കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ലോക ക്രിക്കറ്ററായി ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിൽ ഒരാളായ കോഹ്ലിക്ക് ആമുഖത്തിന്‍റെ ആവശ്യമില്ല.
ബാറ്റിങ് പാടവവും ആകർഷകമായ വ്യക്തിത്വവും ഈ ഇന്ത്യൻ ബാറ്ററെ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ കായികതാരങ്ങളിൽ ഒരാളാക്കി മാറ്റി. ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തി കോഹ്ലി ആരാധകരുടെ മനംകവർന്നിരുന്നു. ഒരു ലോകകപ്പിൽ 700 റൺസിലധികം നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയ കോഹ്ലി, ഏകദിനത്തിൽ സചിന്‍റെ സെഞ്ച്വറി റെക്കോഡും മറികടന്നു.
ഒന്നര പതിറ്റാണ്ടായി ക്രിക്കറ്റ് ലോകത്ത് തിളങ്ങിനിൽക്കുകയാണ് മുൻ ഇന്ത്യൻ നായകൻ. ഇതിനിടെ ഒട്ടനവധി ബാറ്റിങ് റെക്കോഡുകളും സ്വന്തം പേരിലാക്കി. 2008ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്‍റെ പിൻഗാമിയായാണ് താരത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ്.
34 മത്സരങ്ങളിൽനിന്നായി എട്ടു സെഞ്ച്വറികളും ഒമ്പത് അർധ സെഞ്ച്വറികളും ഉൾപ്പെടെ 1934 റൺസാണ് താരത്തിന്‍റെ പേരിലുള്ളത്. 66.68 ആണ് ശരാശരി. സചിനും മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമയുമെല്ലാം ഗൂഗ്ളിൽ കൂടുതൽ തിരഞ്ഞ ക്രിക്കറ്റർ താരങ്ങളാണെങ്കിലും കോഹ്ലി ബഹുദൂരം മുന്നിലാണ്. ലോകത്ത് ഏറ്റവും അധികം ആളുകൾ തിരഞ്ഞ കായിക താരം പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഏറ്റവും അധികം ആളുകൾ തിരഞ്ഞ കായിക വിനോദം ഫുട്ബാളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.