അവനാണ് ഹീറോ...; ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനെ പ്രവചിച്ച് വിൻഡീസ് ബാറ്റിങ് ഇതിഹാസം

ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിന് ഒരുമാസം മാത്രം ബാക്കി നിൽക്കെ, പണ്ഡിറ്റുകളുടെയും മുൻ താരങ്ങളുടെയും ക്രിക്കറ്റ് പ്രേമികളുടെയും പ്രവചനങ്ങളാണ് ഇപ്പോൾ വൈറൽ. ഇന്ത്യയെ കൂടാതെ, ആസ്ട്രേലിയ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് എന്നീ ടീമുകൾക്കാണ് കിരീട സാധ്യത കൂടുതൽ കൽപിക്കപ്പെടുന്നത്. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാകിസ്താനെയും പ്രവചനക്കാർ തള്ളിക്കളയുന്നില്ല.

മികച്ച ബാറ്റർമാരെ പോലെ തന്നെ ഒരുപിടി കരുത്തരായ പേസർമാരും ഇത്തവണ പോരിനിറങ്ങുന്നുണ്ട്. പരിക്ക് തിരിച്ചടിയായില്ലെങ്കില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക്, പാകിസ്താന്‍റെ ഷഹീന്‍ ഷാ അഫ്രീദി തുടങ്ങിയവരെല്ലാം ബാറ്റർമാർക്ക് തലവേദനയാകും. ഇന്ത്യയിലാണ് മത്സരങ്ങള്‍ എന്നതിനാല്‍ സ്‌പിന്നര്‍മാരുടെ മികച്ച പ്രകടനവും പ്രതീക്ഷിക്കാം.

ഇതിനിടെയാണ് വെസ്റ്റീൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെ പ്രവചിച്ച് രംഗത്തെത്തിയത്. യുവ പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് തന്‍റെ ഹീറോയെന്ന് റിച്ചാർഡ്സ് പറയുന്നു. ‘ലോകകപ്പിലെ മുൻനിര വിക്കറ്റ് വേട്ടക്കാരൻ ഷഹീൻ അഫ്രീദി ആയിരിക്കും, കാരണം പാകിസ്താനിൽനിന്ന് അദ്ദേഹത്തിന്‍റെ പ്രകടനം ഞാൻ കണ്ടിട്ടുണ്ട്. ഞാൻ പാകിസ്താൻ സൂപ്പർ ലീഗിനൊപ്പമുണ്ടായിരുന്നു, അദ്ദേഹത്തിന്റെ വളർച്ച നേരിട്ട് കണ്ടിട്ടുണ്ട്. ദൃഢനിശ്ചയമുള്ള വ്യക്തിയാണ്. അവനാണ് എന്റെ ഹീറോ’ -ഐ.സി.സി ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിൽ റിച്ചാർഡ്സ് പറഞ്ഞു.

പരിക്കിൽനിന്ന് മോചിതനായി കളത്തിലേക്ക് മടങ്ങിയെത്തിയ ഷഹീൻ ഗംഭീര പ്രകടനമാണ് നടത്തുന്നത്. പാകിസ്താനായി 27 ടെസ്റ്റുകളും 39 ഏകദിനങ്ങളും 52 ട്വന്‍റി20കളും ഇതിനകം കളിച്ചു. ടെസ്റ്റില്‍ 105ഉം ഏകദിനത്തില്‍ 76ഉം ട്വന്‍റി20യിൽ 64ഉം വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ്.

Tags:    
News Summary - West Indies legend Viv Richards drops his pick for leading wicket-taker in ODI World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.