സഞ്ജുവിനെ തഴയുന്നത് ആർക്കുവേണ്ടി?

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റംകുറിച്ച് ഏഴു വർഷം പിന്നിടുന്ന ക്രിക്കറ്റർ അവന്‍റെ കരിയറിൽ എത്ര മത്സരം കളിച്ചിട്ടുണ്ടാവണം? ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റുകളിലായി ഇന്ത്യൻ ടീം ഒരു വർഷം നൂറിൽ കൂടുതൽ മത്സരങ്ങൾ കളിക്കുന്നുണ്ടെന്നിരിക്കെ ഏഴു വർഷം പിന്നിടുന്ന താരം ശരാശരി 50 മത്സരത്തിലെങ്കിലും കളത്തിലിറങ്ങിയിരിക്കണം.

ശരിയാണ്, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസണും 50 മത്സരങ്ങളിലേറെ കളത്തിലിറങ്ങിയിട്ടുണ്ടാവും. പക്ഷേ, അതിൽ പകുതിയിലേറെയും സഹതാരങ്ങൾക്ക് കുടിവെള്ളം എത്തിക്കാനായിരുന്നുവെന്നു മാത്രം. 2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റംകുറിച്ച സഞ്ജു ഇതുവരെ പാഡണിഞ്ഞത് 16 ട്വന്‍റി20യിലും ഏഴ് ഏകദിനത്തിലും മാത്രമാണ്.

ട്വന്‍റി20യിൽ അരങ്ങേറ്റത്തിനുശേഷം അടുത്ത മത്സരത്തിനായി ഏറ്റവും കൂടുതൽ കാത്തിരിക്കേണ്ട ഇന്ത്യൻ താരങ്ങളുടെ പട്ടികയെടുത്താൽ ഒന്നാം സ്ഥാനത്ത് സഞ്ജുവുണ്ട് (73 മത്സരങ്ങൾ). ഈ മത്സരങ്ങളിൽ പലതിലും സഞ്ജു ടീമിലുണ്ടായിരുന്നു, സൈഡ് ബെഞ്ചിലായിരുന്നുവെന്നു മാത്രം.

ഐ.പി.എല്ലിൽ 3526 റൺസും 135 സ്ട്രൈക് റേറ്റും 190 സിക്സറും നാലു സെഞ്ച്വറിയുമുള്ള ഒരു താരത്തിന്‍റെ അവസ്ഥയാണിത്. ഈ കണക്കുകൾ മുന്നിലുണ്ടെന്നിരിക്കെ സഞ്ജുവിനെ തഴയുന്നതിനു പിന്നിൽ ഉത്തരേന്ത്യൻ ലോബിയാണെന്ന് ആരാധകർ ആരോപിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാൻ കഴിയും.

ലോകകപ്പിലേക്ക് 18 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ ബൈസ്റ്റാൻഡറായിപോലും സഞ്ജുവിനെ ഉൾപ്പെടുത്താതിരിക്കുന്നത് ആരുടെയൊക്കെയോ താൽപര്യത്തിന്‍റെ പുറത്താണെന്ന് കണക്കുകൾ നോക്കിയാൽ വ്യക്തമാകും.

അവസാന അഞ്ച് ട്വന്‍റി20 മത്സരങ്ങളിൽ സഞ്ജു സാംസണിന്‍റെ സ്കോർ നോക്കുക- 39, 18, 77, 30, 15. ഇത് വലിയ പ്രകടനമാണെന്ന അവകാശവാദമില്ല. എന്നാൽ, സഞ്ജുവിന്‍റെ സ്ഥാനത്ത് ടീമിൽ കയറിക്കൂടിയ ദിനേഷ് കാർത്തികിന്‍റെ പ്രകടനമൊന്ന് നോക്കുക.

