'ഹൃദയത്തിൽ ഏറെ നിരാശയുണ്ട്'; ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയതിൽ വിരാട് കോഹ്ലി

ട്വന്‍റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് പത്തു വിക്കറ്റിന്‍റെ ദയനീയ തോൽവി വഴങ്ങിയാണ് ഇന്ത്യ ഫൈനൽ കാണാതെ പുറത്തായത്. ഇന്ത്യ-പാക് സ്വപ്ന ഫൈനലിന് കാത്തിരുന്ന ആരാധകരെ ഏറെ നിരാശരാക്കിയാണ് ഇന്ത്യൻ ടീം ആസ്ട്രേലിയയിൽനിന്ന് മടങ്ങുന്നത്.

ഫൈനലിൽ ഞായറാഴ്ച ഇംഗ്ലണ്ട് പാകിസ്താനെ നേരിടും. ഇന്ത്യൻ ടീമിന്‍റെ മോശം പ്രകടനത്തിലും ടീം തെരഞ്ഞെടുപ്പിലും വ്യാപക വിമർശനം ഉയരുന്നുണ്ട്. ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് മുൻ നായകൻ വിരാട് കോഹ്ലി തോൽവി വഴങ്ങിയതിലെ നിരാശ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്.

'ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ ടീം ആസ്ട്രേലിയൻ തീരം വിടുകയാണ്, ഞങ്ങളുടെ ഹൃദയങ്ങളിൽ ഏറെ നിരാശയുണ്ട്. പക്ഷേ ഒരു ടീമെന്ന നിലയിൽ അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങൾ ഓർത്തെടുക്കാനുണ്ട്. ഇവിടെ നിന്ന് കൂടുതൽ മെച്ചപ്പെടുകയാണ് ലക്ഷ്യം. സ്‌റ്റേഡിയങ്ങളിൽ ഞങ്ങളെ പിന്തുണക്കാനെത്തിയ വലിയ ആരാധകക്കൂട്ടത്തിന് നന്ദി. ഈ ജഴ്‌സി അണിഞ്ഞ് രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനം തോന്നുന്നു' -കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ടൂർണമെന്‍റിൽ താരം മികച്ച പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 40 പന്തിൽ 50 റൺസെടുത്തു. നാലു അർധസെഞ്ച്വറികളാണ് താരം ടൂർണമെന്‍റിൽ നേടിയത്. ആറു മത്സരങ്ങളിൽനിന്നായി 296 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ലോകകപ്പിലെ മികച്ച താരത്തിന് നൽകുന്ന പ്ലെയർ ഓഫ് ദ ടൂർണമെന്‍റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ സൂര്യകുമാർ യാദവിനൊപ്പം കോഹ്ലിയും ഇടംനേടിയിട്ടുണ്ട്. എട്ടു താരങ്ങളാണ് അവസാന റൗണ്ടിലുള്ളത്.

Tags:    
News Summary - Virat Kohli reacts after humiliating loss to England in World Cup semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.