'ഞങ്ങൾ കളിച്ചത് സുഹൃത്തുക്കളെപ്പോലെ'; ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ സുവർണ്ണകാലം ഓർത്ത് കോഹ്‌ലി

ബംഗളൂരു: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് ഒരു വർഷം തികയുന്ന വേളയിൽ, തന്റെ നായകസ്ഥാനത്തെയും ആ കാലത്തെ വിജയങ്ങളെയും കുറിച്ച് വിരാട് കോഹ്‌ലി മനസ്സ് തുറക്കുന്നു. ഇന്ത്യൻ ടെസ്റ്റ് ടീം ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർച്ചയായി അഞ്ച് വർഷം തിളങ്ങിനിന്നത് എങ്ങനെയെന്നാണ് കോഹ്‌ലി വിശദീകരിച്ചത്.

സീനിയർ-ജൂനിയർ വിത്യാസമില്ലാതെ ഒരു കൂട്ടം സുഹൃത്തുക്കളെപ്പോലെയാണ് തങ്ങൾ കളിച്ചിരുന്നതെന്ന് കോഹ്‌ലി പറഞ്ഞു. 'ഇന്ത്യയെ നയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു. ടീമിലെ ശരാശരി പ്രായം നോക്കിയാൽ വലിയ വിത്യാസമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാൻ ആർക്കും മടിയുണ്ടായിരുന്നില്ല. ആരോടും നിർദേശങ്ങൾക്കായി കാത്തുനിൽക്കാതെ ഓരോ താരവും ടീമിനെ മികച്ചതാക്കാൻ എന്തുചെയ്യാമെന്ന് സ്വയം ചിന്തിച്ചിരുന്നു,' കോഹ്‌ലി ഓർത്തെടുത്തു.

ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ പേസർമാരെ വളർത്തിക്കൊണ്ടുവന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ബൗളർമാരുടെ കൈയിൽ പന്ത് കൊടുക്കുമ്പോൾ 'പ്ലാൻ എ' അവരുടേതായിരിക്കുമെന്ന് ഞാൻ ഉറപ്പുനൽകിയിരുന്നു. അത് വിജയിച്ചില്ലെങ്കിൽ മാത്രമേ മറ്റ് പ്ലാനുകളെക്കുറിച്ച് ചിന്തിച്ചിരുന്നുള്ളൂ. പന്ത് എറിയുന്നത് അവരാണ്, ഞാനല്ല. ആ സ്വാതന്ത്ര്യം നൽകുമ്പോൾ ഓരോ താരവും കളിയെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങും,' കോഹ്‌ലി വ്യക്തമാക്കി.

2014 മുതൽ 2022 വരെയുള്ള കാലയളവിൽ 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 40 വിജയങ്ങൾ സ്വന്തമാക്കി. ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയതും (2018-19) കോഹ്‌ലിക്ക് കീഴിലായിരുന്നു. ഐ.സി.സി കിരീടം നേടാനായില്ലെങ്കിലും, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ച നായകനായി കോഹ്‌ലി എന്നും ഓർമിക്കപ്പെടും.

Tags:    
News Summary - 'We played like friends'; Kohli recalls the golden era of Indian Test cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.