മിച്ചൽ സ്റ്റാർക്

അവസാന 12ൽ 11 യോർക്കർ, കളി പിടിച്ച ഇൻസ്വിങ്ങറുകൾ; ഈ ജയത്തിന്റെ ക്രെഡിറ്റ് മിച്ചൽ സ്റ്റാർക്കിന് മാത്രം

പതിനെട്ടാം ഓവറിന്റെ മധ്യത്തിലാണ് ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ, അവസാന ഓവറിൽ ശേഷിക്കുന്ന റൺസ് പ്രതിരോധിക്കാൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ നിയോഗിക്കാൻ തീരുമാനിച്ചത്. സ്റ്റാർക്കിനേക്കൊണ്ട് അദ്ദേഹത്തിന്റെ അവസാന രണ്ട് ഓവറുകളിൽ പരമാവധി യോർക്കറുകൾ എറിയിക്കുക എന്നതായിരുന്നു അക്സറിന്റെ തന്ത്രം. അർധ സെഞ്ച്വറിയുമായി രാജസ്ഥാനെ ജയത്തിനരികെ എത്തിച്ച നിതീഷ് റാണ 18-ാം ഓവറിലാണ് പുറത്താകുന്നത്. 28 പന്തിൽ 51 റൺസടിച്ച റാണയെ മനോഹരമായ ഇൻസ്വിങ്ങറിലൂടെ സ്റ്റാർക് വിക്കറ്റിനു മുന്നിൽ കുരുക്കി.

റാണ പുറത്താകുമ്പോൾ 14 പന്തുകളിൽ 28 റൺസ് കൂടി നേടിയാൽ ജയിക്കാമെന്ന സാഹചര്യത്തിലായിരുന്നു രാജസ്ഥാൻ റോയൽസ്. അതേ ഓവറിൽ അഞ്ച് റൺസ് കൂടി പിറന്നു. അവസാന രണ്ടോവറിൽ രാജസ്ഥാന് ജയിക്കാൻ 23 റൺസ്. പിച്ചിന്റെ സ്വഭാവം ഇതിനകം റിവേഴ്സ് സ്വിങ്ങിന് അനുകൂലമായി മാറിത്തുടങ്ങിയിരുന്നു. അവസാന ഓവർ എറിയാൻ സ്റ്റാർക്കിനേക്കാൾ മികച്ച ഓപ്ഷനില്ലെന്ന് അക്സർ പട്ടേൽ ഉറപ്പിച്ചു. മോഹിത് ശർമയെറിഞ്ഞ 19-ാം ഓവറിൽ പിറന്നത് 14 റൺസ്. അവസാന ആറ് പന്തുകളിൽ റോയൽസിന്റെ വിജയലക്ഷ്യം ഒമ്പത് റൺസായി ചുരുങ്ങി.

ആ സമയത്ത് തനിക്ക് ഒരു ഓപ്ഷൻ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂവെന്നും അത് മിച്ചൽ സ്റ്റാർക് ആയിരുന്നുവെന്നും മത്സരശേഷം ഡി.സി ക്യാപ്റ്റൻ പറഞ്ഞു. “12ൽ 12 യോർക്കറുകൾ എറിയാൻ - അവിടെ അദ്ദേഹത്തിന് ഒന്ന് നഷ്ടമായി എന്ന് ഞാൻ കരുതുന്നു - പക്ഷേ, 11 യോർക്കറുകൾ എറിഞ്ഞ സ്റ്റാർക്ക് ഒരു സ്റ്റാർ പേസർ തന്നെയാണ്. ഒരു പ്രശംസയും മതിയാകില്ല. അത്രയും സമ്മർദമുള്ള സാഹചര്യത്തിൽ, ഫീൽഡിങ് പൊസിഷനുകൾ മാറ്റിയിട്ടും, അദ്ദേഹത്തിന്റെ മനസ്സിൽ വ്യക്തമായ പ്ലാനുണ്ടായിരുന്നു” -അക്സർ പറഞ്ഞു.

