ഏഷ്യൻ ഗെയിംസിന് ഉജ്ജ്വല തുടക്കം; ഇന്ത്യൻ സംഘത്തെ നയിച്ച് ലവ്‍ലിനയും ഹർമൻപ്രീതും

ഹാങ്ചോ: ഒരു വർഷം വൈകിയെത്തിയ ഏഷ്യൻ ഗെയിംസിന് ചൈന ഒരുക്കിയ കലാവിരുന്നിന്റെയും വിസ്മയപ്രകടനങ്ങളുടെയും അകമ്പടിയോടെ ഗംഭീര തുടക്കം. ഇനി രണ്ടാഴ്ച ഏഷ്യയിലെ കായികപോരാട്ടങ്ങളുടെ വസന്തകാലം. ആതിഥേയരുടെ സമ്പന്നമായ പാരമ്പര്യവും സമകാലിക ആർട്ടിഫിഷൽ ഇന്റലിജൻസും ഏഷ്യൻ വൻകരയുടെ ഐക്യവും സമന്വയിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.

‘ഏഷ്യയിലെ അലയടിക്കുന്ന വേലിയേറ്റം’ എന്ന പ്രമേയത്തിനുള്ള ചടങ്ങുകൾ രണ്ട് മണിക്കൂറിലേറെ നീണ്ടു. ഡിജിറ്റൽ സാങ്കേതിക വിദ്യ കൂടി ഉപയോഗിച്ചായിരുന്നു ഗെയിംസ് ദീപം തെളിച്ചത്. കിയാൻതാങ് നദിയുടെ ഓരത്ത് ‘ബിഗ് ലോട്ടസ്’ എന്നറിയപ്പെടുന്ന ഹാങ്ചോ ഒളിമ്പിക് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ അരലക്ഷത്തിലേറെ പേരെ സാക്ഷിയാക്കി 19ാമത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഏഷ്യൻ മേളയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

കംബോഡിയൻ രാജാവ് ദെറോദോം സിഹാമണി, സിറിയൻ പ്രസിഡന്റ് ബഷർഅൽ അസദ് തുടങ്ങിയ നേതാക്കൾ സാക്ഷ്യം വഹിച്ചു. അരുണാചലിൽനിന്നുള്ള വുഷു താരങ്ങൾക്ക് അക്രഡിറ്റേഷൻ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുർ ചൈനയിലെത്തിയില്ല. ഹോക്കി ടീം നായകൻ ഹർമൻപ്രീത് സിങ്ങും ബോക്സിങ് താരം ലവ്‍ലിന ബൊർഗോ ഹെയ്നുമാണ് ചടങ്ങിൽ ഇന്ത്യയെ നയിച്ചത്.

പുരുഷന്മാർ കാക്കി നിറത്തിലുള്ള കുർത്തയും വനിത താരങ്ങൾ പച്ചക്കരയുള്ള കാക്കി സാരിയുമണിഞ്ഞു. 655 അത്‍ലറ്റുകളും 260 ഒഫീഷ്യലുകളുമടക്കം 921 പേരടങ്ങിയതാണ് ഇന്ത്യൻ സംഘം. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ്, ഈ മാസം 19ന് തന്നെ ഗെയിംസിലെ ചില മത്സരങ്ങൾ തുടങ്ങിയിരുന്നു. 45 രാജ്യങ്ങളിൽനിന്നുള്ള 12,000ത്തിലധികം കായികതാരങ്ങൾ പങ്കെടുക്കുന്ന ഗെയിംസിന് ഒക്ടോബർ എട്ടിന് തിരശ്ശീല വീഴും. കോവിഡ് മഹാമാരി കാരണമായിരുന്നു ഗെയിംസ് ഒരു വർഷം വൈകിയത്.

Tags:    
News Summary - Asian Games 2023 Opening Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT