ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ്: ജാവലിൻത്രോയിൽ അന്നു റാണിക്ക് ഏഴാംസ്ഥാനം; 61.12 മീ.

യൂജീൻ: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മറ്റൊരു മെഡൽ സ്വപ്നംകൂടി പൊലിഞ്ഞു. വനിത ജാവലിൻത്രോ ഫൈനലിൽ ഇറങ്ങിയ അന്നു റാണി ഏഴാം സ്ഥാനത്തായി.

61.12 മീറ്ററാണ് എറിഞ്ഞത്. നിലവിലെ ചാമ്പ്യൻ ആസ്ട്രേലിയയുടെ കെൽസേ ലീ ബാർബർ സ്വർണവും (66.91 മീ.), അമേരിക്കയുടെ കറാ വിങർ (64.05) വെള്ളിയും ജപ്പാന്റെ ഹാരുക കിറ്റാഗുചി (63.27) വെങ്കലവും നേടി. അന്നുവിന്റെ കരിയർ ബെസ്റ്റ് പ്രകടനമായ 63.82 മീറ്റർ ആവർത്തിച്ചിരുന്നുവെങ്കിൽ മൂന്നാംസ്ഥാനമെങ്കിലും ഉറപ്പായിരുന്നു.

തുടർച്ചയായ രണ്ടാം ഫൈനലായിരുന്നു ഉത്തർപ്രദേശുകാരിക്ക്. 2019ൽ ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തി എട്ടാംസ്ഥാനമാണ് ലഭിച്ചത്. അന്നും 61.12 മീറ്ററായിരുന്നു മികച്ച ദൂരം. 56.18, 61.12, 59.27, 58.14, 59.98, 58.70 എന്നിങ്ങനെയാണ് ശനിയാഴ്ചത്തെ അന്തിമ മത്സരത്തിൽ അന്നു റാണി എറിഞ്ഞത്. ഒളിമ്പിക് ചാമ്പ്യൻ ചൈന‍യുടെ ഷിയിങ് ലിയു (63.25) നാലാമതായി.

അന്നു, 59.60 മീറ്റർ പ്രകടനത്തിൽ യോഗ്യത റൗണ്ടിൽ എട്ടാമതായാണ് ഫൈനലിലേക്ക് കടന്നത്. 2017ൽ ലണ്ടനിൽ നടന്ന ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലും മത്സരിച്ചെങ്കിലും യോഗ്യത റൗണ്ടിൽ പത്താമതായി പുറത്തുപോയി. ഞാ‍യറാഴ്ച ഇന്ത്യൻ സമയം രാവിലെ നടക്കുന്ന പുരുഷ ജാവലിൻത്രോ ഫൈനലാണ് മീറ്റിൽ ഇന്ത്യക്ക് ഏറെ പ്രതീക്ഷയുള്ള ഇനം.

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര യോഗ്യത റൗണ്ടിൽ രണ്ടാമതായിരുന്നു. ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവും ഫൈനലിലുണ്ട്. ട്രിപ്ൾ ജംപ് ഫൈനലിൽ രാജ്യത്തിന്റെ ആദ്യ പ്രതിനിധിയും മലയാളിയുമായ എൽദോസ് പോളും ഇന്നിറങ്ങും. പുരുഷ 4x400 മീറ്റർ റിലേയിൽ യോഗ്യത പോരാട്ടവുമുണ്ട്.

Tags:    
News Summary - Annu Rani finishes seventh in World Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT