'ലോകകപ്പ് നേടി അവൻ കാൻസർ വന്ന് മരിച്ചിരുന്നെങ്കിലും ഞാൻ അഭിമാനിക്കുമായിരുന്നു'; യുവരാജ് സിങ്ങിന്‍റെ അച്ഛൻ

വിവാദ പരാമർശങ്ങൾ നടത്തി എന്നും വാർത്തകളിൽ ഇടം നേടുന്നയാളാണ് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം യുവരാജ് സിങ്ങിന്‍റെ അച്ഛൻ യോഗ് രാജ് സിങ്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ഒരുപാട് തവണ യോഗ് രാജ് സിങ് ആഞ്ഞടിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ അദ്ദേഹത്തിന്‍റെ മകനായ യുവരാജിനെ കുറിച്ചാണ് യോഗ് രാജ് സംസാരിക്കുന്നത്. മകൻ കാൻസർ വന്ന് മരിച്ചാലും ലോകകപ്പ് നേടിയിട്ടുണ്ടെങ്കിലും ഞാൻ അവനെ ഓർത്ത് അഭിമാനിക്കുമായിരുന്നുവെന്നാണ് യോഗ് രാജ് പറയുന്നത്.

പിതാവിനെ പോലെ ഒരു പത്ത് ശതമാനമെങ്കിലും പരിശ്രമിച്ചിരുന്നുവെങ്കിൽ യുവരാജ് മികച്ച ക്രിക്കറ്ററയി മാറിയേനെയെന്നും യോഗ് രാജ് പറഞ്ഞു. 2011 ലോകകപ്പ് കളിക്കുമ്പോൾ യുവരാജ് സിങ്ങിന് കാൻസർ പിടിപ്പിട്ടിരുന്നു. ഇത് വകവെക്കാതെയാണ് താരം ഫൈനൽ ഉൾപ്പടെ എല്ലാ മത്സരവും ഇന്ത്യക്കായി കളിച്ചത്.  എന്നാൽ പിന്നീട് അദ്ദേഹം കാൻസറിനെ അതിജീവിച്ചു.

'യുവരാജ് കാൻസറിനോട് പരാജയപ്പെട്ട് മരണമടയുകയും ഇന്ത്യ ലോകകപ്പ് നേടുകയും ചെയ്‌തിരുന്നെങ്കിൽ മകനെ ഓർത്ത് എനിക്ക് ഏറെ അഭിമാനം മാത്രമെ തോന്നുമായിരുന്നുള്ളൂ. ഇപ്പോഴും എനിക്ക് അവനെ ഓർത്ത് അഭിമാനം മാത്രമേയുള്ളൂ. ഇക്കാര്യം ഞാൻ അവനോട് പറയുകയും ചെയ്തിട്ടുണ്ട്. ചോര തുപ്പി പിച്ചിൽ വീണപ്പോൾ പോലും അവൻ കളി തുടരണമെന്നായിരുന്നു എനിക്ക് ആഗ്രഹം. ഞാൻ അവനോട് പറഞ്ഞു, പേടിക്കേണ്ട നീയിപ്പോൾ മരിക്കില്ല, ഇന്ത്യക്കായി ലോകകപ്പ് നേടണം,' യോഗ് രാജ് പറഞ്ഞു.

യുവരാജ് തന്‍റെ കഴിവിന്‍റെ പൂർണതയിൽ എത്തിയിട്ടില്ലെന്നാണ് അച്ഛൻ വിശ്വസിക്കുന്നത്. 'യുവരാജ് അവന്‍റെ അച്ഛനെ പോലെ പത്ത് ശതമാനമെങ്കിലും പരിശ്രമിച്ചിരുന്നെങ്കിൽ മികച്ച ക്രിക്കറ്ററായി മാറുമായിരുന്നു,' യോഗ് രാജ് കൂട്ടിച്ചേർത്തു. 2011 ലോകകപ്പിൽ പ്ലെയർ ഓഫ് ദി സീരീസായി മാറിയ യുവി 362 റൺസും 16 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Yograj Singh says Even If Yuvraj Singh Had Died As India Won World Cup, he Would've Been Proud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.