പൊന്നിന്ത്യൻസ്! ഏഷ്യൻ അത്‍ലറ്റിക്സിൽ ഇന്ത്യക്ക് മൂന്ന് സ്വർണംകൂടി

ഗുമി (ദക്ഷിണ കൊറിയ): ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനവും ഇന്ത്യയുടെ മെഡൽ വേട്ട. മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് വ്യാഴാഴ്ച നേടിയത്. വനിത 4x400 മീറ്റർ റിലേ ടീം, 100 മീറ്റർ ഹർഡ്ൽസിൽ ജ്യോതി യാരാജി, പുരുഷ 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ അവിനാശ് സാബ് ലെ എന്നിവർ ജേതാക്കളായി.

വനിത ലോങ് ജംപിൽ മലയാളി താരം ആൻസി സോജൻ വെള്ളിയും ശൈലി സിങ് വെങ്കവും നേടി. 4x400 മീറ്റർ റിലേ ടീമിന്റെതാണ് മറ്റൊരു വെള്ളി. ഇതോടെ ഇന്ത്യയുടെ ആകെ നേട്ടം അഞ്ച് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 14 മെഡലുകളായി. 12 സ്വർണമടക്കം 21 മെഡലുകളുള്ള ചൈനക്ക് പിറകിൽ രണ്ടാമതാണിപ്പോൾ.

സ്റ്റീപ്പ്ൾ ചേസിൽ എട്ട് മിനിറ്റ് 20.92 സെക്കൻഡിലാണ് സാബ് ലെ ഫിനിഷ് ചെയ്തത്. 36 വർഷത്തിന് ശേഷമാണ് ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ് 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ ഒരു ഇന്ത്യൻ പുരുഷന്റെ മെഡൽ നേട്ടം. 100 മീറ്റർ ഹർഡ്ൽസിൽ സ്വർണം നിലനിർത്തുകയായിരുന്നു ജ്യോതി. താരം ഫിനിഷ് ചെയ്യാനെടുത്ത 12.96 സെക്കൻഡ് ചാമ്പ്യൻഷിപ് റെക്കോഡാണ്.

റിലേയിൽ മലയാളി ഒളിമ്പ്യൻ ജിസ്ന മാത്യു, രൂപാൽ ചൗധരി, കുഞ്ഞ രജിത, ശുഭ വെങ്കടേശൻ എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 34.18 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി സ്വർണത്തിലെത്തി. ജയ്കുമാർ, ധരംവീർ ചൗധരി, മലയാളികളായ ടി.എസ് മനു, ടി.കെ വിശാൽ എന്നിവരുൾപ്പെട്ട പുരുഷ ടീം മൂന്ന് മിനിറ്റ് 3.67 സെക്കൻഡിലാണ് റിലേയിൽ വെള്ളി നേടി‍യത്. ലോങ് ജംപിൽ ആൻസി സോജൻ 6.33ഉം ശൈലി സിങ് 6.30ഉം മീറ്റർ ചാടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇറാന്റെ റൈഹാന മൊബിനി അറാനിക്കാണ് (6.76) സ്വർണം. മോശം കാലാവസ്ഥ കാരണം വൈകിയാണ് മത്സരങ്ങൾ തുടങ്ങിയത്.

Tags:    
News Summary - India wins three more gold medals at Asian Athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT