മുംബൈ: പഴയ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന ഓൾ റൗണ്ട് പ്രകടനവുമായാണ് മുംബൈ ഇന്ത്യൻസ് നാലു വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്തത്. വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം കണ്ടു.
ക്രിക്കറ്റിലെ ഒരു അപൂർവ നിയമത്തിലൂടെ ഔട്ടായ മുംബൈ ഓപ്പണർ റയാൻ റിക്കൽറ്റനെ തിരിച്ചുവിളിക്കുന്നതിനും ഇന്നലത്തെ മത്സരം വേദിയായി. മുംബൈ ഇന്നിങ്സിന്‍റെ ഏഴാം ഓവറിലായിരുന്നു സംഭവം. സീഷൻ അൻസാരിയുടെ പന്തിൽ റിക്കൽറ്റൻ കവറിൽ നായകൻ പാറ്റ് കമ്മിൻസിന് ക്യാച്ച് നൽകി. പിന്നാലെ പവലിയനിലേക്ക് മടങ്ങിയ മുംബൈ താരത്തെ തേഡ് അമ്പയർ തിരിച്ചുവിളിച്ചു!
പന്ത് നോബാൾ ആണെന്ന് കണ്ടെത്തിയതിനു തുടർന്നായിരുന്നു തീരുമാനം. എന്നാൽ, സീഷൻ എറിഞ്ഞ പന്ത് നോബാളായിരുന്നില്ല, വിക്കറ്റ് കീപ്പർ ഹെയ്റിച്ച് ക്ലാസന്‍റെ പിഴവാണ് നോബാളിനു കാരണമായത്! റിക്കൽറ്റന്‍റെ ബാറ്റ് പന്തിൽ തട്ടുമ്പോൾ ക്ലാസന്‍റെ ഗ്ലൗ സ്റ്റമ്പിനു മുന്നിലായിരുന്നു. സ്ട്രൈക്കർ ഷോട്ടിനായി ശ്രമിക്കവെ, പന്ത് ബാറ്റിലോ ശരീരത്തിലോ കൊള്ളുന്നതിനു മുമ്പ് കീപ്പർ മുന്നിലേക്ക് വരരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനാണ് അമ്പയർ നോബാൾ വിളിച്ചത്, റിക്കൽറ്റന് സെക്കൻഡ് ലൈഫും.
മത്സരത്തിൽ 23 പന്തിൽ 31 റൺസെടുത്താണ് റിക്കൽറ്റൻ പുറത്തായത്. 36 റൺസെടുത്ത വിൽജാക്സാണ് മുംബൈ ടോപ് സ്കോറർ. ഹൈദരാബാദിന് വേണ്ടി നായകൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ, 28 പന്തിൽ 40 റൺസെടുത്ത ഓപണർ അഭിഷേക് ശർമയും 28 പന്തിൽ 37 റൺസെടുത്ത ഹെൻറിച്ച് ക്ലാസനുമാണ് സൺറൈസേഴ്സിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.