കേപ്ടൗൺ: വനിത ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം ആഘോഷിച്ച് ടീം ഇന്ത്യ. വെസ്റ്റിൻഡീസിനെ ആറ് വിക്കറ്റിനാണ് തകർത്തത്. ടോസ് നേടി ബാറ്റ് ചെയ്ത കരീബിയൻസ് 20 ഓവറിൽ ആറ് വിക്കറ്റിന് 118 റൺസെടുത്തു. മറുപടിയിൽ ഇന്ത്യ 18.1 ഓവറിൽ നാലിന് 119 ലെത്തി. 32 പന്തിൽ 44 റൺസുമായി റിച്ച ഘോഷ് പുറത്താവാതെ നിന്നു. ജയമുറപ്പിച്ച ശേഷം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (33) വീണു. ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
119 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ഓപണർമാർ തരക്കേടില്ലാത്ത തുടക്കം നൽകി. ഏഴു പന്തിൽ 10 റൺസടിച്ച സ്മൃതി മന്ദാന നാലാം ഓവറിൽ പുറത്താവുമ്പോൾ സ്കോർ 32. ജെമീമ റോഡ്രിഗസ് (1) വേഗം മടങ്ങി. ഓപണർ ഷഫാലി വർമ 23 പന്തിൽ 28 റൺസ് നേടി കരക്ക് കയറി. 7.1 ഓവറിൽ മൂന്നിന് 43ൽ നിൽക്കെ സംഗമിച്ച ഹർമൻ-റിച്ച സഖ്യമാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. 42 റൺസ് നേടിയ സ്റ്റെഫാനി ടെയ്ലറാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ഗ്രൂപ് ബിയിൽ ഇംഗ്ലണ്ടിനും ഇന്ത്യക്കും നാല് വീതം പോയന്റാണെങ്കിലും റൺറേറ്റ് ബലത്തിൽ ഇംഗ്ലീഷുകാരാണ് മുന്നിൽ. രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കെ ഇന്ത്യക്ക് സെമി ഫൈനൽ പ്രതീക്ഷയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.