റൊണാൾഡോക്ക് ആറ് മാസം വരെ വിലക്കിന് സാധ്യത; ആശ്വാസമായി അച്ചടക്ക നിയമത്തിലെ വകുപ്പ്
ലിസ്ബൺ: ദേശീയ ടീം ക്യാമ്പ് വിട്ട പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആറ് മാസം വരെ വിലക്ക് ലഭിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ മാസം റൊണാൾഡോ ടീം ക്യാമ്പ് വിട്ടിരുന്നു. പോർച്ചുഗീസ് ഫുട്ബാൾ ഫെഡറേഷൻ്റെ അച്ചടക്ക ചട്ടങ്ങൾ ലംഘിച്ചതിനാണ് താരത്തിനെതിരെ അച്ചടക്ക നടപടി വരുന്നത്.
മൂന്ന് ആഴ്ച നീണ്ട അന്താരാഷ്ട്ര ഇടവേളയിൽ പോർച്ചുഗലിന്റെ ഒരു നാഷൻസ് ലീഗ് മത്സരത്തിൽ മാത്രമാണ് റൊണാൾഡോ കളിച്ചത്. ഡെൻമാർക്കിനെതിരായ മത്സരത്തിൽ (4-2 വിജയം) പകരക്കാരുടെ ബെഞ്ചിലിരുത്തിയതിൽ പ്രകോപിതനായാണ് താരം ക്യാമ്പ് വിട്ടത്. സംഭവം വിവാദമായതോടെ ആരാധകരോടും സഹതാരങ്ങളോടും മാപ്പ് ചോദിച്ച് ചൊവ്വാഴ്ച റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വിലക്കിന് പകരം സാമ്പത്തിക പിഴ ശിക്ഷ ചുമത്തണമെന്നും താരം അഭ്യർത്ഥിച്ചിട്ടുണ്ട്.
പോർച്ചുഗീസ് ഫുട്ബാൾ ഫെഡറേഷൻ്റെ അച്ചടക്ക ചട്ടങ്ങളിലെ ആർട്ടിക്കിൾ 160 അനുസരിച്ച്, തക്കതായ കാരണങ്ങളില്ലാതെ ദേശീയ ടീമിന്റെ പരിശീലനത്തിലോ മത്സരങ്ങളിലോ മറ്റ് ഔദ്യോഗിക പരിപാടികളിലോ പങ്കെടുക്കാതിരുന്നാൽ ഒരു മാസം മുതൽ ആറ് മാസം വരെ വിലക്കും ഒപ്പം പിഴയും നേരിടേണ്ടി വരും.
റൊണാൾഡോയ്ക്ക് ആശ്വാസമാകുന്ന വകുപ്പ്
അതേസമയം, പോർച്ചുഗീസ് മാധ്യമമായ 'എ ബോള'യോട് സംസാരിക്കവേ ഫിഫ ജഡ്ജിയും നിയമ വിദഗ്ദ്ധനുമായ ഗോൺസാലോ അൽമേഡ റൊണാൾഡോയ്ക്ക് ആശ്വാസകരമായ വിവരങ്ങൾ പങ്കുവെച്ചു. റൊണാൾഡോ ക്യാമ്പ് വിട്ട നിമിഷം മുതൽ തന്നെ വിലക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും, അച്ചടക്ക സമിതി താരത്തിന്റെ വിശദീകരണം സ്വീകരിച്ച് വേഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 244 ആണ് റൊണാൾഡോയ്ക്ക് തുണയാകുന്നത്. ഈ വകുപ്പ് പ്രകാരം, ആരോപണവിധേയനായ വ്യക്തി ഉന്നയിക്കപ്പെട്ട വീഴ്ച സംശയങ്ങൾക്കിടയില്ലാത്ത വിധം തുറന്നുസമ്മതിക്കുകയാണെങ്കിൽ ചുമത്തപ്പെടുന്ന പരമാവധി ശിക്ഷയുടെ കാലാവധി പകുതിയായി കുറയ്ക്കാൻ അച്ചടക്ക ബോർഡിന് അധികാരമുണ്ട്.
റൊണാൾഡോ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച നിരുപാധികം സമ്മതിച്ചതിനാലും ഖേദം പ്രകടിപ്പിച്ചതിനാലും പരമാവധി ലഭിക്കാവുന്ന ആറ് മാസത്തെ വിലക്ക് മൂന്ന് മാസമായി കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.