രക്ഷകരായി സചിനും സഹാറനും; ഇന്ത്യ അണ്ടർ -19 ലോകകപ്പ് ഫൈനലിൽ; ദക്ഷിണാഫ്രിക്കയെ തോൽപിച്ചത് രണ്ടു വിക്കറ്റിന്

ജൊഹാനസ്ബർഗ്: ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. ദക്ഷിണാഫ്രിക്കയെ സെമിയിൽ രണ്ടു വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യ തുടർച്ചയായ അഞ്ചാം തവണയും കലാശപ്പോരിന് യോഗ്യത നേടിയത്. 2022 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.

നായകൻ ഉദയ് സഹാറന്‍റെയും സചിൻ ദാസിന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിന്‍റെ നട്ടെല്ലായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 48.5 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 248 റൺസെടുത്തു. നാലിന് 32 റൺസെന്ന നിലയിൽ തകർന്ന് മത്സരം കൈവിട്ടെന്ന് തോന്നിയെങ്കിലും, അഞ്ചാം വിക്കറ്റിൽ സചിനും സഹാറനും ചേർന്ന് നേടിയ 171 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ ജയത്തിലെത്തിച്ചു. 95 പന്തിൽ 96 റൺസെടുത്താണ് സചിൻ പുറത്തായത്. ഒരു സിക്സും 11 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.

സഹാറൻ 124 പന്തിൽ 81 റൺസെടുത്തു. ആദ്യ പന്തിൽ തന്നെ ഓപ്പണർ ആദർശ് സിങ്ങിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ക്വേന മഫകയുടെ പന്തിൽ വിക്കറ്റ് കീപ്പർ പ്രിട്ടോറിയസിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. നാലാമത്തെ ഓവറിൽ സൂപ്പർബാറ്റർ മുഷീർ ഖാനും മടങ്ങി. ഇന്ത്യ 3.2 ഓവറിൽ രണ്ട് വിക്കറ്റിന് എട്ട് റൺസ്. അധികം വൈകാതെ അർഷിൻ കുൽക്കർണിയും (30 പന്തിൽ 12) പ്രിയാൻഷു മോലിയയും (10 പന്തിൽ അഞ്ച്) മടങ്ങി. ഇന്ത്യ വലിയ തകർച്ചയിലേക്ക്. ഇവിടുന്നാണ് സചിനും സഹാറനും ഒന്നിക്കുന്നത്. സചിൻ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 200 കടന്നിരുന്നു.

സൂപ്പർ സിക്സിൽ നേപ്പാളിനെതിരായ മത്സരത്തിൽ സഹാറനും സചിനും സെഞ്ച്വറി നേടിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ അരവെല്ലി അവാനിഷ് 18 പന്തിൽ 10 റൺസുമായി മടങ്ങി. മുരുഗൻ അഭിഷേകാണ് (പൂജ്യം) പുറത്തായ മറ്റൊരു താരം. 13 റൺസുമായി രാജ് ലിംബാനിയും റണ്ണൊന്നും എടുക്കാതെ നമൻ തിവാരിയും ഏഴു പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. ആതിഥേയർക്കായി ട്രിസ്റ്റൻ ലൂസും ക്വേന മഫകയും മൂന്നു വിക്കറ്റ് വീതം നേടി.

ഓപ്പണർ ലുവൻ-ഡ്രെ പ്രിട്ടോറിയസാണ് പ്രോട്ടീസിന്‍റെ ടോപ് സ്കോറർ. 102 പന്തിൽ 76 റൺസെടുത്താണ് താരം പുറത്തായത്. റിച്ചാർഡ് സെലറ്റ്‌സ്‌വാനെ 100 പന്തിൽ 64 റൺസെടുത്തു. സ്റ്റീവ് സ്റ്റോക് (17 പന്തിൽ 14), ഡേവിഡ് ടീഗർ (പൂജ്യം), ഒലീവർ വൈറ്റ്ഹെഡ് (34 പന്തിൽ 22), ഡെവാൻ മറൈസ് (ഏഴു പന്തിൽ മൂന്ന്), നായകൻ യുവാൻ ജെയിംസ് (19 പന്തിൽ 24) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഏഴു റൺസുമായി റിലേ നോർട്ടണും 23 റൺസുമായി ട്രിസ്റ്റാൻ ലൂസും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി രാജ് ലിംബാനി മൂന്നു വിക്കറ്റും മുഷീർ ഖാൻ രണ്ടു വിക്കറ്റും വീഴ്ത്തി. നമൻ തിവാരി, സൗമ്യ പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 

Tags:    
News Summary - Under-19 World Cup: India Beat South Africa By 2 Wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT