വിനോദ് കാംബ്ലിക്ക് ജോലി വാഗ്ദാനവുമായി മുംബൈയിലെ വ്യവസായി; ശമ്പളം ഒരു ലക്ഷം

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് ജോലി വാഗ്ദാനവുമായി മുംബൈയിലെ വ്യവസായി. സന്ദീപ് തോറാട്ട് എന്നയാളാണ് ഇദ്ദേഹത്തിന് കീഴിൽ മുംബൈയിലുള്ള സഹ്യാദ്രി വ്യവസായ ഗ്രൂപ്പില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.

ഇപ്പോൾ ബി.സി.സി.ഐയുടെ 30,000 രൂപ പെൻഷൻ മാത്രമാണ് തന്റെ ഏക വരുമാന മാർഗമെന്നും അതിൽ താൻ നന്ദിയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് കുടുംബം കഴിയുന്നത്. അവരെ നോക്കാൻ ജോലി ആവശ്യമാണെന്നും തനിക്കായി പ്രാർഥിക്കണമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 50കാരൻ അഭ്യർഥിച്ചിരുന്നു.

അടുത്ത കൂട്ടുകാരനായ സച്ചിന്‍ തെണ്ടുൽകര്‍ക്ക് തന്‍റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് അറിയാമെങ്കിലും അദ്ദേഹത്തില്‍നിന്ന് സഹായമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കാംബ്ലി പറഞ്ഞിരുന്നു. ''മുംബൈ തങ്ങളുടെ മുഖ്യ പരിശീലകനായി അമോൽ മജൂംദാറിനെ നിലനിർത്തിയതായി എനിക്കറിയാം, എന്നാൽ എന്നെ കൂടി ആവശ്യമെങ്കിൽ ഞാൻ അവിടെയുണ്ടാകും. അവർക്ക് എന്നെ വേണമെങ്കിൽ അത് വാങ്കഡെ സ്റ്റേഡിയത്തിലായാലും ബി.കെ.സിയിലായാലും ഞാൻ അവിടെയുണ്ടാകുമെന്ന് പലതവണ അവരോട് പറഞ്ഞിട്ടുണ്ട്. മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് സമ്മാനിച്ചിട്ടുണ്ട്'' എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രതികരണം.

വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് മുംബൈയിലെ പ്രമുഖ വ്യവസായിയായ സന്ദീപ് തൊറാട്ട് കാംബ്ലിയെ സഹായിക്കാൻ രംഗത്തുവന്നത്. രാജ്യത്തിനായി കളിച്ച മഹാനായൊരു താരത്തിന് ഇത്തരമൊരു അവസ്ഥ വന്നത് തന്നെ ഏറെ ചിന്തിപ്പിച്ചെന്നും ജോലി വാഗ്ദാനവുമായി കാംബ്ലിയെ ഉടന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. സഹ്യാദ്രി മള്‍ട്ടി സ്റ്റേറ്റിന്‍റെ ഫൈനാന്‍സ് ബ്രാഞ്ച് മുംബൈയില്‍ തുടങ്ങാനിരിക്കുകയാണെന്നും ഈ ബ്രാഞ്ചില്‍ മാനേജര്‍ പോസ്റ്റില്‍ കാംബ്ലിയെ നിയമിക്കാന്‍ തയാറാണന്നും സന്ദീപ് വ്യക്തമാക്കി. എന്നാല്‍, ക്രിക്കറ്റുമായി ബന്ധപ്പെട്ട് എന്ത് ജോലിയും ചെയ്യാൻ തയാറാണെന്ന് പറഞ്ഞ കാംബ്ലി സന്ദീപിന്‍റെ ജോലി വാഗ്ദാനത്തോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യക്കായി 17 ടെസ്റ്റിലും 104 ഏകദിനങ്ങളിലും വിനോദ് കാംബ്ലി കളത്തിലിറങ്ങിയിട്ടുണ്ട്.

Tags:    
News Summary - Vinod Kambli is offered a job by a businessman in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.