വൈഭവിന്‍റെ വെടിക്കെട്ട്, അർധ സെഞ്ച്വറിയുമായി വേദാന്തും അഭിഗ്യാനും; ഓസീസിനെ തകർത്ത് ഇന്ത്യൻ യുവനിര

ബ്രിസ്ബെയ്ൻ: അണ്ടർ -19 ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയയെ തകർത്ത് ഇന്ത്യൻ യുവനിര. ബ്രിസ്ബെയ്നിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 30.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.

ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് തുടക്കവും വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു എന്നിവരുടെ അപരാജിത അർധ സെഞ്ച്വറി പ്രകടനവുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഹെയ്ഡൻ‌ ഷില്ലറിന്‍റെ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയാണ് വൈഭവ് ഇന്നിങ്സിനു തുടക്കമിട്ടത്. 22 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 38 റൺസെടുത്താണ് താരം പുറത്തായത്. അഭിഗ്യാൻ 74 പന്തിൽ 87 റൺസെടുത്തു. അഞ്ചു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. വേദാന്ത് 69 പന്തിൽ എട്ടു ഫോറടക്കം 61 റൺസെടുത്തു. ആയുഷ് മാത്രെ (10 പന്തിൽ ആറ്), വിഹാൻ മൽഹോത്ര (10 പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

വൈഭവിന്‍റെ വെടിക്കെട്ട് തുടക്കത്തിൽ അഞ്ച് ഓവറിൽ ഇന്ത്യൻ സ്കോർ അമ്പതിലെത്തി. പിന്നാലെ വൈഭവും ആയുഷും മടങ്ങി. വിഹാനും പിടിച്ചുനിൽക്കാനായില്ല. നാലാം വിക്കറ്റിൽ വേദാന്തും അഭിഗ്യാനും ചേർന്ന് 152 റൺസാണ് അടിച്ചുകൂട്ടിയത്. ജോൺ ജെയിംസിന്‍റെ അർധ സെഞ്ച്വറിയാണ് ആതിഥേയരെ 200 കടത്തിയത്. 68 പന്തിൽ 77 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ടോം ഹോഗനും (81 പന്തിൽ 41) ഓപ്പണർ സ്റ്റീവൻ ഹോഗനും (82 പന്തിൽ 39) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഇന്ത്യക്കായി ഹെനിൽ പട്ടേൽ 10 ഓവറിൽ 38 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കിഷൻ കുമാർ, കനിഷ്ക് ചൗഹാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - Vaibhav Suryavanshi Punishes Australian Bowlers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.