എലൈറ്റ് സ്കീമിൽനിന്ന് തള്ളി: കേരളത്തിന് മെയ്മോന്റെ പൊന്നിൻപ്രതികാരം

ബംഗളൂരു: കായികതാരങ്ങളുടെ പരിശീലനത്തിനായുള്ള എലൈറ്റ് സ്കീമിൽനിന്ന് കേരളം പുറന്തള്ളിയ മെയ്മോൻ പൗലോസിന്റേത് തങ്കത്തിളക്കമുള്ള പ്രതികാരം. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഓപൺ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 110 മീറ്റര്‍ ഹര്‍ഡ്ല്‍സിലാണ് സർവിസസിനായി മലയാളിതാരം സ്വർണമണിഞ്ഞത്. തൃശൂർ സ്വദേശിയായ മെയ്മോൻ കൊച്ചി നേവിയിൽ ഉദ്യോഗസ്ഥനാണ്.

മെയ്മോനെ കൂടാതെ ദേശീയ ഗെയിംസിൽ കേരളത്തിനായി ട്രിപ്ൾ ജംപിൽ സ്വർണവും ഓപൺ അത്‍ലറ്റിക്സിൽ വെള്ളിയും നേടിയ എൻ.വി. ഷീന, 400 മീറ്റർ ഹർഡ്ൽസിലെ ഏഷ്യൻ മെഡലിസ്റ്റ് അനു രാഘവൻ, കെ.പി. അശ്വിൻ എന്നിവരടക്കമുള്ള താരങ്ങളെ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2018 പകുതിയോടെ സ്പോർട്സ് കൗൺസിൽ എലൈറ്റ് സ്കീമിൽനിന്ന് മാറ്റിയത്.

ഇതോടെ നാലുവർഷമായി സ്വന്തം ചെലവിൽ പരിശീലനം നടത്തിയാണ് ഈ താരങ്ങൾ മത്സരിക്കാനിറങ്ങുന്നത്. ദേശീയ ഗെയിംസിലും ഓപൺ അത്‍ലറ്റിക്സിലും നിർബന്ധമായും സർവിസസിനായി മത്സരിക്കേണ്ടതിനാൽ അവയൊഴികെ മറ്റു മത്സരങ്ങളിലെല്ലാം ഇതുവരെ കേരളത്തിനായി മാത്രമേ ട്രാക്കിലിറങ്ങിയിട്ടുള്ളൂ എന്ന് മെയ്മോൻ ചൂണ്ടിക്കാട്ടി.

110 മീ. ഹർഡ്ൽസിൽ 13.97 സെക്കൻഡിൽ ഓടിയെത്തിയ കേരളത്തിലെ ഏക താരവും മെയ്മോനാണ്. എലൈറ്റ് സ്കീമിൽനിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി താരങ്ങൾ കേരള കായികമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും സ്പോർട്സ് കൗൺസിൽ വഴങ്ങിയില്ല. ജോലിയുള്ളവരെ പരിശീലിപ്പിക്കാൻ ഫണ്ടില്ലെന്നും അവർ സ്വന്തം ചെലവിൽ പരിശീലിക്കട്ടെ എന്നുമായിരുന്നു നിലപാട്. 

റെയിൽവേസ് ചാമ്പ്യന്മാർ

ബംഗളൂരു: കേരളത്തിന്റെ പേരിൽ ഒരു സ്വർണമെഡൽ പോലും രേഖപ്പെടുത്താതെ ദേശീയ ഓപൺ അത്‍ലറ്റിക്സിന് സമാപനം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ 297 പോയന്റുമായി റെയിൽവേസ് ചാമ്പ്യന്മാരായി. സർവിസസും (174), യു.പിയും (69) രണ്ടും മൂന്നും സ്ഥാനം നേടി. 30.5 പോയന്റുമായി കേരളം 11ാമതാണ്. വനിത ലോങ്ജംപിൽ കേരളത്തിന്റെ ശ്രുതി ലക്ഷ്മി വെള്ളിയും നയന ജെയിംസ് വെങ്കലവും നേടി. യു.പിയുടെ ഷൈലി സിങ്ങിനാണ് സ്വർണം. പുരുഷ ട്രിപ്ൾ ജംപിൽ സർവിസസിന്റെ മലയാളിതാരം എ.ബി. അരുൺ സ്വർണം നേടി. 400 മീ. ഹർഡ്ൽസിൽ കേരളത്തിന്റെ ആർ. ആരതി നാലാമതെത്തി.

Tags:    
News Summary - Banned from elite scheme: Maymon's golden revenge for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT