ഇവിടെ ലോകകപ്പ് ഓഡിഷൻ

ഓക്‍ലൻഡ് (ന്യൂസിലൻഡ്): മൂന്നിൽ രണ്ട് മത്സരങ്ങളും മഴ മുടക്കിയ ട്വന്റി20 പരമ്പരക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസിലൻഡിനെതിരെ വെള്ളിയാഴ്ച മുതൽ ഏകദിന പരമ്പരക്കിറങ്ങുന്നു. മൂന്നു മത്സര പരമ്പരയിലെ ആദ്യ കളി ഈഡൻപാർക്കിൽ നടക്കും.

നായകൻ രോഹിത് ശർമയടക്കം അഞ്ചു മുതിർന്ന താരങ്ങൾ വിശ്രമത്തിലാണ്. ശിഖർ ധവാൻ ക്യാപ്റ്റനും വി.വി.എസ്. ലക്ഷ്മൺ പരിശീലകനുമായ ഇന്ത്യൻ സംഘത്തിൽ യുവത്വത്തിനാണ് പ്രാമുഖ്യം. 11 മാസത്തിനപ്പുറം ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ അതിനുള്ള 'ഓഡിഷന്റെ' തുടക്കം കൂടിയാണ് ന്യൂസിലൻഡ് പര്യടനം. ട്വന്റി20 പരമ്പരയിൽ പൂർത്തിയാക്കാനായ ഏക മത്സരം ജയിച്ച് ഹാർദിക് പാണ്ഡ്യ നയിച്ച ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു.

രോഹിതിനു പുറമെ മുൻനിര ബാറ്റർമാരായ വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ, പേസർ ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജദേജ എന്നിവരും ടീമിലില്ല. ധവാനൊപ്പം ശുഭ്മാൻ ഗിൽ ഓപണറാവും. ട്വന്റി20 പരമ്പരയിൽ അവസരം ലഭിക്കാതിരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ഇന്ന് കളിപ്പിക്കുമോ എന്ന് കണ്ടറിയണം. ആതിഥേയരായ കിവികളെ സംബന്ധിച്ച് ട്വന്റി20 പരമ്പര നഷ്ടപ്പെട്ട സാഹചര്യത്തിൽ ഏകദിനത്തിലെ വിജയം അഭിമാനപ്രശ്നംകൂടിയാണ്.

ടീം ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ദീപക് ഹൂഡ, ഷഹബാസ് അഹമ്മദ്, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ദീപക് ചഹാർ, അർഷ്ദീപ് സിങ്, ഷാർദുൽ ഠാകുർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്.

ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, ഡെവിൻ കോൺവേ, ടോം ലഥാം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, ടിം സൗത്തി, മാറ്റ് ഹെൻറി, ആദം മിൽനെ, ജിമ്മി നീഷാം, മിച്ചൽ സാന്റ്‌നർ, ലോകി ഫെർഗൂസൺ.

Tags:    
News Summary - World Cup audition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.