മുംബൈ: രോഹിത് ശർമയും പിറകെ വിരാട് കോഹ്ലിയും കളമൊഴിഞ്ഞ ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യയെ ആരു നയിക്കും? അഞ്ചു ടെസ്റ്റുകളടങ്ങിയ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിനെ ബി.സി.സി.ഐ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നും നായക പദവിയിൽ 25കാരനായ ശുഭ്മാൻ ഗിൽ എത്തുമെന്നും സൂചന.
ജസ്പ്രീത് ബുംറയായിരുന്നു നായക പദവിയിൽ നേരത്തെ ഇന്ത്യയുടെ പ്രഥമ പരിഗണന. ഓസീസ് പര്യടനത്തിനിടെ രോഹിത് വിട്ടുനിന്ന മത്സരത്തിൽ ബുംറ നയിച്ച് ടീം ജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പരിക്കിൽ വലഞ്ഞ് നീണ്ട അവധി എടുക്കുകയും ഫിറ്റ്നസ് വെല്ലുവിളിയായി തുടരുകയും ചെയ്യുന്നത് ബുംറയെ പരിഗണിക്കാതിരിക്കാൻ കാരണമാകും. വൻ അപകടം പിന്നിട്ട് ടീമിൽ തിരിച്ചെത്തിയ ഋഷഭ് പന്ത് ഇത്തവണ ഐ.പി.എല്ലിൽ വൻദുരന്തമായിരുന്നു. ഉപനായകനായി താരം എത്തിയേക്കും. അതേ സമയം, പരിചയത്തികവും പ്രകടന മികവുമുള്ള കെ.എൽ. രാഹുലിനും നായക സാധ്യത ഇല്ലെന്നു പറയാനാകില്ല.
ഇന്ത്യയുടെ ഓപണിങ് ജോടിയായി രാഹുലും യശസ്വി ജയ്സ്വാളും അണിനിരക്കും. റിസർവ് ഓപണറായി സായ് സുദർശൻ എത്തിയേക്കും. സ്പെഷലിസ്റ്റ് ബാറ്ററായി കരുൺ നായർ, സർഫറാസ് ഖാൻ, ശ്രേയസ് അയ്യർ എന്നിവരിൽ ഒരാളുണ്ടാകും. ആർ. അശ്വിൻ കളമൊഴിഞ്ഞ ബൗളിങ് എൻഡിൽ രവീന്ദ്ര ജദേജ തന്നെയാകും പ്രധാന സ്പിന്നർ. വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരിൽ ഒരാളുണ്ടാകും.
മുഹമ്മദ് ഷമിയുടെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഫാസ്റ്റ് ബൗളർമാരായി അഞ്ചു പേരെ നിലനിർത്തിയാൽ ബുംറ, ഷമി, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, ഖലീൽ അഹ്മദ് എന്നിവരിൽനിന്നാകും സാധ്യത. പന്ത് വിക്കറ്റ് കീപ്പറായി തുടരുമ്പോൾ ധ്രുവ് ജുറെലിന് പകരക്കാരന്റെ ബെഞ്ചിൽ ഇടം ലഭിക്കും. അടുത്ത മാസം 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.
ഷമിയുടെ തിരിച്ചുവരവ് വൈകും
മുംബൈ: ടെസ്റ്റിൽ നിന്ന് രണ്ട് വർഷത്തോളമായി വിട്ടുനിൽക്കുന്ന മുഹമ്മദ് ഷമി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഇടംപിടിച്ചേക്കില്ല. ഐ.പി.എല്ലിലടക്കം താരം കളിക്കുന്നുണ്ടെങ്കിലും അഞ്ചുദിനം വരെ നീളുന്ന ടെസ്റ്റിൽ കളിക്കാനുള്ള ഫിറ്റ്നസ് ആയിട്ടില്ലെന്നാണ് സൂചന.
2023 ജൂണിൽ ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം താരം ഒരു ടെസ്റ്റിലും കളിച്ചിട്ടില്ല. 34കാരനായ ഷമിക്ക് കാലിലെ പരിക്ക് മാറിയിട്ടും പൂർണ ഫിറ്റ്നസും പഴയ ഫോമും തിരിച്ചുകിട്ടാത്തതാണ് തിരിച്ചടിയാകുന്നത്. 2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തത് ഷമിയായിരുന്നു. അതുകഴിഞ്ഞ് 2024ൽ പൂർണമായി വിശ്രമത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.