നീരജ് ചോപ്ര മത്സരശേഷം പാക് താരം അർഷാദ് നദീമിന് ഹസ്തദാനം നൽകിയോ..?; വാസ്തവമിതാണ്..!

ടോക്കിയോ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോ ഫൈനൽ മത്സരം നടക്കുന്ന ജപ്പാൻ നാഷനൽ സ്റ്റേഡിയത്തിൽ മത്സരത്തോളം പിരിമുറക്കവും ഊഹാപോഹങ്ങളും നിറഞ്ഞ ഒന്നാണ് ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താൻ താരം അർഷാദ് നദീമും തമ്മിൽ മത്സര ശേഷം കൈകൊടുക്കുമോ(ഹസ്തദാനം) എന്നുള്ളത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൂര്യകുമാർ യാദവ് പാക് താരങ്ങൾക്ക് കൈകൊടുക്കാൻ വിസമ്മതിച്ചത് വലിയ വിവാദമായത് മുതൽ ലോക വേദിയിൽ ജാവലിൻ ത്രോയിൽ കണ്ടുമുട്ടാൻ പോകുന്ന നീരജിനെയും അർഷാദിനെയും കുറിച്ചുള്ള വാർത്തകൾ നിറഞ്ഞിരുന്നു. 

പാരിസ് ഒളിമ്പിക്സിന് ശേഷം നീരജും അർഷാദും നേർക്കുനേർ വരുന്ന ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. യോഗ്യതാ റൗണ്ടിൽ രണ്ടു ഗ്രൂപ്പുകളിലായാണ് ഇവർ മത്സരിച്ചത്. 

എന്നാൽ, എല്ലാ ആശങ്കകളും അവസാനിപ്പിച്ച് ഇരുതാരങ്ങളും മത്സരശേഷം രണ്ടുവഴിക്ക് പോകുകയായിരുന്നു. മത്സരത്തിൽ കനത്ത തിരിച്ചടി നേരിട്ട രണ്ടുപേരും പരസ്പരം നോക്കുക പോലുമുണ്ടായില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുൻ ചാമ്പ്യനും ഇന്ത്യയുടെ ഉറച്ച സ്വർണ പ്രതീക്ഷയുമായ നീരജ് ചോപ്ര എട്ടാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ ഒളിമ്പിക്സ് ചാമ്പ്യനായ അർഷാദിന് പത്താം സ്ഥാനമാണ് ലഭിച്ചത്. 

ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ലോകവേദികളിൽ എന്നും നേർക്കുനേർ പോരാടാറുള്ള അർഷദും നീരജും കളത്തിൽ എപ്പോഴും സൗഹൃദം പങ്കിടാറുണ്ട്. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ ഇവരുടെ സൗഹൃദം കളത്തിൽ എങ്ങനെയാകും എന്ന ആശങ്കയും പിരിമുറുക്കവുമാണ് സമൂഹമാധ്യമങ്ങളിൽ ഉടനീളം നിറഞ്ഞിരുന്നത്. ഗ്രൗണ്ടിൽ മുഖത്തോട് മുഖം നോക്കാതെ ഇരുവരും നിന്നതോടെ എല്ലാ ആശങ്കകൾക്കും അവസാനമായി. 

നീരജിന്റെ കിതപ്പ്, സച്ചിന്റെ ഉയിർപ്പ്..!; ടോക്കിയോയിൽ ഇന്ത്യയുടെ മാനംകാത്ത പുത്തൻ താരോദയം

ടോക്കിയോ: ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൽ ത്രോയിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിനമായിരുന്നു. സ്വർണത്തിൽ കുറഞ്ഞൊരു ലക്ഷ്യവുമില്ലാതെ ടോക്കിയോയിൽ വീണ്ടും പറന്നെത്തിയ നിലവിലെ ലോക ചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമായ നീരജ് ചോപ്ര എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 83.65 മീറ്റര്‍, 84.03 മീറ്റര്‍, ഫൗള്‍, 82.63 മീറ്റര്‍, ഫൗള്‍ എന്നിങ്ങനെയാണ് നീരജിന്റെ പ്രകടനം.

എന്നാൽ, പ്രതീക്ഷിച്ച സ്വർണം നഷ്ടപ്പെട്ടെങ്കിലും നാലാം സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി ഇടിച്ചുകയറിയ സച്ചിൻ യാദവ് ഇന്ത്യയുടെ പുത്തൻ താരദോയമായി. തന്റെ ആദ്യ ത്രോയിൽ 86.27 മീറ്റർ ദൂരം ജാവലിൻ പായിച്ച സച്ചിന് ചെറിയ വ്യത്യാസത്തിലാണ് വെങ്കല മെഡൽ നഷ്ടമായത്. തുടർന്നുള്ള ശ്രമങ്ങളിൽ ( 85.71, 84.90, 85.96, 80.95) നില മെച്ചപ്പെടുത്താനുമായില്ല.

ആദ്യ ശ്രമത്തിൽ 88.16 മീറ്റർ ദൂരമെറിഞ്ഞ ട്രിനിഡാഡ് ടുബാഗോയുടെ കെഷോൺ വാൽകോട്ടിനാണ് ജാവലിൻ ത്രോ സ്വർണം. 87.38 മീറ്റർ ജാവലിൽ എറിഞ്ഞ് ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് വെള്ളി നേടി. അമേരിക്കയുടെ കർടിസ് തോംപ്സനാണ് (86.67) വെങ്കലം.

അതേസമയം, 2024 ഒളിമ്പിക്സിൽ 92.97 മീറ്റർ ദൂരം ജാവലിൻ പായിച്ച് സ്വർണം നേടിയ പാകിസ്താന്റെ അർഷാദ് നദീം ഇന്ന് 82.75 മീറ്റർ ദൂരം എറിഞ്ഞ് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒളിമ്പിക്സിൽ അർഷാദിന് പിന്നിൽ 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ അതേ വേദിയിൽ ഇന്ത്യയുടെ നീരജ് മത്സരിക്കാനിറങ്ങുമ്പോൾ രാജ്യം വലിയ പ്രതീക്ഷയിലായിരുന്നു. 2023 ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ്, മെഡൽ നേട്ടം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ശരാശരി പ്രകടനം പോലും താരത്തിനെടുക്കാനായില്ല.

Tags:    
News Summary - Did Neeraj Chopra Shake Hands With Arshad Nadeem At World Athletics Championships 2025? Here’s The truth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.