വിരാട് കോഹ്ലി നായകസ്ഥാനം ആവശ്യപ്പെട്ടു, നിരസിച്ച് ബി.സി.സി.ഐ; പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

കഴിഞ്ഞ കുറച്ചുദിവസമായി ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിക്കുന്ന വാർത്തയാണ് വിരാട് കോഹ്ലിയും അദ്ദേഹത്തിന്‍റെ വിരമിക്കലും. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കണമെന്ന ആവശ്യം വിരാട് ബി.സി.സി.ഐയെ അറിയിച്ചെന്നും എന്നാൽ ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അവസാന തീരുമാനം വിരാടിന്‍റേതാണെന്നും ബി.സി.സി.ഐയെ ഉദ്ദരിച്ച് റിപ്പോർട്ടുണ്ടായിരുന്നു.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിരാട് കോഹ്ലി ബി.സി.സി.ഐയോട് ക്യാപ്റ്റൻസി ആവശ്യപ്പെട്ടു, എന്നാ ബി.സി.സി.ഐ ഇത് നിരസിക്കുകയായിരുന്നു. യുവതാരത്തെ ക്യാപ്റ്റനാക്കാനാണ് ബി.സി.സി.ഐക്ക് ആഗ്രഹമെന്നും ശുഭ്മൻ ഗില്ലിനെയാണ് രോഹിത് ശർമയുടെ പിൻമുറക്കരനായി ബി.സി.സിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

“പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ ആരംഭിക്കുകയാണ്. ടീമിനെ സംബന്ധിച്ചിടത്തോളം ഭാവിയും തുടർച്ചയും മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. കോച്ച് ഗൗതം ഗംഭീർ പോലും ദീർഘകാലത്തേക്ക് കളിക്കാൻ സാധ്യതയുള്ള ഒരു കൂട്ടം കളിക്കാരെയാണ് ആഗ്രഹിക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട ഒരു പരമ്പരയ്ക്ക് സ്റ്റോപ്പ്-ഗ്യാപ് പരിഹാരങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ട് പരമ്പരകൾ ടീമിന് അനുയോജ്യമല്ലായിരുന്നു, ഇംഗ്ലണ്ട് പരമ്പര നിർണായകമാണ്, ” ബി.സി.സി.ഐയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു സോഴ്സ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര അടുത്ത മാസം 20ന് തുടങ്ങുകയാണ്. ഈ വർഷമാദ്യം ആസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലാണ് കോഹ്ലിയും രോഹിത്തും ഇന്ത്യക്കായി ഒടുവിൽ വെള്ളക്കുപ്പായമണിഞ്ഞത്. ടൂർണമെൻ്റിൽ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറി മാത്രമാണ് കോഹ്ലിക്ക് ആശ്വസിക്കാനുള്ളത്. ഇതോടെ സീനിയർ താരങ്ങൾക്കുനേരെ വൻ വിമർശനമുയർന്നു. ഇരുവരും ടീമിന് ബാധ്യതയാണെന്നും പുതിയ താരങ്ങളുടെ അവസരം മുടക്കുന്നുവെന്നും വിമർശിച്ച് മുൻ താരങ്ങളടക്കം രംഗത്തുവന്നു.

36കാരനായ കോഹ്ലി ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ പാഡണിഞ്ഞപ്പോൾ 68ഉം ക്യാപ്റ്റനായാണ്. അതിൽ വിജയം വരിച്ചത് 40 തവണ. ലോക ക്രിക്കറ്റിൽ ഗ്രെയിം സ്‌മിത്ത് (109ൽ 53), റിക്കി പോണ്ടിങ് 77ൽ 48, സ്റ്റീവ് വോ 57ൽ 41 എന്നിവർക്കുശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻ കൂടിയാണ് കോഹ്ലി. ധോണി 60 കളികളിൽ നയിച്ചപ്പോൾ 27ൽ മാത്രമായിരുന്നു ജയം. ടെസ്റ്റ് കരിയറിൽ 46.85 ശരാശരിയിൽ 9230 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം.

Tags:    
News Summary - “Virat Kohli wanted to return as captain but his request was rejected”: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.