ചരിത്രവിജയത്തിനരികെ അഫ്ഗാന്റെ കണക്കുകൂട്ടൽ തെറ്റിച്ചതാര്..?; കോച്ച് ജോനാഥൻ ട്രോട്ട് പറയുന്നു

ലാഹോർ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇതുവരെ കണ്ട ഏറ്റവും ഗംഭീര പോരാട്ടങ്ങളിലൊന്നായിരുന്നു ശ്രീലങ്ക- അഫ്ഗാനിസ്ഥാൻ മത്സരം. ട്വിസ്റ്റുകളുടെ പ്രളയം തീർത്ത മത്സരത്തിൽ വെറും രണ്ട് റൺസിനാണ് അഫ്ഗാനിസ്ഥാൻ വീണത്. ജയിക്കാമായിരുന്ന മത്സരത്തിൽ കണക്കിലെ കളി അറിയാതെ പോയതാണ് അഫ്ഗാന് വിനയായത്.

അതേസമയം, നെറ്റ് റൺറേറ്റിന്റെ പുതിയ കണക്കുകളൊന്നും തങ്ങളെ അറിയിച്ചില്ലെന്നും 37.1 ഓവറിൽ ജയിച്ചാലേ സൂപ്പർ ഫോറിലെത്താൻ കഴിയൂവെന്നാണ് അറിയിച്ചതെന്നും അഫ്ഗാൻ കോച്ച് ജോനാഥൻ ട്രോട്ട് മത്സര ശേഷം പറഞ്ഞു.

മത്സരത്തിൽ നടന്നത് ഇങ്ങനെ

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ജയം മാത്രം പോരായിരുന്നു. 37.1 ഓവറിൽ ലക്ഷ്യം മറികടന്നാലേ സൂപ്പർഫോറിലെത്താനാകൂ. അഫ്ഗാൻ ബാറ്റർമാർ ലക്ഷ്യത്തിലേക്ക് ആഞ്ഞടിച്ചെങ്കിലും രണ്ട് റൺസകലെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.

അഫ്ഗാൻ സ്കോർ 36.4 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 281 റൺസിലെത്തിയിരുന്നു. റാഷിദ് ഖാനും മുജീബ് റഹ്മാനുമാണ് ക്രീസിൽ. മൂന്ന് പന്തിൽ 11 റൺസെടുത്താൽ സൂപ്പർ ഫോർ യോഗ്യതയോടെ ജയം നേടാം. പന്ത് നേരിട്ട റാഷിദ് ഖാൻ അടുത്ത രണ്ട്‌ പന്തും ബൗണ്ടറി കടത്തി. ആ ഓവർ പൂർത്തിയായി. അടുത്ത പന്തിൽ മുജീബ് റഹ്മാനാണ് ക്രിസീൽ. അഫ്ഗാന്റെ കണക്കിൽ അവസാന പന്താണ്. വേണ്ടത് മൂന്ന് റൺസ്. ഒരു ഫോറടിച്ചാൽ വിജയിക്കാം. ധനഞ്ജയയുടെ പന്തിൽ പക്ഷേ മുജീബിന്റെ ഷോട്ട്‌ പിഴക്കുന്നു. സമരവിക്രമെ പിടിച്ച് പുറത്താക്കി. അഫ്ഗാന്റെ കണക്കിൽ ഇനി ജയിച്ചാലും സൂപ്പർ ഫോറിൽ നിന്ന് പുറത്ത്. ഇനിയാണ് ട്വിസ്റ്റ്. അവസാന ബാറ്ററായി ഫസൽഹഖ് ഫാറൂഖി ക്രീസിലെത്തി. ആദ്യത്തെ രണ്ട് പന്തും തടഞ്ഞിട്ടു. മൂന്നാം പന്തിൽ എൽ.ബിയിൽ കുരുങ്ങി ഫാറൂഖി പുറത്ത്. പക്ഷേ കഥ അവിടെ അവസാനിച്ചില്ലായിരുന്നു.

289 റൺ സ്കോർ ബോർഡിലുള്ള അഫ്ഗാന് മൂന്ന് പന്തിൽ 295ൽ എത്തിയിരുന്നെങ്കിൽ യോഗ്യത നേടാമായിരുന്നു. അതായത് 37.4 ഓവറില്‍ 295 റണ്‍സ്. നെറ്റ് റണ്‍റേറ്റില്‍ കണക്കുകൂട്ടുന്നത് ആകെ സ്‌കോര്‍ ചെയ്ത റണ്‍സാണ്. 292 റണ്‍സാണ് വിജയലക്ഷ്യമെങ്കിലും സിക്‌സര്‍ അടിച്ച് സ്‌കോറും റണ്‍റേറ്റും കൂട്ടാനുള്ള അവസരം അഫ്ഗാന് ഉണ്ടായിരുന്നു.

സ്ട്രൈക്കിലുള്ള ഫാറൂഖി ഒരു സിംഗ്ൾ എടുത്ത് സ്ട്രൈക് കൈമാറുകയും റാഷിദ് ഖാൻ അടുത്ത രണ്ട് പന്തിൽ ഒരു സിക്സറടിക്കുകയും ചെയ്താൽ അഫ്ഗാൻകാർ ലക്ഷ്യത്തിലെത്തിയേനെ. എന്നാൽ, 37.1 ഓവറിൽ യോഗ്യത മാർക്ക് അവസാനിച്ചുവെന്ന മട്ടിലാണ് അഫ്ഗാൻ ബാറ്റർമാർ പെരുമാറിയത്. മത്സരം കഴിഞ്ഞ കോച്ച് ജോനാഥൻ ട്രോട്ട് വെളിപ്പെടുത്തിയപ്പോഴാണ് അഫ്ഗാനെ നെറ്റ് റൺറേറ്റിന്റെ കാര്യം അറിയിച്ചില്ല എന്നകാര്യം പുറംലോകമറിയുന്നത്. തോറ്റതിന് ഇതൊന്നും ന്യായീകരണമാകില്ലെങ്കിലും തങ്ങളെ അറിയിച്ചിരുന്നെങ്കിൽ ജയിക്കാമായിരുന്നുവെന്ന് ട്രോട്ട് പറഞ്ഞു. 

Tags:    
News Summary - 'We were never communicated those calculations' - Trott on missed opportunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.