വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയും 

‘എന്‍റെ ജോലി എളുപ്പമാക്കിയതിനു നന്ദി...’; പൂജാരക്ക് ഹൃദയസ്പർശിയായ കുറിപ്പിൽ ആശംസകൾ നേർന്ന് കോഹ്ലി

മുംബൈ: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച ചേതേശ്വർ പൂജാരക്ക് ആശംസകൾ നേർന്ന് ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിലാണ് കോഹ്ലി ഹൃദയസ്പർശിയായ കുറിപ്പ് പോസ്റ്റ് ചെയ്തത്.

നാലാം നമ്പറിൽ തന്‍റെ ജോലി എളുപ്പമാക്കിയതിനു പൂജാരക്ക് നന്ദിയെന്ന് കോഹ്ലി കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡിനുശേഷം ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെട്ടിരുന്ന പൂജാര കഴിഞ്ഞദിവസമാണ് സമൂഹമാധ്യമമായ എക്സിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തുടർച്ചയായ പരിക്കും ഫോമില്ലായ്മയും യുവതാരങ്ങളുടെ ആധിക്യവും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള അവസരങ്ങൾ കുറഞ്ഞതുമാണ് 37 വയസ്സുകാരനായ പൂജാരയെ വിരമിക്കലിന് പ്രേരിപ്പിച്ചത്. ടെസ്റ്റ് കരിയറിൽ ഇന്ത്യക്കായി മൂന്നാം നമ്പറിലാണ് താരം പതിവായി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നത്.

‘നാലാം നമ്പറിൽ എന്‍റെ ജോലി എളുപ്പമാക്കിയതിനു നന്ദി പൂജാര. നിങ്ങളുടെ കരിയർ അതിശയകരമാണ്. അഭിനന്ദനങ്ങൾ, എല്ലാവിധ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ’ -കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

ഇന്ത്യക്കായി 103 ടെസ്റ്റുകൾ കളിച്ച പൂജാര, 176 ഇന്നിങ്സുകളിൽനിന്നായി 7,195 റൺസെടുത്തു. 19 സെഞ്ച്വറികളും 35 അർധ സെഞ്ച്വറികളും നേടി. അഞ്ച് ഏകദിനങ്ങളും 30 ഐ.പി.എൽ മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 278 മത്സരങ്ങളിൽനിന്നായി 21,301 റൺസും നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ 66 സെഞ്ച്വറിയും പൂജാര അടിച്ചെടുത്തിട്ടുണ്ട്. 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്ട്രേലിയക്കെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം. രഞ്ജി ട്രോഫി 2025 സീസണിലും സൗരാഷ്ട്രക്കുവേണ്ടി കളിച്ചു. 2010 ല്‍ ആസ്ട്രേലിയക്കെതിരെ ബംഗളൂരുവിലായിരുന്നു പൂജാരയുടെ രാജ്യാന്തര അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ നാലു റൺസായിരുന്നു സമ്പാദ്യമെങ്കിലും രണ്ടാം ഇന്നിങ്സിൽ 89 ബോളിൽ 72 റൺസടിച്ചാണ് തന്റെ വരവറിയിച്ചത്.

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ യോർക്‌ഷെയർ, ഡെർബി ഷെയർ, സസെക്സ് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമുകളുടെ ഭാഗമായിരുന്നു. ടെസ്റ്റിലെ അതിവേഗ ബോളിങ്ങിൽ അടിപതറാതെ ക്രീസിൽ ഉറച്ചുനിന്ന് സ്വതസിദ്ധമായ രീതിയിൽ ബാറ്റുവീശിയ താരമായിരുന്നു പൂജാര.

ബോളുകളെ കൃത്യമായി ജഡ്ജ്ചെയ്ത് ഒഴിവാക്കുന്ന രീതി എടുത്തു പറയേണ്ടതാണ്. ഒരു ബൗളറെ സംബന്ധിച്ച് ബാറ്റെടുക്കാതെ തന്നെ ബാൾ ലീവ് ചെയ്യുന്ന പൂജാര സ്റ്റൈൽ കളിയിൽ കാണേണ്ടതു തന്നെയാണ്. എത്ര പ്രകോപിപ്പിച്ചാലും ശാന്തതയും നിർവികാരതയും നിറഞ്ഞ നോട്ടത്തോടെ പന്തുകൾ നേരിടുന്ന ആ പൂജാര എന്ന വിശ്വസ്ത ബാറ്ററുടെ യുഗത്തിനാണ് അവസാനമായത്.

Tags:    
News Summary - Virat Kohli Pens Wholehearted Tribute For Cheteshwar Pujara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.