അവസാന അഞ്ചു മത്സരങ്ങളിൽ 41, 07, 06, 12, 01. ഈ വർഷം കാർത്തിക് ബാറ്റ് ചെയ്തത് 14 മത്സരങ്ങളിൽ. ഇതിൽ 30 റൺസിനു മുകളിൽ നേടിയത് മൂന്നു മത്സരങ്ങളിൽ മാത്രം. പകുതിയിലും രണ്ടക്കംപോലും കണ്ടിട്ടില്ല. 50 മത്സരം പിന്നിട്ട കാർത്തിക് കരിയറിൽ ആകെ നേടിയത് 592 റൺസാണ്.

16 മത്സരങ്ങളിൽ സഞ്ജുവിന് 296 റൺസുണ്ടെന്നോർക്കണം. സഞ്ജുവിനു പകരം ടീമിലെടുത്ത മറ്റൊരു താരമാണ് ഋഷഭ് പന്ത്. 58 മത്സരങ്ങൾ കളിച്ച പന്ത് ആകെ നേടിയത് 934 റൺസാണ്. ഏഷ്യകപ്പിൽ വൻ പരാജയമാകുകയും ചെയ്തു. ഈ വർഷം നടന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പരമ്പരകളിൽ തുടരെ േഫ്ലാപ്പാകുന്നതും കണ്ടതാണ്. വെസ്റ്റിൻഡീസിനെതിരായ പരമ്പര മാത്രമാണ് അപവാദം.

സഞ്ജുവിന് സ്ഥിരതയില്ലെന്നും കിട്ടിയ അവസരങ്ങൾ മുതലാക്കിയില്ലെന്നുമാണ് ഒരു വിഭാഗം ന്യായീകരിക്കുന്നത്. കിട്ടിയ അവസരങ്ങളിലെല്ലാം ഫോമായി ഇന്ത്യൻ ടീമിൽ നിലനിൽക്കുന്ന എത്ര താരങ്ങളുണ്ടിവിടെ? വിരാട് കോഹ്‍ലിയുടെ സെഞ്ച്വറിക്കായി മൂന്നു വർഷം കാത്തിരുന്നില്ലേ.

മത്സരം അവസാനിക്കാൻ മൂന്നോ നാലോ ഓവർ മാത്രമുള്ളപ്പോൾ അഞ്ചാമതോ ആറാമതോ ആണ് പലപ്പോഴും സഞ്ജു ക്രീസിലെത്തുക എന്നതും സ്ഥിരതയെ ബാധിക്കുന്നുണ്ട്. ഐ.പി.എല്ലാണ് ദേശീയ ടീമിലേക്കുള്ള വഴി എന്ന് പറയുന്നവർക്കും സഞ്ജുവിന്‍റെ കൈയിൽ കണക്കുണ്ട്.

കഴിഞ്ഞ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസെടുത്തവരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് സഞ്ജുവുണ്ട്. നിലവിലെ ലോകകപ്പ് ടീമിൽ ലോകേഷ് രാഹുലും ഹാർദിക് പാണ്ഡ്യയും മാത്രമാണ് സഞ്ജുവിന് മുകളിലുള്ള താരങ്ങൾ. ഏകദിനത്തിൽ ഇതുവരെ ഏഴു മത്സരത്തിലാണ് അവസരം കിട്ടിയത്.

44 ശരാശരിയോടെ 176 റൺസെടുത്തു. ആസ്ട്രേലിയയിലെ വിക്കറ്റുകളിൽ സഞ്ജുവിന്‍റെ ശൈലി ഗുണംചെയ്യുമെന്നിരിക്കെ ലോകകപ്പിലും സഞ്ജുവിനെ പുറത്തിരുത്തിയത് കേരള ക്രിക്കറ്റിനോടുള്ള പതിവ് അവഗണനയുടെ ഭാഗമാണെന്ന് പറയുന്നവരെ കുറ്റംപറയാൻ കഴിയില്ല.

Tags:    
News Summary - Who cares for Sanju?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.