രോഹിതും കോഹ്​ലിയും

കോഹ്​ലിയും രോഹിത്തുമില്ല; 2021ലെ ട്വന്‍റി20 ഇലവൻ തെരഞ്ഞെടുത്ത്​ പാക്​ മുൻ സ്​പിന്നർ

ഇസ്​ലാമാബാദ്​: പാകിസ്​താൻ മുൻ ക്രിക്കറ്റർ ഡാനിഷ്​ കനേരിയ തെരഞ്ഞെടുത്ത 2021ലെ ട്വന്‍റി20 ഇലവനിൽ ഇന്ത്യൻ നായകൻ രോഹിത്​ ശർമക്കും സ്റ്റാർ ബാറ്റർ വിരാട്​ കോഹ്​ലിക്കും സ്​ഥാനമില്ല. അതേസമയം മൂന്ന്​ ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടംപിടിച്ചു.

ഓൾറൗണ്ടർ രവീന്ദ്ര ജദേജ, ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ, പേസ് ബൗളർ ജസ്പ്രീത് ബുംറ എന്നിവരാണ് കനേരിയയുടെ ഇലവനിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ.

പാകിസ്​താന്‍റെ  മുഹമ്മദ് റിസ്​വാനും ബാബർ അസമുമാണ്​ ടീമിലെ ഓപണർമാർ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്​ലറാണ്​ മൂന്നാമൻ. ഇംഗ്ലണ്ടിന്‍റെ ലയാം ലിവിങ്​സ്റ്റൺ നാലാം സ്ഥാനത്തും മിച്ചൽ മാർഷ് അഞ്ചാം സ്ഥാനത്തും ബാറ്റിങ്ങിനിറങ്ങും.

2021ലെ ട്വന്‍റി20 ലോകകപ്പിൽ റിസ്​വാനും ബാബറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 29 കളികളിലായി 75.06 ശരാശരിയിൽ 1,326 റൺസാണ്​ റിസ്​വാൻ ഈ വർഷം അടിച്ചുകൂട്ടിയത്​. കൂടാതെ ഒരു കലണ്ടർ വർഷം ട്വന്‍റി20യിൽ 1000ത്തിൽ കൂടുതൽ റൺസ് നേടുന്ന ഏക കളിക്കാരനുമാണ് റിസ്​വാൻ.

അതോടൊപ്പം റിസ്​വാന്‍റെ ഓപ്പണിങ്​ പങ്കാളിയും പാക്​ നായകനുമായ ബാബർ ഈ വർഷം 29 കളികളിൽ നിന്നായി 939 റൺസ്​ സ്​കോർ ചെയ്​തു.

'മുഹമ്മദ് റിസ്​വാനും ബാബർ അസമുമാണ്​ എന്‍റെ ഓപണർമാർ. അവർ 2021ൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ട്വന്‍റി20 ലോകകപ്പിൽ അവരുടെ പ്രകടനം മികച്ചതായിരുന്നു. കൂടാതെ അടുത്തിടെ അവസാനിച്ച വെസറ്റ് ഇൻഡീസിനെതിരായ പരമ്പരയിലും അവർ തിളങ്ങി'-കനേരിയ അഭിപ്രായപ്പെട്ടു.

'മൂന്നാം സ്​ഥാനത്ത്​ രോഹിത്, കോഹ്​ലി, കെ.എൽ. രാഹുൽ എന്നിവരിൽ ഒരാളെ തെരഞ്ഞെടുക്കണമെന്ന്​ ആളുകൾ ഒറ്റയടിക്ക് പറയും. എന്നാൽ ഞാൻ ബട്​ലറിനെ തെരഞ്ഞെടുക്കും. അവൻ നന്നായി കളിച്ചു, കൂടാതെ ലോകകപ്പിൽ സെഞ്ച്വറി നേടുകയും ചെയ്തു. അത് കൊണ്ട് അവൻ ആ സ്ഥാനം അർഹിക്കുന്നുണ്ട്'-കനേരിയ കൂട്ടിച്ചേർത്തു. ഇന്ത്യൻ വിക്കറ്റ്​ കീപ്പർ ബാറ്റർ ഋഷഭ്​ പന്ത്​ 12ാമനായി ഇലവനിലുണ്ട്​.

ട്വന്‍റി20 ഇലവൻ: 

ബാബർ അസം, മുഹമ്മദ്​ റിസ്​വാൻ, ജോസ്​ ബട്​ലർ, ലിയാം ലിവിങ്​സ്റ്റൺ, മിച്ചൽ മാർഷ്, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ശഹീൻ അഫ്രീദി, ട്രെന്‍റ്​ ബൗൾട്ട്​, ആദം സാംപ, ജസ്​പ്രീത്​ ബുംറ.  

Tags:    
News Summary - Virat Kohli, Rohit Sharma out from Danish Kanerias T20I Team Of 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.