മുഹമ്മദ് ഷമി ബംഗാളിൽ ബി.ജെ.പി സ്ഥാനാർഥിയാകുമോ?; നേതാക്കൾ താരവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി നീക്കം നടത്തുന്നതായി അഭ്യൂഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് താരത്തെ ബി.ജെ.പി നേതാക്കൾ സമീപിച്ചതായി ‘ഇന്ത്യാ ടുഡെ’യാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യം ഷമി സ്ഥിരീകരിച്ചിട്ടില്ല.

യു.പിയിൽ ജനിച്ച താരം ആഭ്യന്തര ക്രിക്കറ്റില്‍ ഏറെക്കാലം ബംഗാളിനായി കളിച്ചിട്ടുണ്ട്. ഷമിയെ തെരഞ്ഞെടുപ്പിലിറക്കിയാല്‍ ന്യൂനപക്ഷ വോട്ടുകളെ വലിയതോതിൽ സ്വാധീനിക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ബസിര്‍ഹത് മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ആദ്യഘട്ട ചർച്ചകൾ ശുഭകരമാണെന്നാണ് ബി.ജെ.പി വൃത്തങ്ങൾ അവകാശപ്പെടുന്നത്. 

പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി ഇപ്പോൾ വിശ്രമത്തിലാണ്. ഏകദിന ലോകകപ്പിന് ശേഷം താരത്തിന് കളത്തിലിറങ്ങാനായിട്ടില്ല. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ താരങ്ങളെ ആശ്വസിപ്പിക്കാനെത്തിയ പ്രധാനമന്ത്രി ന​രേന്ദ്ര മോദി ഷമിയെ കെട്ടിപ്പിടിക്കുകയും ടൂർണമെന്റിൽ നടത്തിയ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയത് മുതല്‍ താരത്തിന്‍റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഷമിക്ക് എത്രയും വേഗം സുഖമാവട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകർന്നു. ഷമിയുടെ ജന്മനാട്ടില്‍ താരത്തിന്‍റെ പേരില്‍ സ്റ്റേഡിയം പണിയുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാക്കുകളും ചര്‍ച്ചകൾക്കിടയാക്കി. 

ഏകദിന ലോകകപ്പില്‍ ഏഴ് മത്സരങ്ങളിൽ 24 വിക്കറ്റുമായി തകർപ്പൻ ഫോമിലായിരുന്നു മുഹമ്മദ് ഷമി. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം 64 ടെസ്റ്റില്‍ 229 വിക്കറ്റും 101 ഏകദിനങ്ങളില്‍ 195 വിക്കറ്റുകളും 23 ട്വന്‍റി 20കളില്‍ 24 വിക്കറ്റും നേടിയിട്ടുണ്ട്.

Tags:    
News Summary - Will Muhammad Shami be the BJP candidate in Bengal?; It is reported that the leaders had a discussion with the player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.