ഹാര്‍ദിക് ലോങ് ഓണില്‍ നേടിയ ആ രണ്ട് റണ്‍സിന് എന്ത് സംഭവിച്ചു? സ്‌കോര്‍ ബോര്‍ഡില്‍നിന്ന് അത് മാഞ്ഞുപോയതിന് കാരണം!!

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സ്‌കോര്‍ബോര്‍ഡില്‍ പെട്ടെന്നൊരു മറിമായം! ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകണം അത്. നാല് റണ്‍സിന് ജയിച്ച മത്സരത്തില്‍ ഇന്ത്യയുടെ രണ്ട് റണ്‍സ് പെട്ടെന്ന് കാണാനില്ല! 226 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയുടെ രണ്ട് റണ്‍സിന് എന്ത് സംഭവിച്ചു. അവസാന ഓവറിലാണ് സംഭവം. ഹാര്‍ദിക് പാണ്ഡ്യ ലോങ് ഓണിലേക്ക് ഷോട്ട് പായിച്ചയുടനെയാണ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് ചേര്‍ത്തത്. പിന്നീട് ആ രണ്ട് റണ്‍സിനെ കണ്ടവരില്ല.

രസകരമായ സംഭവത്തിന് ഒരു പിന്നാമ്പുറമുണ്ട്. ബ്രോഡ്കാസ്‌റ്റേഴ്‌സിന് സംഭവിച്ച അബദ്ധമായിരുന്നു ഇത്. പാണ്ഡ്യ ലോങ് ഓണിലേക്ക് ഷോട്ട് ചെയ്‌തെങ്കിലും പന്ത് ഫീല്‍ഡര്‍ ആൻഡ്രൂ ബൽബിര്‍നി അതിവേഗത്തില്‍ അത് പിടിച്ചെടുത്തു. ബ്രോഡ്കാസ്‌റ്റേഴ്‌സ് കരുതിയത് പാണ്ഡ്യ രണ്ട് റണ്‍സ് ഓടിയെടുത്തെന്നാണ്. ഉടനെ ടോട്ടലില്‍ രണ്ട് റണ്‍സ് ചേര്‍ത്തു. പിന്നീട് അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ തെറ്റ് തിരുത്തി; രണ്ട് റണ്‍സ്‌ കുറച്ചു.

ഇന്ത്യ 226 റണ്‍സിന്റെ ടോട്ടല്‍ ഉയര്‍ത്തിയിട്ടും അയര്‍ലന്‍ഡ് അത് ത്രസിപ്പിക്കും വിധം പിന്തുടര്‍ന്നു. നാല് റണ്‍സകലെയാണ് അവര്‍ കീഴടങ്ങിയത്. ദീപക് ഹൂഡയുടെ സെഞ്ച്വറിയും സഞ്ജു സാംസണിന്റെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യയുടെ മാനം കാത്തത്. 42 പന്തില്‍ 77 റണ്‍സടിച്ച സഞ്ജുവിന്റെ ഇന്നിങ്സ് വലിയ ചര്‍ച്ചയായി. ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പരിഗണിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യതയുണ്ടെന്ന് കേരള താരം വീണ്ടും തെളിയിച്ചിരിക്കുന്നു. അയര്‍ലന്‍ഡില്‍ ആദ്യമായി ട്വന്റി സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന ഖ്യാതി ദീപക് ഹൂഡക്കാണ്.

ഐറിഷ് നിരയില്‍ ക്യാപ്റ്റന്‍ ബല്‍ബിര്‍നിയുടെ അര്‍ധസെഞ്ച്വറിയും പോള്‍ സ്റ്റിര്‍ലിങ് (40), ഹാരി ടെക്ടര്‍ (39), ജോര്‍ജ് ഡോക്‌റെല്‍ (34 നോട്ടൗട്ട്) മാര്‍ക് അഡെയര്‍ (23 നോട്ടൗട്ട്) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും ഇന്ത്യയെ വിറപ്പിക്കുന്നതായിരുന്നു.

അവസാന ഓവര്‍ വരെ ആവേശം നിലനിന്നു. ആറ് പന്തില്‍ പതിനേഴ് റണ്‍സായിരുന്നു ഐറിഷ് ലക്ഷ്യം. പന്തെടുത്തത് ഉമ്രാന്‍ മാലിക്. ആദ്യ മൂന്ന് പന്തുകളില്‍ ഒമ്പത് റണ്‍സ്. മത്സരം കൈയ്യീന്ന് പോയെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ മാലിക് തിരിച്ചു വന്നു. അവസാന മൂന്ന് പന്തുകളില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മാലിക് ഹീറോയായി.

ജൂലൈ ഏഴിന് ഇംഗ്ലണ്ടിനെതിരെ ട്വന്റി 20 പരമ്പര ആരംഭിക്കും. രോഹിത് ശര്‍മ, വിരാട് കോഹ് ലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവര്‍ ഈ മൂന്ന് മത്സര പരമ്പരയില്‍ തിരിച്ചെത്തും.

Tags:    
News Summary - What happened to those two runs that Hardik scored on Long On?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.