അഹ്മദാബാദ്: ഐ.പി.എൽ ഫൈനലിൽ ആരെ പിന്തുണക്കണമെന്ന കാര്യത്തിൽ ശരിക്കും ആശയക്കുഴപ്പത്തിലായത് വെസ്റ്റിൻഡീസ് മുൻ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലാണ്. കാരണം ഫൈനൽ കളിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനും പഞ്ചാബ് കിങ്സിനും വേണ്ടി ഗെയ്‍ൽ വ്യത്യസ്ത സീസണുകളിൽ കളിച്ചിട്ടുണ്ട്.
2008ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണ് താരം ഐ.പി.എൽ യാത്ര തുടങ്ങുന്നത്. എന്നാൽ, ഐ.പി.എല്ലിലെ താരത്തിന്‍റെ സുവർണകാലം ആർ.സി.ബിക്കൊപ്പമായിരുന്നു. 2011 മുതൽ 2017 വരെ കാലയളവിലാണ് ടീമിനുവേണ്ടി കളിച്ചത്. 91 മത്സരങ്ങളിൽനിന്നായി 3,420 റൺസാണ് താരം അടിച്ചുകൂട്ടിയത്. അഞ്ചു സെഞ്ച്വറികളും 19 അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. 152.72 ആണ് സ്ട്രൈക്ക് റേറ്റ്. 2018ൽ പഞ്ചാബിലേക്ക് മാറിയ താരം 2021 വരെ അവിടെ തുടർന്നു. 41 മത്സരങ്ങളിൽനിന്ന് 1,399 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.
ഒരു സെഞ്ച്വറിയും 10 അർധ സെഞ്ച്വറിയും നേടി. സട്രൈക്ക് റേറ്റ് 143.32. അതുകൊണ്ടുതന്നെ രണ്ടു ടീമിന്‍റെ ആരാധകരെയും നിരാശപ്പെടുത്താൻ ഗെയിലിന് കഴിയില്ല. രണ്ടു ടീമുകളെയും പിന്തുണക്കാൻ അസാധാരണ വഴി തന്നെ വിൻഡീസ് താരം തെരഞ്ഞെടുത്തു. ഫൈനൽ നടക്കുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ഗെയിലിനെ കണ്ട് താരങ്ങളും ആരാധകരും അമ്പരന്നു. ചുവന്ന പഞ്ചാബി തലപ്പാവ് ധരിച്ച് ബംഗളൂരുവിന്‍റെ ജഴ്സി ധരിച്ചാണ് എത്തിയത്. രണ്ടു കൂട്ടരെയും പിണക്കിയില്ല! ആര് കിരീടം നേടിയാലും ഗെയിൽ ഹാപ്പിയാണ്.
ചുവന്ന തലപ്പാവും ആർ.സി.ബി ജഴ്സിയും ധരിച്ചുനിൽക്കുന്ന ഗെയ്‍ലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രണ്ടു ടീമിന്‍റെയും ഡ്രസ്സിങ് റൂമിലെത്തി താരങ്ങളുമായി സൗഹൃദ സംഭാഷണം നടത്താനും ഗെയിൽ സമയംകണ്ടെത്തി. അതേസമയം, കലാശപ്പോരിൽ ടോസ് നേടിയ പഞ്ചാബ് ബംഗളൂരുവിനെ ബാറ്റിങ്ങിന് വിട്ടു. ഇരുടീമുകളും കഴിഞ്ഞ മത്സരത്തിലെ താരങ്ങളെ നിലനിർത്തിയാണ് ഫൈനലിന് ഇറങ്ങിയത്.
കിങ് കോഹ്‌ലിയും സംഘവും അണിനിരക്കുന്ന ആർ.സി.ബിക്ക് കപ്പുയർത്താനാകുമോ അതോ പഞ്ചാബിന്‍റെ ശ്രേയസ് അയ്യരും സംഘവും കിരീടം നേടുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. ആര് ജയിച്ചാൽ ഐ.പി.എല്ലിന് പുതിയ അവകാശികൾ. മുമ്പ് ഫൈനലിലെത്തിയപ്പോൾ റണ്ണറപ്പാവാനായിരുന്നു രണ്ട് കൂട്ടരുടെയും വിധി. രജത് പാട്ടിദാർ നയിക്കുന്ന ആർ.സി.ബിയും ശ്രേയസ് അയ്യർക്ക് കീഴിൽ ഇറങ്ങുന്ന പഞ്ചാബും ലീഗ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ഇരു ടീമിനും 19 വീതം പോയന്റാണ് ലഭിച്ചത്. റൺറേറ്റ് ബലത്തിൽ പഞ്ചാബ് ഒന്നും ആർ.സി.ബി രണ്ടും സ്ഥാനങ്ങളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.