ആദ്യ ഇന്നിങ്സിൽ നേടിയ 37 റൺസിന്‍റെ നേരിയ ലീഡിന്‍റെ ആധിപത്യം വിദർഭ ഊട്ടിയുറപ്പിക്കുന്നു. നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യുന്ന വിദർഭക്ക് നിലവിൽ 90 റൺസുണ്ട്. രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട വിദർഭ 127 റൺസിന്‍റെ ലീഡുണ്ട്. തുടക്കം തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട വിദർഭയെ ആദ്യ ഇന്നിഹ്സിൽ സെഞ്ച്വറി തികച്ച ഡാനിഷ് മാലേവറും അർധസെഞ്ച്വറി തികച്ച കരുൺ നായരും കരകയറ്റുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്.
101 പന്തുകൾ നേരിട്ട് മൂന്ന് ഫോറടിച്ച് 38 റൺസുമായി മാലേവറും 94 പന്തിൽ നിന്നും അഞ്ച് ഫോറിന്‍റെ അകമ്പടിയോടെ 42 റൺസ് സ്വന്തമാക്കിയ കരുൺ നായരും കേരള ബൗളർമാർക്ക് തലവേദന സൃഷ്ടിക്കുകയാണ്. മൂന്നാം വിക്കറ്റിൽ ഇതുവരെ ഇരുവരും 83 റൺസ് ചേർത്തു. വിദർഭയുടെ രണ്ടാം ഇന്നിങ്സിലെ ആദ്യ മൂന്ന് ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ഒരു റൺസെടുത്ത പാർത്ഥ് രഖാദെയെ (1) ബൗൾഡാക്കി ജലജ് സക്സേനയാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നാലെ മറ്റൊരു ഓപ്പണറായ ദ്രുവ് ഷോറെയെ (5) വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ കയ്യിലെത്തിച്ച് എം.ഡി. നിധീഷ് വിക്കറ്റെണ്ണം രണ്ടാക്കി. ശേഷം ക്രീസിലെത്തിയ കരുണും മാലേവറും മത്സരം വീണ്ടും വിർഭക്ക് അനുകൂലമാക്കി.
ഒരു ദിവസവും രണ്ട് സെഷനും ബാക്കിയിരിക്കെ കേരളത്തിന് എത്രയും വേഗം വിദർഭയെ പുറത്താക്കിയാൽ മാത്രമെ സാധ്യതകൽ നിലനിൽക്കുന്നുള്ളൂ. നാലാം ഇന്നിങ്സിൽ ഈ പിച്ചിൽ ബാറ്റിങ് അതി കഠിനമായിരിക്കുമെന്നാണ് നിരീക്ഷണം. മത്സരം സമനിലയിൽ പിരിഞ്ഞാൽ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ വിദർഭ കിരീടമുയർത്തും.
ഒന്നാം ഇന്നിങ്സിൽ വിദർഭ ഉയർത്തിയ 379 റൺസ് പിന്തുടർന്ന കേരളം 342 റൺസിൽ പുറത്തായിരുന്നു. കേരളത്തിനായി നായകൻ സച്ചിൻ ബേബി 98 റൺസും ആതിഥ്യ സർവാതെ 79 റൺസും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.