വാഷിങ്ടൺ സുന്ദർ

പരിക്കുകൾ വലയ്ക്കുന്ന കരിയർ; സുന്ദറിന് വീണ്ടും ലോകകപ്പ് നഷ്ടമാകുമോ?

ചെന്നൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലും ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് കളിക്കാനാകില്ല. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയാണിത്. വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിനിടെയാണ് സുന്ദറിന് വാരിയെല്ലിന് താഴെയായി പേശീവലിവ് അനുഭവപ്പെട്ടത്. സ്കാനിങ്ങിന് ശേഷം ഡോക്ടർമാർ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു.

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ടീമിൽ സുന്ദർ ഉൾപ്പെട്ടിട്ടുള്ളതിനാൽ, പരിക്ക് വഷളാകാതിരിക്കാൻ ബി.സി.സി.ഐ മെഡിക്കൽ ടീം അദ്ദേഹത്തിന് പൂർണ വിശ്രമം അനുവദിക്കുകയായിരുന്നു. അടുത്തയാഴ്ച മുതൽ സുന്ദർ ബംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സക്കും കായികക്ഷമത വീണ്ടെടുക്കുന്നതിനുമായി എത്തും. എന്നാൽ ഫിറ്റ്നസ് വീണ്ടെടുക്കാനായില്ലെങ്കിൽ താരത്തിന് മൂന്നാം തവണയും ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമാകും.

2017ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചശേഷം പരിക്കുകൾ കാരണം 2021ലെയും ‘22ലെയും ട്വന്റി20 ലോകകപ്പുകൾ താരത്തിന് നഷ്ടമായിരുന്നു. ഇത്തവണ ലോകകപ്പ് ടീമിൽ ഇടംപിടിച്ച സുന്ദറിന് വാണ്ടും പരിക്ക് വെല്ലുവിളിയായിരിക്കുകയാണ്. പരിക്കിനിടയിലും കിവീസിനെതിരെ ആദ്യ ഏകദിനത്തിൽ ബാറ്റിങ്ങിനിറങ്ങിയ സുന്ദർ, കെ.എൽ. രാഹുലിനൊപ്പം ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചിരുന്നു. എന്നാൽ ബൗളിങ്ങിൽ അഞ്ച് ഓവർ മാത്രമാണ് അദ്ദേഹത്തിന് എറിയാൻ സാധിച്ചത്. സുന്ദറിന് പകരം ആയുഷ് ബദോനിയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Washington Sundar to miss T20I series against New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.