അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രഖ്യാപനം ലോകക്രിക്കറ്റിലെ പെൺപോരാട്ടങ്ങൾക്ക് പുതിയ ആവേശം വിതറുന്ന ഒന്നാണ്. പുരുഷൻമാരുടെ ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിന്റെ സമ്മാനത്തുകയേക്കാൾ അധികമാണ് വനിതകൾക്ക് ലഭിക്കുക. വനിത ക്രിക്കറ്റിന് കൂടുതൽ ജനപ്രിയത ലഭിക്കാനും പുരുഷ ക്രിക്കറ്റിനോടൊപ്പമെത്തിക്കാനുള്ള ഐ.സി.സിയുടെ ശ്രമത്തിന്റെ ഭാഗമാണിത്.
വരുന്ന വനിതകളുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വിജയികൾക്ക് ഇതുവരെ കിട്ടിയിരുന്ന സമ്മാനത്തുകയേക്കാൾ നാലിരട്ടിയായി ഞായറാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. 4.48 മില്ല്യൺ അമേരിക്കൻ ഡോളറാണ് (ഏകദേശം 39.55 കോടി ഇന്ത്യൻ രൂപ) ലഭിക്കുക. കഴിഞ്ഞ തവണ 1.32 മില്ല്യൻ അമേരിക്കൻ ഡോളറാണ് (11.65 കോടി ഇന്ത്യൻ രൂപ) നൽകിയത്. ഏതാണ്ട് നാലിരട്ടി വർധനവരുത്തിയ തുകയാണ് ഇപ്രാവശ്യം ലഭിക്കുക. സെപ്റ്റംബർ 30 മുതൽ നവംബർ 2വരെ ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന വനിതലോകകപ്പ് ഏകദിനക്രിക്കറ്റ് മൽസരങ്ങൾക്കായി ഐസിസി നീക്കിവെക്കുന്നത് 122.5 കോടിരൂപയാണ്.
2023ൽ നടന്ന പുരുഷലോകകപ്പിന്റെ വിജയികൾക്ക് നൽകിയ സമ്മാനത്തുക 33.31കോടി രൂപയായിരുന്നു. രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് അന്ന് 16.65കോടി ലഭിച്ചിരുന്നു. ഗുവാഹതി, ഇന്ദോർ, നവി മുംബൈ, വിശാഖപട്ടണം, കൊളംബോ എന്നിവിടങ്ങളിലാണ് മൽസരങ്ങൾ നടക്കുക. ഇത്ര വലിയ സമ്മാനത്തുക പ്രഖ്യാപനം വനിത ക്രിക്കറ്റിലെ നാഴികകല്ലായിരിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ ജെയ്ഷാ അഭിപ്രായപ്പെട്ടു. വളർന്നു വരുന്ന പുതിയ ക്രിക്കറ്റ് തലമുറയോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ അറിയിക്കുന്നതെന്നും ജയ്ഷാ അഭിപ്രായപ്പെട്ടു.
സമ്മാനത്തുക ഇങ്ങനെയാണ് വിജയികൾക്ക് 39.55 കോടി, റണ്ണറപ്പിന് 19.77 കോടി, സെമിഫൈനലിലെത്തുന്ന ടീമിന് 9.89 കോടി, ഗ്രൂപ്പ് സ്റ്റേജിലെത്തുന്ന ടീമുകൾക്ക് 30.29 ലക്ഷം, അഞ്ച്, ആറ് സ്ഥാനത്തെത്തുന്ന ടീമുകൾക്ക് 62ലക്ഷം, ഏഴ്,എട്ട് സ്ഥാനത്തെത്തുന്ന ടീമുകൾക്ക് 24.71 ലക്ഷം പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 22 ലക്ഷം രൂപ വീതവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.