അഹ്മദാബാദ്: ജൂൺ മൂന്നിന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) കലാശപ്പോരിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ എതിരാളികൾ ആരെന്ന് ഇന്നറിയാം. രാത്രി അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ജയിക്കുന്നവർ ഫൈനലിലേക്ക് ടിക്കറ്റെടുക്കും.
ഒന്നാം ക്വാളിഫയറിൽ ബംഗളൂരുവിനോട് എട്ടു വിക്കറ്റിന്‍റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് ശ്രേയസ് അയ്യരും സംഘവും രണ്ടാം ക്വാളിഫയർ കളിക്കാനെത്തുന്നത്. പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനക്കാരെന്ന പ്രൗഢിയോടെ മുല്ലൻപുരിലെ സ്വന്തം കാണികൾക്ക് മുന്നിൽ ഒന്നാം ക്വാളിഫയറിനിറങ്ങിയ പഞ്ചാബ് ദയനീയമായി തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത 101ന് പുറത്തായ ശ്രേയസ് അയ്യർക്കും സംഘത്തിനുമെതിരെ വെറും 10 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളി തീർത്തു. എന്നാൽ, എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച അതേ വീര്യത്തോടെ ഫൈനലിലേക്കുള്ള അവസാന കടമ്പയും കടക്കാമെന്ന നിശ്ചയദാർഢ്യത്തിലാണ് മുംബൈ എത്തുന്നത്.
ഓരോ മത്സരം കഴിയുമ്പോഴും മുംബൈയുടെ ആത്മവിശ്വാസം കൂടുകയാണ്. ഗുജറാത്തിനെതിരെ 228 റൺസ് സ്കോർ ചെയ്ത ശേഷം കൈവിട്ടെന്ന് കരുതിയ കളി ബൗളർമാരുടെ മികവിൽ തിരിച്ചുപിടിക്കുകയായിരുന്നു ഹാർദിക് പാണ്ഡ്യയും സംഘവും. ബാറ്റർമാരായ രോഹിത് ശർമയും സൂര്യകുമാർ യാദവും തിലക് വർമയുമൊക്കെ തകർപ്പൻ ഫോമിലാണ്. എന്തായാലും ഇന്ന് മോദി സ്റ്റേഡിയത്തിൽ ഇരുടീമുകൾക്കും ജീവൻമരണ പോരാട്ടമാണ്.
അതേസമയം, മഴമൂലം മത്സരം പൂർണമായി തടസ്സപ്പെട്ടാൽ പഞ്ചാബ് ഫൈനലിലെത്തും. ലീഗ് റൗണ്ടിൽ പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്‍റെ ആനുകൂല്യമാണ് പഞ്ചാബിന് തുണയാകുക. മുംബൈ നാലാം സ്ഥാനക്കാരാണ്. എന്നാൽ, അഹ്മദാബാദിൽ ഇന്ന് മഴക്കുള്ള സാധ്യത പൂജ്യം ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.