരാഗ് സഖ്യം ഫൈനലിൽ

ഹോങ്കോങ്: 2025ലെ കിരീട വരൾച്ചക്ക് അന്ത്യമിടാനൊരുങ്ങി ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഹോങ്കോങ് ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇവർ ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ബിങ് വെയ് ലിൻ-ചെൻ ചെങ് കുവാൻ ജോടിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിക്കുകയായിരുന്നു. സ്കോർ: 21-17, 21-15.

സീസണിലെ ആറ് സെമി ഫൈനൽ മത്സരങ്ങളിൽ പരാജയം രുചിച്ച ശേഷമാണ് ഇരുവരും കലാശക്കളിക്ക് യോഗ്യത നേടുന്നത്. ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 3.30ന് തുടങ്ങുന്ന ഫൈനലിൽ ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തെ സാത്വിക്കും ചിരാഗും ചേർന്ന് നേരിടും. സെമിയിൽ ചൈനീസ് തായ്പേയിയുടെ ഫാങ് ചിഹ് ലീ-ഫാങ് ജെൻ ലീ കൂട്ടുകെട്ടിനെ 21-19, 21-8നാണ് ചൈനീസ് ജോടി മടക്കിയത്.

Tags:    
News Summary - Indians Disappoint On Opening Day Of Tokyo World Athletics Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT