വിരാട് കോഹ്‍ലി

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ കോഹ്‍ലി കളിക്കില്ല

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ആദ്യ ​രണ്ട് ടെസ്റ്റുകളിൽ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‍ലി കളിക്കില്ല. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്. കോഹ്‍ലിയുടെ അഭ്യർഥന പ്രകാരമാണ് ആദ്യത്തെ രണ്ട് ടെസ്റ്റുകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോഹ്‍ലി പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച ഹൈദരാബാദിലാണ് തുടങ്ങുന്നത്.

ഇതുസംബന്ധിച്ച് കോഹ്‍ലി ക്യാപ്റ്റൻ രോഹിത് ശർമ്മയോടും ടീം മാനേജ്മെന്റിനോടും സെലക്ടർമാരോടും സംസാരിച്ചിട്ടുണ്ട്. ടീമിന് വേണ്ടി കളിക്കുന്നതിനാണ് താൻ എപ്പോഴും മുൻഗണന നൽകുന്നത്. എന്നാൽ, വ്യക്തിപരമായ ചില കാരണങ്ങളാൽ തന്റെ സാന്നിധ്യം ഇപ്പോൾ കുടുംബത്തിന് ആവശ്യമാണെന്ന് കോഹ്‍ലി അറിയിച്ചുവെന്നാണ് വിവരം.

ബി.സി.സി.ഐ കോഹ്‍ലിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. കോഹ്‍ലിയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും ബി.സി.സി.ഐ വക്താവ് അറിയിച്ചു. മാധ്യമങ്ങളും ആരാധകരും കോഹ്‍ലിയുടെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബി.സി.സി.ഐ അഭ്യർഥിച്ചു.

അതേസമയം, ആദ്യത്തെ രണ്ട് മത്സരങ്ങളിലേക്കുള്ള കോഹ്‍ലിയുടെ പകരക്കാരനെ ബി.സി.സി.ഐ ഉടൻ പ്രഖ്യാപിക്കും. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഞായറാഴ്ച ഹൈദരാബാദിൽ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.