ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ് സമാപിച്ചു; 24 മെഡലുകൾ; ഇന്ത്യ രണ്ടാമത്

ഗുമി (ദക്ഷിണ കൊറിയ): അഞ്ചു ദിവസമായി നടന്ന ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 24 മെഡലുകളുമായി ഇന്ത്യൻ ടീമിന്റെ മടക്കം. എട്ട് സ്വർണവും 10 വെള്ളിയും ആറ് വെങ്കലവുമാണ് സമ്പാദ്യം. 15 സ്വർണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവുമായി 26 മെഡലുകൾ നേടിയ ചൈനക്ക് പിന്നിൽ രണ്ടാമതാണ്.

കഴിഞ്ഞ തവണ ആറ് സ്വർണമുൾപ്പെടെ 26 മെഡലുകളുണ്ടായിരുന്നു ഇന്ത്യക്ക്. ജപ്പാനാണ് മൂന്നാമത്. സമാപന ദിനം മൂന്നുവീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യക്ക് ലഭിച്ചത്. പുരുഷ ജാവലിൻ ത്രോയിൽ സച്ചിൻ യാദവും വനിത 4x100 മീറ്റർ റിലേ ടീമും 5000 മീറ്ററിൽ പാരുൾ ചൗധരിയും വെള്ളി നേടി. പുരുഷന്മാരുടെ 200 മീറ്ററിൽ അനിമേഷ് കുജൂറും വനിത 800 മീറ്ററിൽ പൂജയും 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജും വെങ്കലം സ്വന്തമാക്കി.

അർഷദ് നദീമിന് പിന്നിൽ സച്ചിൻ

ഒളിമ്പിക് ചാമ്പ്യൻ പാകിസ്താന്റെ അർഷദ് നദീമാണ് (86.40 മീ.) ജാവലിൻ ത്രോയിൽ സ്വർണം നേടിയത്. ഇന്ത്യയുടെ സച്ചിൻ യാദവ് മികച്ച വ്യക്തിഗത ദൂരമായ 84.39 മീറ്റർ എറിഞ്ഞ് രണ്ടാമനായി. അഞ്ചാം സ്ഥാനത്തെത്തിയ സഹതാരം യശ്വീർ സിങ്ങിന്റെതും (82.57) പേഴ്സനൽ ബെസ്റ്റാണ്.

വനിത 4x100 മീറ്റർ റിലേ ടീം 43.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാമതെത്തി. ചൈനക്കാണ് സ്വർണം. അഭിനയ രാജരാജൻ, എസ്.എസ് സ്നേഹ, ശ്രബാനി നന്ദ, നിത്യ ഗാന്ധെ എന്നിവരായിരുന്നു ഇന്ത്യൻ ടീമിൽ. 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ രണ്ടാം സ്ഥാനം നേടിയ പാരുൾ 5000 മീറ്ററിൽ 15 മിനിറ്റ് 15.33 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇരട്ട വെള്ളിക്കുടമയായി. വിത്യ 56.46 സെക്കൻഡിൽ 400 മീറ്റർ ഹർഡ്ൽസ് വെങ്കലം കൈക്കലാക്കിയപ്പോൾ മലയാളി താരം ആർ. അനു അഞ്ചാമതായി. 800 മീറ്ററിൽ പൂജ വെങ്കലം നേടിയത് രണ്ട് മിനിറ്റ് 01.89 സെക്കൻഡിലാണ്. വനിത 200 മീറ്ററിൽ ഇന്ത്യയുടെ ജ്യോതി യാരാജിക്ക് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

അനിമേഷ് ചരിത്രം

ദേശീയ റെക്കോഡോടെയായിരുന്നു അനിമേഷിന്റെ വെങ്കല ഫിനിഷ്. ഏഷ്യൻ ചാമ്പ്യൻഷിപ് പുരുഷ 200 മീറ്ററിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനുമായി. 2015ൽ ധരംബീർ സിങ് കരസ്ഥമാക്കിയ വെങ്കലമാണ് പട്ടികയിൽ ആദ്യത്തേത്. 20.32 സെക്കൻഡിൽ ഫിനിഷ് ചെയ്ത അനിമേഷ് സ്വന്തം റെക്കോഡ് (20.40) പുതുക്കുകയായിരുന്നു. ജപ്പാന്റെ തൊവ ഉസാവ (20.12) സ്വർണവും സൗദി അറേബ്യയുടെ അബ്ദുൽ അസീസ് അബ്ദുൽ അതാഫി (20.31) വെള്ളിയും നേടി.

Tags:    
News Summary - Asian Athletics Championships conclude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT