ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടവുമായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയും സഹതാരങ്ങളും
കരുത്തുറ്റ പോരാളികളായി ശത്രുപക്ഷത്തെ ആക്രമിച്ച് മുന്നേറി അവസാനം ലക്ഷ്യസ്ഥാനത്ത് എത്താതെ പിന്തിരിഞ്ഞോടേണ്ടിവരുന്ന സൈന്യത്തെപ്പോലെയാണ് ക്രിക്കറ്റിൽ പ്രോട്ടീസ് പട. എല്ലാ ലോക അങ്കത്തിലും മികച്ച പടത്തലവന്മാരും പടയാളികളും അവർക്കൊപ്പം അണിനിരക്കും. യുദ്ധത്തിന്റെ തുടക്കത്തിൽ ആഞ്ഞടിച്ച് കൊമ്പന്മാരായി അവർ കളംവാഴും. എന്നാൽ, ക്ലൈമാക്സിൽ നിർഭാഗ്യത്തിന്റെയോ മറ്റെന്തിന്റെയൊക്കെയോ പേരിൽ അവർ ലക്ഷ്യം കാണാതെ കീഴടങ്ങും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ദക്ഷിണാഫ്രിക്കൻ ടീമിന്റെ പ്രധാന ടൂർണമെന്റുകളിലെ അവസ്ഥയാണിത്. ക്രിക്കറ്റ് ചരിത്രത്തിൽ ദൗർഭാഗ്യങ്ങളുടെ പേരിലറിയപ്പെട്ടിരുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. ലോകം കണ്ട മികച്ച ക്രിക്കറ്റ് താരങ്ങളാൽ സമ്പന്നമായ ടീമാണെങ്കിലും ഐ.സി.സിയുടെ പ്രധാന ടൂർണമെന്റുകളിലെല്ലാം കളി മറക്കുന്നവരായിരുന്നു പ്രോട്ടീസ്. എന്നാൽ, കഴിഞ്ഞ ദിവസം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ആസ്ട്രേലിയയെ മുട്ടുകുത്തിച്ച് ലോക കിരീടം ചൂടിയ ദക്ഷിണാഫ്രിക്ക ആ ചരിത്രം മാറ്റിക്കുറിച്ചു.
27 വർഷത്തിനു ശേഷം ഒരു ഐ.സി.സി കിരീടമെന്ന അവരുടെ കാത്തിരിപ്പിനാണ് ലോർഡ്സ് സാക്ഷ്യം വഹിച്ചത്. ശക്തമായ ടീമായിട്ടും ദക്ഷിണാഫ്രിക്കയുടെ ചരിത്രം വിജയങ്ങളേക്കാള് ദൗർഭാഗ്യങ്ങളാലും നഷ്ടമായ അവസരങ്ങളാലും നിറഞ്ഞതാണ്. ലോകകപ്പുകളിലും മറ്റു പ്രധാന ടൂര്ണമെന്റുകളിലും നേരിയ വ്യത്യാസത്തിലോ പ്രതികൂലാവസ്ഥയിലോ ടീമിന് കിരീടം നഷ്ടമായ കഥകൾ ഏറെയുണ്ട്. ഐ.സി.സിയുടെ പ്രധാന ടൂർണമെന്റുകളിൽ 12 തവണ സെമിഫൈനലിൽ എത്തിയെങ്കിലും ഒരുതവണ മാത്രമാണ് പ്രോട്ടീസിന് വിജയിക്കാനായത്. ക്രിക്കറ്റ് ചരിത്രത്തിൽ ഏറെ വിവാദങ്ങളിൽ പേരുകേട്ട ടീം കൂടിയാണ് ദക്ഷിണാഫ്രിക്ക. താരങ്ങളുടെ ഒത്തുകളിയും വർണവിവേചനത്തിന്റെ പേരിലെ വിലക്കുമെല്ലാം ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് കുതിപ്പിൽ കല്ലുകടിയായി.
വർണവിവേചന നയം കാരണം 1970ൽ ദക്ഷിണാഫ്രിക്കയെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിലക്കിയിരുന്നു. 1970 മുതൽ 21 വർഷത്തേക്ക് ആഗോള ക്രിക്കറ്റ് ലോകത്തിൽനിന്ന് പുറത്തായ ദക്ഷിണാഫ്രിക്ക 1991ലാണ് തിരിച്ചുവരുന്നത്. നിരോധന കാലയളവിൽ അനധികൃത പര്യടനങ്ങൾ നടത്താനും അവർ ശ്രമിച്ചിരുന്നു. ഇത്തരം മത്സരത്തിൽ പങ്കെടുത്ത മറ്റു രാജ്യങ്ങളിലെ താരങ്ങൾക്കും ‘ജീവിതകാല വിലക്ക്’ ലഭിച്ചിരുന്നു. 1991ൽ ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയിലൂടെയായിരുന്നു അവർ തിരിച്ചെത്തിയത്. പിന്നാലെ 1992 ലോകകപ്പിൽ സെമിഫൈനൽ വരെ എത്തി പ്രോട്ടീസ് കരുത്ത് തെളിയിച്ചു.
1990കളിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ചുനിന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായിരുന്നു ഹാൻസി ക്രോണിയ. കരിയറിലെ മികച്ച നിലയിൽ നിൽക്കവേതന്നെ അദ്ദേഹം ലോക ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിവാദ ‘നായകനായി’. 2000ത്തിൽ ഒത്തുകളി വിവാദത്തിൽപ്പെട്ട് ക്രോണിയ അഴിമതിയുടെ ആരോപണത്തിൽ നിറഞ്ഞു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ക്രോണിയ കുറ്റം സമ്മതിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ വിശ്വാസ്യതയെത്തന്നെ ബാധിച്ച സംഭവമായിരുന്നുവത്. ക്രിക്കറ്റ് ബോർഡ് ഹാൻസിയെ ജീവിതകാലത്തേക്ക് വിലക്കേർപ്പെടുത്തി. 2002 ജൂൺ ഒന്നിന് സഞ്ചരിച്ച വിമാനം തകർന്നുവീണ് താരം വിടപറയുകയും ചെയ്തു.
1992 ഏകദിന ലോകകപ്പ് സെമിഫൈനൽ പോരാട്ടം പ്രോട്ടീസിന് ഒരിക്കലും മറക്കാനാവില്ല. ഇംഗ്ലണ്ടിനെതിരെ സിഡ്നിയിൽ നടന്ന സെമി പേരാട്ടത്തിൽ വിജയത്തിനായി 13 പന്തിൽ 22 റൺസ് വേണ്ടിയിരുന്നപ്പോൾ മഴമൂലം കളി തടസ്സപ്പെട്ടു. മത്സരം പുനരാരംഭിക്കുമ്പോൾ മഴനിയമത്തിലൂടെ പുതുക്കിയ ലക്ഷ്യം ഒരു പന്തിൽ 22 റൺസ് ആയി. അപ്രതീക്ഷിതമായ ആ പുറത്താകൽ അവരെ വർഷങ്ങളോളം വേട്ടയാടി.
1999 ഏകദിന ലോകകപ്പ് സെമിഫൈനലിലും ദക്ഷിണാഫ്രിക്കയെ നിർഭാഗ്യം കൈവിട്ടില്ല. എഡ്ജ്ബാസ്റ്റണിൽ ആസ്ട്രേലിയക്കെതിരെ ആവേശം നിറഞ്ഞാടിയ മത്സരത്തിൽ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മത്സരം സമനിലയിലാക്കാനേ പറ്റിയുള്ളൂ. മികച്ച നേറ്റ് റൺ റേറ്റ് മൂലം ആസ്ട്രേലിയ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.
2003ൽ സ്വന്തം നാട്ടിൽ നടന്ന ലോക കപ്പിൽ ഡക്ക്വർത്ത്-ലൂയിസ് നിയമപ്രകാരം വിജയത്തിനാവശ്യമായ സ്കോറിന് ഒരു റണ്ണകലെ എത്തിപ്പിടിച്ച് സമനിലയിലായി. ജയിക്കാൻ 230 റൺസ് വേണ്ടയിടത്ത് 229 റൺസ് മതിയെന്ന ധാരണയിലായിരുന്നു പ്രോട്ടീസിന്റെ ബാറ്റിങ്. 229 റൺസ് സ്കോർ ചെയ്തിട്ട് കളിക്കാർ വിജയിച്ചുവെന്ന് കരുതി ആഘോഷിച്ചെങ്കിലും ഫലം സമനിലയിലായിരുന്നു. ടൂർണമെന്റിൽ ഗ്രൂപ് ഘട്ടത്തിൽതന്നെ ദക്ഷിണാഫ്രിക്ക പുറത്താവാൻ ഈ മത്സരഫലം ഇടവരുത്തി.
2007ൽ വെസ്റ്റിൻഡീസിൽ നടന്ന ഏകദിന ലോകകപ്പിൽ ഒന്നാം റാങ്കിന്റെ പകിട്ടുമായാണ് പ്രോട്ടീസ് പോരിനിറങ്ങിയത്. ഗ്രേം സ്മിത്തിന്റെ കീഴിൽ മികച്ച ടീമായിരുന്നു അവർക്ക്. ഗ്രൂപ് ഘട്ടത്തിൽ മികച്ച പ്രകടനവുമായി സെമിയിലെത്തിയ പ്രോട്ടീസിന് ചരിത്രം ആവർത്തിച്ച് കാലിടറി. സെന്റ് ലൂസിയയിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ബാറ്റിങ് തകർച്ചകളിലൊന്നാണ് നേരിടേണ്ടിവന്നത്. 149 റൺസിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി വെറും 31.3 ഓവറിൽ ആസ്ട്രേലിയ ലക്ഷ്യം പിന്തുടർന്നു.
2015 ലോകകപ്പ് സെമിഫൈനലിനും ദക്ഷിണാഫ്രിക്കക്ക് നിരാശയായിരുന്നു ഫലം. മഴമൂലം മത്സരം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 281 റൺസ് നേടിയെങ്കിലും എതിർ ടീം ന്യൂസിലൻഡ് ഒരു പന്ത് ബാക്കിനിൽക്കെ വിജയ തീരമണിഞ്ഞു. മത്സര ശേഷം ദക്ഷിണാഫ്രിക്കൻ താരങ്ങൾ മൈതാനത്ത് കണ്ണീരണിഞ്ഞത് ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ നോവായുണ്ട്.
2023 ലോകകപ്പിൽ കരുത്തരായ ടീമുമായെത്തി ദക്ഷിണാഫ്രിക്ക സെമി ബർത്ത് നേടി. അവരുടെ ശക്തമായ ബാറ്റിങ് പ്രകടനങ്ങൾ പല റെക്കോഡുകളും ഭേദിക്കുന്ന കാഴ്ചകളാണ് ടൂർണമെന്റിൽ കണ്ടത്. ശ്രീലങ്കക്കെതിരെ ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ സ്കോർ ( 428/5) നേടി ഞെട്ടിച്ചവരായിരുന്നു അവർ. അതേസമയം, ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് 83 റൺസിൽ തകർന്നതും മറ്റൊരു ചരിത്രമായി. ടീം സെമിയിലെത്തിയെങ്കിലും പതിവ് ആവർത്തിച്ച് പ്രോട്ടീസ് ആസ്ട്രേലിയയോട് മൂന്ന് വിക്കറ്റിന് തോൽവി ഏറ്റുവാങ്ങി മടങ്ങാനായിരുന്നു വിധി.
ട്വന്റി20 ലോകകപ്പിൽ 2024ൽ ഫൈനലിൽ എത്തിയതാണ് ദക്ഷിണാഫ്രിക്കയുടെ മികച്ച നേട്ടം. ഫൈനലിൽ ശക്തരായ ഇന്ത്യയോട് ഏഴ് റണ്ണിനാണ് പ്രോട്ടീസ് അടിയറവ് പറഞ്ഞത്. അവസാനം വരെ വിജയപ്രതീക്ഷ കാത്തെങ്കിലും ഇന്ത്യയെ വിറപ്പിച്ചാണ് അവർ കീഴടങ്ങിയത്. . ട്വന്റി20 ലോകകപ്പിൽ 2014ലും 2019ലും ടീം സെമിഫൈനൽ പ്രവേശം നേടിയെങ്കിലും ഫൈനൽ ബർത്ത് ഉറപ്പിക്കാനായില്ല.
കിരീട പ്രതീക്ഷകളുടെ ബൗണ്ടറികളിൽനിന്ന് അപ്രതീക്ഷിതമായ നാടുകടത്തലുകളുടെ ചരിത്രം മാറ്റിക്കുറിച്ചാണ് ദക്ഷിണാഫ്രിക്ക ഇക്കുറി ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ ഏറ്റവും വലിയ നേട്ടം പിടിച്ചെടുത്തത്. ജാക്വസ് കാലിസ്, എബി ഡി വില്ലിയേഴ്സ്, ഡെയിൽ സ്റ്റെയ്ൻ, ഹാഷിം ആംല, ഗ്രേയം സ്മിത്ത്, അലൻ ഡൊണാൾഡ് തുടങ്ങിയ പ്രതിഭാശാലികളുടെ ഒപ്പം വളർന്നുവന്ന പ്രോട്ടീസ് 27 വർഷത്തിനിപ്പുറം ഐ.സി.സിയുടെ ഒരു ലോക കിരീടം ചൂടിയിരിക്കുകയാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ആസ്ട്രേലിയയെത്തന്നെയാണവർ മുട്ടുകുത്തിച്ചത്. ആസ്ട്രേലിയയുടെ അപ്രമാദിത്വത്തിന് അന്ത്യം കുറിക്കുന്ന സൂചനകൾ കാണുന്ന ആധുനിക ക്രിക്കറ്റിൽ പ്രോട്ടീസിന് ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കെൽപുണ്ട് എന്ന പ്രതീക്ഷയാണ് ദക്ഷിണാഫ്രിക്കയുടെ കിരീടനേട്ടം നൽകുന്ന സൂചന. ചരിത്രനേട്ടത്തിന് നേതൃത്വം നൽകിയത് ടെംബ ബാവുമയെന്ന നായകനാണെന്നത് അതിന് തിളക്കംകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.