'നല്ല പരിശീലനം ലഭിച്ച അമ്പയർമാർ ഞങ്ങൾക്കുണ്ട്'; കോഹ്‍ലിയുടെ വിവാദ പുറത്താകലിൽ ബി.സി.സി.ഐയെ ട്രോളി ഐസ്‍ലൻഡ് ക്രിക്കറ്റ്

മുംബൈ: സീസണിലെ ആദ്യ അർധസെഞ്ച്വറിക്ക് രണ്ടു റൺസ് അകലെ വിവാദ എൽ.ബി. ഡബ്ല്യു തീരുമാനത്തിലൂടെയായിരുന്നു റോയൽ ചല​ഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‍ലി പുറത്തായത്. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ മത്സരത്തിലായിരുന്നു വിവാദ തീരുമാനം. തൊട്ടുപിന്നാലെ ബി.സി.സി.​ഐ സമൂഹ മാധ്യമത്തിലൂടെ ട്രോളിയിരിക്കുകയാണ് ഐസ്‍ലൻഡ് ക്രിക്കറ്റ്. നല്ല പരിശീലനം ലഭിച്ച അമ്പയർമാർ തങ്ങളുടെ കൂടെയുണ്ടെന്നും അവർ ഐ.പി.എല്ലിനായി പറക്കാൻ റെഡിയാണെന്നും പറഞ്ഞായിരുന്നു ഐസ്‍ലൻഡിന്റെ കളിയാക്കൽ.

മുംബൈ താരം ഡെവാൾഡ് ബ്രെവിസിന്റെ പന്തിലാണ് കോഹ്‌ലി വിക്കറ്റിന് മുന്നിൽ കുരുങ്ങിയത്. അമ്പയറുടെ തീരുമാനം എതിരായതോടെ കോഹ്‌ലി ഡി.ആർ.എസ് എടുത്തു. എന്നാല്‍ ബാറ്റിലാണോ പാഡിലാണോ പന്ത് ആദ്യം തൊട്ടത് എന്ന് കണ്ടെത്താന്‍ വ്യക്തമായ തെളിവില്ലാതെ വന്നതോടെ മൂന്നാം അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിന്നു. കോഹ്‌ലിയുടെ ബാറ്റിലാണു പന്ത് ആദ്യം തട്ടുന്നതെന്ന് ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി. ബാറ്റിലും പാഡിലും പന്ത് ഒരേ സമയത്താണു തട്ടിയതെന്നായിരുന്നു മൂന്നാം അമ്പയറുടെ നിരീക്ഷണം.

'പന്ത് എഡ്ജ് ചെയ്‌തോ, ബാറ്റിലാണോ പാഡിലാണോ ആദ്യം കൊണ്ടത് എന്നെല്ലാം ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് വ്യക്തമായി മനസിലാവണമെന്നില്ല. എന്നാല്‍ എല്ലാ ടി.വി അമ്പയര്‍മാര്‍ക്കും ഇവിടെ ശരിയായ തീരുമാനം എടുക്കാനാവും. സ്ലോ മോഷന്‍ റീപ്ലേകളും അള്‍ട്രാ എഡ്ജ് പോലുള്ള ടെക്‌നോളജികളും അവര്‍ക്ക് പ്രയോജനപ്പെടുത്താം. പറക്കാൻ തയാറായി നിൽക്കുന്ന പരിശീലനം ലഭിച്ച അമ്പയർമാർ ഞങ്ങൾക്കുണ്ട്'-ബി.സി.സി.ഐയെ മെൻഷൻ ചെയ്ത് അയർലൻഡ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു.

കോഹ്‍ലിയുടെ പുറത്താകൽ എന്നാൽ മത്സരഫലത്തെ ബാധിച്ചില്ല. ബ്രെവിസിനെ കവറിലൂ​ടെ ബൗണ്ടറി പായിച്ച് ഗ്ലെൻ മക്സ്വെൽ ആർ.സി.ബിയെ ജയത്തിലേക്ക് നയിച്ചു. മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ഏഴുവിക്കറ്റിനായിരുന്നു ആർ.സി.ബിയുടെ വിജയം. 

Tags:    
News Summary - 'We have trained umpires ready to fly over': Iceland Cricket trolled BCCI after Kohli's controversial dismissal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.