എതിരാളികളെ പോലും കൈയടിപ്പിക്കുന്ന ഏറ്റവും മികച്ച യോർക്കറുകൾ ഉൾപ്പെടുന്ന ഡെത്ത് ബൗളിങ്ങിൽ സ്റ്റാർക്കിന്റെ മാസ്റ്റർക്ലാസാണ് പിന്നീട് കണ്ടത്. രസകരമായ കാര്യം, അക്സർ സ്റ്റാർക്കിന് നൽകിയ ഉപദേശം പരസ്യമായ രഹസ്യം പോലെയായിരുന്നു. ആർ.ആർ ഡഗൗട്ടിലെ എല്ലാ ബാറ്റ്‌സ്മാൻമാർക്കും വരാനിരിക്കുന്നത് യോർക്കറുകളാണെന്ന് അറിയാമായിരുന്നു; തീപാറുന്ന പന്തുകൾ നേരിട്ട ഷിംറോൺ ഹെറ്റ്മെയറിന് പോലും എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന ധാരണയുണ്ടായിരുന്നു.

ഈർപ്പമുള്ള, ഓൾഡ് ബാൾ, കനത്ത മഞ്ഞ്, ജയിക്കാൻ ഒമ്പത് റൺസ് മാത്രം - ബ്ലോക്ക്ഹോളിൽ വീണ ആദ്യ പന്തുകളിൽ രാജസ്ഥാൻ ബാറ്റർമാർക്ക് ഒരോ സിംഗ്ൾ വീതം മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. അടുത്ത രണ്ട് പന്തുകളിൽ ഹെറ്റ്മെയർ ഡബിളുകൾ നേടിയതോടെ രണ്ട് പന്തിൽ ജയിക്കാൻ മൂന്ന് റൺസ് എന്ന നിലയിലായി. ഇതോടെ അക്സറും സ്റ്റാർക്കും ചേർന്ന് ചില ഫീൽഡിങ് മാറ്റങ്ങൾ വരുത്തി. അടുത്ത പന്തിൽ സിംഗ്ൾ മാത്രം. അവസാന പന്തിലും ഒറ്റ റൺ മാത്രം സ്റ്റാർക് വിട്ടുനൽകിയതോടെ മത്സരം സമനിലയിലായി. ഇല്ലാത്ത റണ്ണിനോടി ധ്രുവ് ജുറേൽ റണ്ണൗട്ടാകുകയും ചെയ്തു.

സ്റ്റാർക്കിന് ഇത് മറ്റൊരു മത്സരം മാത്രമായിരിക്കാം. എന്നാൽ അവസാന രണ്ട് ഓവറുകളിലെ 12 പന്തുകളിൽ 11 യോർക്കറുകൾ 145 കിലോമീറ്റർ വേഗതയിൽ റിവേഴ്‌സ് സ്വിങ് ഉപയോഗിച്ച് എറിയാൻ കഴിയുമെങ്കിൽ, ഈ മത്സരത്തിന്റെ ക്രെഡിറ്റ് സ്റ്റാർക്കിന് മാത്രമേ നൽകാനാകൂ. 2025 ഐ‌.പി.‌എല്ലിൽ ഡി.‌സിയുടെ ഒരു പ്രധാന ഹൈലൈറ്റായി ഈ പ്രകടനം മാറും. 18-ാം ഓവറിൽ നിലയുറപ്പിച്ചുനിന്ന റാണയെ പുറത്താക്കുക, 20-ാം ഓവറിൽ ഒമ്പത് റൺസ് പ്രതിരോധിക്കുക, സൂപ്പർ ഓവറിൽ 11 റൺസ് മാത്രം വിട്ടുനൽകി രണ്ടുപേരെ പുറത്താക്കുക... ഈ മത്സരത്തിലെ സ്റ്റാർ മിച്ചൽ സ്റ്റാർക് തന്നെ. വിന്റേജ് സ്റ്റാർക്കിനെ അനുസ്മരിപ്പിക്കുന്ന മനോഹരമായ മറ്റൊരു പ്രകടനം.

Tags:    
News Summary - Vintage Starc turns back the clock in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.