വ​നി​ത​ക​ളു​ടെ ലോം​ഗ്ജം​പി​ൽ കേ​ര​ള​ത്തി​ന്റെ ന​യ​ന ജ​യിം​സ് സ്വ​ർ​ണം നേ​ടു​ന്നു   -ബി​മ​ൽ ത​മ്പി

ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ലോ​ങ്ജം​പി​ൽ മ​ല​യാ​ളി ആ​ധി​പ​ത്യം

തേഞ്ഞിപ്പലം: ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിനത്തിൽ വനിതകളുടെ ലോങ്ജംപിൽ മലയാളിതാരങ്ങളുടെ ആധിപത്യം. നയന ജയിംസ് സ്വർണവും ആൻസി സോജൻ വെള്ളിയും സാന്ദ്ര ബാബു വെങ്കലവും നേടി.

അഞ്ചാം ശ്രമത്തിൽ ചാടിയ 6.47 മീറ്ററാണ് കോഴിക്കോട് സ്വദേശിയായ നയനക്ക് കനകനേട്ടം സമ്മാനിച്ചത്. 6.55 മീ. ആണ് താരത്തിന്റെ മികച്ച വ്യക്തിഗത നേട്ടം. 6.33 മീറ്ററുമായാണ് കാലിക്കറ്റ് സർവകലാശാല താരം കൂടിയായ ആൻസി സോജൻ രണ്ടാമതായത്.

കാലിക്കറ്റിന്റെ മറ്റൊരു അത്‍ലറ്റായ സാന്ദ്ര 6.32 മീ. ചാടി വെങ്കലവും നേടി. നയന ഏഷ്യൻ ഗെയിംസിനും യോഗ്യത നേടി. തിരുവനന്തപുരത്ത് ഇന്ത്യൻ ഗ്രാൻപ്രീയിൽ 6.50 മീറ്റർ ദൂരവുമായി ആൻസി നേരത്തേ ഏഷ്യൻ ഗെയിംസ് യോഗ്യത നേടിയിരുന്നു. ചെന്നൈ ഇൻകം ടാക്സ് വകുപ്പിൽ ഇൻസ്പെക്ടറായ നയന പി.ബി. ജയകുമാറിന് കീഴിലാണ് പരിശീലിക്കുന്നത്.

കാറ്റിൽപെട്ട് ജ്യോതി

100 മീറ്റർ ഹർഡിൽസിൽ 20 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് വിശാഖപട്ടണംകാരി ജ്യോതി യാരാജി മറികടന്നെങ്കിലും കാറ്റിന്റെ ആനുകൂല്യമുള്ളതിനാൽ പരിഗണിച്ചില്ല. കാറ്റിന്റെ പരമാവധി വേഗത രണ്ട് മീറ്ററിൽ കൂടുതലായതാണ് തിരിച്ചടിയായത്. 13.09 സെക്കൻഡിലായിരുന്നു ജ്യോതിയുടെ ഫിനിഷിങ്. 2002ൽ അനുരാധ ബിസ്വാൾ കുറിച്ച 13.38 സെ. ഇനിയും നിലനിൽക്കും.

23കാരിയായ ജ്യോതി രണ്ടുവർഷം മുമ്പ് മൂഡബിദ്രി അന്തർ സർവകലാശാല മീറ്റിൽ 13.03 സെക്കൻഡിൽ പുതിയ സമയം കണ്ടെത്തിയിരുന്നു. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി പരിശോധനയും അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികളുടെ സാന്നിധ്യവും ഇല്ലാത്തതിനാൽ അന്നും റെക്കോഡ് പരിഗണിച്ചിരുന്നില്ല.

റിലയൻസ് ഫൗണ്ടേഷൻ ഒഡിഷ അത്‌ലറ്റിക്സ് ഹൈ പെർഫോമൻസ് സെന്ററിലാണ് ജ്യോതി പരിശീലിക്കുന്നത്. ബ്രിട്ടീഷുകാരൻ ജയിംസ് ഹില്യറാണ് പരിശീലകൻ. ഞായറാഴ്ച തേഞ്ഞിപ്പലത്ത് 100 മീറ്റർ ഹീറ്റ്സിലും താരം മീറ്റ് റെക്കോഡ് പിന്നിട്ടിരുന്നു.

വനിതകളുടെ ജാവലിൻ ത്രോയിൽ യു.പിയുടെ ദേശീയ റെക്കോഡുകാരി അന്നു റാണി സ്വർണം നേടി (61.15 മീ). കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകൾക്കും അന്നു യോഗ്യത നേടി. 63.24 മീ. ആണ് കരിയറിലെ മികച്ച പ്രകടനം.

മൂന്നാം ദിനം മീനച്ചൂടിന്റെ കാഠിന്യം വിട്ടുമാറാത്ത സായന്തനത്തിൽ 110 മീറ്റർ ഹർഡ്ൽസിനാണ് ആദ്യം വെടി മുഴങ്ങിയത്. 14.08 സെക്കൻഡിൽ മഹാരാഷ്ട്രയുടെ ദേശീയ ചാമ്പ്യൻ സിദ്ധാന്ത് തിംഗലായക്കാണ് സ്വർണം. പഞ്ചാബിന്റെ സന്ദീപ് സിങ് ഭാട്യ വെള്ളി നേടി.

റെക്കോഡുകൾ ഇല്ലാതെയാണ് മൂന്നാം ദിനം അവസാനിച്ചത്. ചൊവ്വാഴ്ച എട്ട് ഫൈനലുകൾ നടക്കും.

മറ്റ് ഫലങ്ങള്‍- ഹൈജംപ് പുരു.: 1. സര്‍വേഷ് കുഷാര (മഹാരാഷ്ട്ര), 2. ആര്‍. മണിവണ്ണന്‍ (തമിഴ്‌നാട്), 3. ജസെ സന്ദേശ് (കര്‍ണാടക). സ്റ്റീപ്ൾ ചേസ് പുരു.: 1. ശങ്കര്‍ ലാല്‍ സ്വാമി-(ഹരിയാന), 2. ബാല്‍ കിഷന്‍ (ഹരിയാന), 3. പ്രിന്‍സ് രാജ് മിശ്ര-(സിക്കിം). ഷോട്ട്പുട്ട് പുരു.: 1. തേജീന്ദര്‍പാല്‍ സിങ് തൂര്‍-(പഞ്ചാബ്), 2. കരണ്‍വീര്‍സിങ് (പഞ്ചാബ്), 3. നരേഷ് ആന്റില്‍ (ഹരിയാന). സ്റ്റീപ്ൾ ചേസ് വനിത: 1. കോമള്‍ ചന്ദ്രക ജഗദ്‌ലെ (മഹാരാഷ്ട്ര), 2. റിച്ച ബദൗരിയ-(ഉത്തര്‍പ്രദേശ്), 3. ജി. മഹേശ്വരി (തെലങ്കാന).

Tags:    
News Summary - Dominance of Malayalees in the Federation Cup Long Jump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT